ജോസഫ് മുരിക്കൻ എന്ന ഇതിഹാസം

Share News

ഒരിക്കൽ വേമ്പനാട് കായലിനൊരു യജമാനൻ ഉണ്ടായിരുന്നു. നിശ്ചയദാർഢ്യവും , കൈക്കരുത്തും ഉള്ള ആണൊരുത്തൻ.

പേര് മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ജോസഫ് മുരിക്കൻ അഥവാ മുരിക്കുംമൂട്ടിൽ ഔതച്ചൻ.

ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു.

അരിയാഹാരം കഴിച്ചു ശീലിച്ച തിരുവതാംകൂർ

1940-കളിൽ അരിക്ഷാമം നേരിട്ടകാലത്ത്, പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ ഭൂമിയുണ്ടാക്കി നെൽകൃഷി ഇറക്കി

മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭു ആയിരുന്നു ജോസഫ് മുരിക്കൻ.

കായലിന്റെ സ്വഭാവം, കായലുമായുള്ള സമ്പർക്കത്തിൽ നിന്ന് കിട്ടിയതാവും. എന്നും ശാന്തമായ മുഖവുമായി മാത്രമേ കുട്ടനാടും, വേമ്പനാട് കായലും ജോസഫ് മുരിക്കനെ കണ്ടിട്ടുള്ളു. തന്റെ “എലിയാസ്” എന്ന ബോട്ടിൽ വേമ്പനാട് കായലിലൂടെ സഞ്ചരിച്ചു. ബോട്ടിലിട്ടിരുന്ന തുണികൊണ്ടുള്ള ചാരുകസേരയായിരുന്നു ആർഭാടം. വേറെയും ബോട്ടുണ്ടായിരുന്നെങ്കിലും “ഏലിയാസ്” എന്ന ബോട്ടിനോടായിരുന്നു ആത്മബന്ധം. വെള്ള ചീട്ടി തുണിയുടെ ഒറ്റമുണ്ടും, ഷർട്ടും ധരിച്ചു മുരിക്കുംമൂട്ടിൽ ഔതച്ചൻ കാലൻകുട കുത്തി ജീവിതത്തിലൂടെ നടന്നു. ഒരിക്കലും മുതലാളി എന്ന് വിളിക്കപ്പെടാൻ ഇഷ്ട്ടപ്പെടാത്ത വ്യക്തിത്വം. അതുകൊണ്ട് കുട്ടനാട് അദ്ദേഹത്തിനെ സ്നേഹപൂർവ്വം ” അച്ചായൻ” എന്ന് വിളിച്ചു.

യുദ്ധകാലത്ത് അരി ക്ഷാമം. ബർമയിൽ നിന്നെത്തിയ അരിയും വരാതായി. ബജറ, ഗോതമ്പ്, ഉണക്ക കപ്പ തുടങ്ങിയവ കൊണ്ട് വിശപ്പകറ്റാൻ നാട് ശ്രമിച്ചകാലം. പട്ടിണിയുടെയും, വറുതിയുടെയും കാലം.

അന്ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് വേമ്പനാട് കായലിൽ, കായൽ കുത്തിയെടുത്തു കൃഷി ഇറക്കാൻ ആഹ്വാനം ചെയ്തു. ആ കാലത്തു ജോസഫ് മുരിക്കൻ മഹാരാജാവിനൊരു ഉറപ്പു കൊടുത്തു. വേമ്പനാട് കായലിൽ നിന്ന് മദ്ധ്യതിരുവതാംകൂറിനാവശ്യമുള്ള നെല്ലുൽപാദിക്കാം ! കായൽ നിലങ്ങളിൽ ഒരു നെല്ലറ !

മഹാരാജാവും, റീജന്റ് റാണിയും കട്ടക്ക് കൂട്ടത്തിൽ നിന്നു. കായലിൽ നിന്ന് കുത്തിയെടുക്കുന്ന ഭൂമിക്ക് അഞ്ചു വർഷത്തേക്ക് കരം ഒഴിവാക്കികൊടുക്കാം എന്ന് വാഗ്ദാനം ചെയ്തു.

മുരിക്കുംമൂട്ടിൽ ഔതച്ചൻ പ്രവർത്തനനിരതനായി. ആളും, അർത്ഥവും ആയി വേമ്പനാട് കായലിലേക്കിറങ്ങി.

തുടങ്ങിയത് അഞ്ഞൂറോളം തൊഴിലാളികളുമായി.

പിന്നീട് ദൂരെ ദേശത്തു നിന്നുവരെ തൊഴിൽ തേടി ആളുകൾ എത്തി. ആഴ്ചകൾ ചെന്നപ്പോൾ തൊഴിലാളികളുടെ എണ്ണം മൂവായിരം കടന്നു. തെങ്ങു കീറി കായലിന്റെ അടിത്തട്ടിലേക്ക് കുത്തിയിറക്കി. മുളകീറി, തെങ്ങുകൾ തമ്മിൽ ബന്ധിപ്പിച്ചു. വേമ്പനാട് കായലിൽ വേലിക്കെട്ടുകൾ തീർത്തു. ഇരുപതടി ഉള്ളിലേക്ക് വീണ്ടും ഇതുപോലെ വേലികെട്ടി. ഈ രണ്ടു വേലിക്കെട്ടിനിടെക്ക് ചെളി നിറച്ചുകൊണ്ട് അത് ഒരു വലിയ ചിറയായി രൂപാന്തരപ്പെടുത്തി. ഒരു വലിയ പ്രദേശം ചിറ കെട്ടി അടച്ചു. തുടർന്നു ചിറക്കുള്ളിലെ വെള്ളം വറ്റിച്ചുകൊണ്ടിരുന്നു.

വെള്ളത്തിനടിയിലെ ഭൂമി തെളിഞ്ഞു.

ഭൂമി തെളിഞ്ഞപ്പോൾ മഹാരാജാവ് നേരിട്ടെത്തി നെൽ വിത്തെറിഞ്ഞു. അത് അൻപതും, നൂറും മേനിയായി വിളഞ്ഞു.

ജോലിക്ക് മുടക്കം കൂടാതെ കൂലി കൊടുത്തു. തന്റെ ജോലിക്കാർക്കായി ഉച്ചക്കുള്ള ഭക്ഷണം തൊട്ടടുത്തുള്ള ആർ ബ്ലോക്കിൽ പാകപ്പെടുത്തി വള്ളത്തിൽ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു.

അങ്ങനെ ആദ്യ സംരംഭം 1941-ൽ

ശ്രീ ചിത്തിരതിരുനാളിന്റെ കാലത്ത് തുടക്കമിട്ടു. അതുകൊണ്ട് മഹാരാജാവിന്റെ പേരിട്ടു.

Q ബ്ലോക്ക്‌ എന്ന ചിത്തിരകായൽ. അത് 900 ഏക്കർ.

രണ്ടാമത്തെ കായൽ മാർത്താണ്ഡ വർമയുടെ പേരിൽ1945-ൽ ഉയർത്തി. S ബ്ലോക്ക്‌ എന്ന മാർത്താണ്ഡം കായൽ 652 ഏക്കർ ഉണ്ടായിരുന്നു. മാർത്താണ്ഡം കായലിൽ ആദ്യം വിത്ത് വിതക്കാൻ അമ്മ മഹാറാണി നേരിട്ടെത്തി.

1950-ൽ മൂന്നാമത്തെ കായൽ കുത്തി കൃഷി ഇറക്കിയപ്പോൾ റാണി കായൽ എന്ന് പേരിട്ടു .

T ബ്ലോക്ക്‌ എന്നറിയപ്പെടുന്നു. അതിന്റെ വിസ്തീർണം 600 ഏക്കർ ആകുന്നു.

ജലനിരപ്പിനു താഴെ കൃഷി ചെയ്തുകൊണ്ടുള്ള അത്ഭുതം കുട്ടനാട്ടിലും പിന്നങ്ങ് ഹോളണ്ടിലും മാത്രമേ ഉള്ളു.

മൂന്ന് പതിറ്റാണ്ടിനുമേൽ അച്ചായൻ കൃഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി യോടൊപ്പം കായൽ നിലങ്ങൾ സന്ദർശിച്ച്, സന്തോഷിച്ച്, അഭിനന്ദിച്ചു.

ആത്മസുഹൃത്തായ മേനാന്തോട്ടം എം. കെ. തോമസുമായി, കുടുംബസമേതം 1960-ൽ റോമിൽ പോയി പോപ്പ് ഇരുപത്തിമൂന്നാമനെ സന്ദർശിച്ചു. മുരിക്കുംമൂട്ടിൽ ഔതച്ചൻ പുത്തൻപുര പഞ്ചാരയിൽ ഏലിയാമ്മയെയാണ് വിവാഹം കഴിച്ചിരുന്നത്. അവർ ഏഴ് ആണ്മക്കൾക്കും, ഒരു പെൺകുട്ടിക്കും ജന്മംനല്കി.

ഉറച്ച വിശ്വാസിയും, തികഞ്ഞ കത്തോലിക്കനും, സഭക്ക് ഏഴര പള്ളി (ഏഴു വലിയ പള്ളിയും ഒരു ചെറിയ പള്ളിയും ) നിർമ്മിച്ചുകൊടുത്ത ജോസഫ് മുരിക്കനെ പോപ്പ് അനുഗ്രഹിച്ചു പറഞ്ഞു : “ഒന്നിനും മുട്ട് വരില്ല”.

അങ്ങനെ ഒരുനാളിൽ കേരളത്തിലെ വിപ്ലവപാർട്ടിക്കാർ തൊഴിലാളികളെ കൊണ്ട് ജോസഫ് മുരിക്കനെ “ബൂർഷ്വ”എന്ന് വിളിപ്പിച്ചു. ശാന്തമായ വേമ്പനാട് കായലിൽ സമര കോലാഹലങ്ങളുടെ വേലിയേറ്റം ഉണ്ടായി. അങ്ങനൊരുന്നാൽ 1972-ൽ ഇടതു സർക്കാർ അച്ചായനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

രാജ്യരക്ഷ വകുപ്പുപയോഗിച്ചു മുരിക്കന്റെ നെൽപ്പാടങ്ങൾ സർക്കാർ കണ്ടുകെട്ടി. ആശുപത്രിയിൽ ആയിരുന്ന മുരിക്കനച്ചായനെ ഇതറിയിച്ചില്ല.

പിന്നീട് ചികിത്സ കഴിഞ്ഞു കവലത്തെ വീട്ടിലെത്തിയപ്പോഴാണ് നടന്ന സംഭവങ്ങൾ അറിഞ്ഞത്. നിലാവിന്റെ വെളിച്ചമുള്ള രാത്രികളിൽ നിശബ്ദനായി, ഏകനായി താൻ സൃഷ്ട്ടിച്ചതിന്റെ അരികിലൂടെ ബോട്ടിൽ സഞ്ചരിച്ചത് ഒരിക്കൽക്കൂടി തന്റെ കൃഷിയിടങ്ങൾ കാണാൻ ഉള്ള ആഗ്രഹം കൊണ്ടായിരുന്നു.

അധികം താമസിയാതെ തിരുവനന്തപുരത്ത് ജപ്പാൻകാരനായ “നിഷി മോറെ” എന്ന ആളിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് മേടിച്ച Palm Dale എന്ന വീട്ടിലേക്ക് താമസം മാറ്റി.

പ്രിയ സുഹൃത്തും, പ്ലാന്ററും ആയ റാന്നിക്കാരൻ മേനാന്തോട്ടം എം.കെ.തോമസ് തിരുവനന്തപുരത്ത്, മുട്ടടയിൽ “അരുമത്യ” എന്ന് നാമകരണം ചെയ്ത വീട്ടിൽ താമസിക്കുന്നത് ഔതച്ചന്റെ മനസ്സിന് ആശ്വാസം നൽകി.

————————

കുമരകം ശങ്കുണ്ണി മേനോൻ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് എഴുതിയത്.

————————-

മുരിക്കന്റെ കായൽ നിലങ്ങൾ ഏറ്റെടുത്തു തൊഴിലാളികൾക്ക് വീതിച്ചു കൊടുത്തു കമ്മ്യൂണിസ്ററ് നേതാക്കന്മാർ വിജയോന്മാദത്തിൽ നിൽക്കുമ്പോൾ മുരിക്കൻ കമ്മ്യൂണിസ്റ്റ്‌ നേതാക്കളായ കുമരകം ശങ്കുണ്ണി മേനോനോടും, വർഗീസ് വൈദ്യനോടും പറഞ്ഞു : നമുക്ക് വീട്ടിൽ ചെന്ന് ഒരു കാപ്പി കുടിച്ചു പിരിയാം.

കുമരകം ശങ്കുണ്ണി മേനോൻ ആത്മകഥയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :

ഞങ്ങളെല്ലാം അവിടെ ചെന്ന് ഡ്രോയിങ് റൂമിൽ കയറി ഇരുന്നു. അപ്പോഴേക്കും കാപ്പിയും ചായയും പലഹാരങ്ങളും എല്ലാം മേശപ്പുറത്ത് നിരന്നു കഴിഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും വർത്തമാനം പറഞ്ഞു കാപ്പി കുടിച്ചു തീരാറായപ്പോൾ

മുരിക്കുംമൂട്ടിൽ ഔസേപ്പച്ചന്റെ ഭാര്യ വന്നു മേനോൻ വീട്ടിലെ കുഞ്ഞ് ഏതാണെന്ന് ചോദിച്ചു. ഞാൻ വേഗം എഴുന്നേറ്റു.. കുഞ്ഞ് അകത്തോട്ട് ഒന്നു വരണം എന്നു പറഞ്ഞു. അവർ എന്നെ വിളിച്ച് അവരുടെ അടുക്കളഭാഗത്തേക്ക് കൊണ്ടുപോയി. അടുക്കളയിൽ ഏഴെട്ട് അടുപ്പുകളിൽ ആയി വലിയ ചെമ്പു പാത്രങ്ങളിൽ ആഹാരം പാചകം ചെയ്യുന്നുണ്ടായിരുന്നു.

വിയർപ്പിന്റെ ഗന്ധമുള്ള ജീവിതം

ഔസേപ്പച്ചന്റെ ഭാര്യ അൻപത് അൻപത്തിഅഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന തടിച്ച ഒരു സ്ത്രീയാണ്. മുഷിഞ്ഞ ചട്ടയും അടുക്കിട്ടുടുത്ത മുഷിഞ്ഞ മുണ്ടും ഉടുത്തിരുന്ന അവർ അടുക്കളയിൽ നിന്ന് അവരുടെ ജീവിതം എന്നോട് വിവരിക്കുകയായിരുന്നു.

“ഈ ജീവിതം തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി. എന്നെ കെട്ടി കൊണ്ടുവന്നപ്പോൾ മുതൽ ഞാൻ മുരിക്കുംമൂട്ടിൽ മുതലാളിയുടെ ഭാര്യയാണ്. കുഞ്ഞേ ഞാനിതുവരെ സിനിമ കണ്ടിട്ടില്ല. ഞങ്ങൾക്ക് തെക്കൻ തിരുവിതാംകൂറിൽ എസ്റ്റേറ്റുകളും മറ്റും ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ ഇതുവരെ അത് കണ്ടിട്ടില്ല. ഞായറാഴ്ച ബോട്ടിൽ കയറി പള്ളിയിൽ പോകുന്നത് ഒഴിച്ചാൽ ഈ കാലമത്രയും ഞാൻ ഈ വീട്ടിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയിട്ടില്ല. നെല്ല് പുഴുങ്ങുക, വെയിലത്തിട്ട് ഉണക്കുക, പത്തായത്തിൽ ഇടുക, പിന്നെ ആവശ്യാനുസരണം നെല്ലുകുത്തിച്ചു അരിയാക്കുക, അരി വെച്ചു വിളമ്പുക, ഇതല്ലാതെ നാളിതുവരെ മറ്റൊരു ജീവിതം എനിക്കില്ല. എന്റെ അടുക്കലേക്ക് വരുന്നവർക്ക് വിയർപ്പിന്റെയും, പുകയുടെയും നാറ്റം ആയിരിക്കും”

ഇതെല്ലാം കേട്ടു നിന്നതല്ലാതെ ഒരക്ഷരം മറുപടി പറയാൻ എനിക്കു കഴിഞ്ഞില്ല. ഒരു തരത്തിൽ ഞാനവരോട് യാത്രപറഞ്ഞ് മറ്റു നേതാക്കന്മാരോടും, സഖാക്കളോടും ഒപ്പം മുരിക്കന്റെ വീട്ടിൽനിന്നിറങ്ങി.

—————

ജോസഫ് മുരിക്കന്റെ കുടുംബ സുഹൃത്തായ റാന്നിക്കാരൻ എം.കെ.തോമസിന്റെ പ്രേരണയിൽ മലബാറിൽ രണ്ടായിരം ഏക്കറോളം റബ്ബർ കൃഷി വർഷങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു. കൂടാതെ ഔതച്ചന്റെ പിതാമഹന്റെ കാലത്ത് തെക്കൻ തുരുവതാംകൂറിലും റബ്ബർ കൃഷിയിൽ ഏർപ്പെട്ടിരുന്നതിനാൽ മുരിക്കുംമൂട്ടിൽ കുടുംബം ആഭിജാത്യത്തോടെ, പിന്നീടുള്ള കാലം ജീവിതത്തിലൂടെ നടന്നു.

പക്ഷെ രാഷ്ട്രീയക്കാർ കായലിലെ നെൽകൃഷിക്കായി ഇറങ്ങിയപ്പോൾ നെൽകൃഷി തകർന്നത് പിൽക്കാല ചരിത്രം. കായൽ തരിശായി. വിളഞ്ഞത് അഴിമതിയും, കെടുകാര്യസ്ഥതയും. തൊഴിലാളിക്ക് പണിയില്ലാതായി. കേരളം ആന്ധ്രയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും വരുന്ന അരിക്കായി കാത്തിരിപ്പ് തുടങ്ങി.

1974 ഡിസംബർ 9ന് ഒരു ഭാരത് ബന്ദ് ദിവസം കായലിന്റെ രാജാവ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ കിടക്കവേ ജീവിതത്തിന്റെ മറുകരയിലേക്ക് യാത്രയായി.

ശ്രീചിത്തിര തിരുനാൾ ഔതച്ചന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു പറഞ്ഞു :” സാഹസികനും, കഠിനാദ്ധ്വാനിയും, ഈശ്വരവിശ്വാസിയും, എളിമയും ഉള്ള മുരിക്കുംമൂട്ടിൽ തൊമ്മൻജോസഫ് രണ്ടാം ലോകമഹായുദ്ധാന്തര കാലത്ത് തിരുവതാംകൂറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവതാംകൂറിലെ പ്രജകളെ പട്ടിണിയിൽ നിന്നും രക്ഷിച്ച മഹത് വ്യക്തിയാണ് “.

കുട്ടനാട്ടിൽ കൂട്ടത്തിൽ നടന്നവരും, കൂട്ടത്തിൽ ജോലിയെടുത്തവരും അറിഞ്ഞു കേട്ട് ചങ്ങനാശ്ശേരി വരെ നടന്നു, തീവണ്ടിയിൽ കയറി തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ജോസഫ് മുരിക്കൻ എന്ന ഔതച്ചൻ പട്ടം സെന്റ് മേരീസ്‌ കത്തീഡ്രൽ സെമിത്തേരിയിലേക്ക് യാത്ര പറഞ്ഞിറങ്ങിയിരുന്നു.

കടപ്പാട്

ചരിത്രസഞ്ചാരി ©

Manoj Thomas 

Share News