
“കേരളാ സ്റ്റോറിയെന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഈ നാടകത്തിന്റെ പ്രാണഞരമ്പു മുറിക്കപ്പെട്ടത്..”
ഏറെ വേദനയോടെയാണ് ഈ പോസ്റ്റ് പങ്ക് വയ്ക്കുന്നത്കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലിയെന്ന നിലയിൽ കക്കുകളി എന്ന നാടകവുമായി മുന്നോട്ടു വരാൻ കഴിഞ്ഞതിലും.

ഒരു നവലോകം കെട്ടിപ്പെടുക്കാനും, സാംസ്കാരിക കേരളത്തിൽ ക്രിയാത്മകമായ മാറ്റത്തിന്റെ ചാലക ശക്തിയായി ജനസമക്ഷം കക്കുകളി അവതരിപ്പിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു..
ഇതിനോടകം തന്നെ ഇൻഫോക് ഉൾപ്പെടെയുള്ള പതിനെട്ടോളം വേദികളിൽ അത് അവതരിപ്പിക്കുകയും വമ്പിച്ചൊരു ജനാവലി ആ നാടകത്തെ സ്വീകരിക്കുകയും ചെയ്തതിൽ കേരളത്തിലെ നാടകപ്രേമികളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു..
എഴുത്തുകാരനെപ്പോലെ ഒരു ഏകാംഗ പോരാളിയല്ല ഒരു നാടകത്തിന്റെ സംവിധായകൻ.. അയാൾ തന്റെ കലാരൂപത്തെ ജനസമക്ഷം അവതരിപ്പിക്കുന്നത് ഒരു ടീം വർക്കായിട്ടാണ്..
നാടകത്തിൽ അഭിനയിക്കുന്നവർ മുതൽ അതിന്റെ രംഗസജ്ജീകരണം, ലൈറ്റ് ആൻഡ് സൌണ്ട് തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഒന്നു ചേരുമ്പോഴാണ് നാടകത്തിനൊരു പൂർണ്ണത വരുന്നത്..
ഒരു നാടകം ജനസമക്ഷം അവതരിപ്പിക്കുമ്പോൾ അതിന്റെ നടത്തിപ്പുകാരായവർക്കും നാടകം മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണ്ണായകമായ ഉത്തരവാദിത്തം ഉണ്ട്..
ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രററിയുടെ നാടകസംഘമായ നൈതൽ നാടകസംഘമാണ് ഈ നാടകത്തിന്റെ നടത്തിപ്പുകാർ എന്ന് നിങ്ങൾക്ക് അറിവുള്ളതാണല്ലോ.. സനാതന ധർമ്മ കോളേജിലെ അധ്യാപകനായ Dr. S അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഈ നാടകവുമായി മുന്നോട്ടു പോകരുത് എന്ന രീതിയിലുള്ള ഒരു പത്രപ്രസ്താവനയുമായി വന്നതും നിങ്ങൾ അറിഞ്ഞുകാണുമല്ലോ..
നാടകം കളിക്കാനുള്ള ഞങ്ങളുടെ പ്ലാറ്റ്ഫോമാണ് അവർ തകർത്തിരിക്കുന്നത്. നാടകത്തിൽ അഭിനയിക്കുന്നവരെയോ സംവിധായകനെയോ അറിയിക്കാതെ തികച്ചും ഏകാധിപത്യ രീതിയിൽ അവരെടുത്ത തീരുമാനത്തെ ഞങ്ങൾ നാടക പ്രവർത്തകർ ശക്തിയായി അപലപിക്കുന്നു.

ഫ്രാൻസിസ് നെറോണ, ഈ ലക്കം പച്ചക്കുതിരയിൽ
1947 മുതൽ പുന്നപ്രയുടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു സാംസ്ക്കാരിക ഗ്രന്ഥശാലയുടെ പുതിയ ഭരണസമിതിയുടെ പുരോഗമനപരമല്ലാത്തതും അരാഷ്ട്രീയവുമായ ഈ തീരുമാനം ജനങ്ങൾ മനസ്സിലാക്കണമെന്നും അവരുടെ അവിശുദ്ധ രാഷ്ട്രീയ ഇടപെടലുകളിലൂടെ ഒരു നാടകത്തെയല്ല നവോത്ഥാന നായകർ നമുക്കു നൽകിയ ഒരു മതേതര കേരളത്തിന്റെ ആത്മാവിനെയാണ് അവർ മുറിവേൽപ്പിച്ച് ഇല്ലാതാക്കി ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നതെന്ന സത്യം ജനങ്ങൾ തിരിച്ചറിയണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു..
കേരളാ സ്റ്റോറിയെന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഈ നാടകത്തിന്റെ പ്രാണഞരമ്പു മുറിക്കപ്പെട്ടത്..
മതമേധാവികളുടെ ഇടുങ്ങിയ മനസ്സോട് ചേർന്ന് ഈ നാടകത്തെ ഉന്മൂലനം ചെയ്യുമ്പോഴും കേരള സ്റ്റോറി എന്ന സിനിമ ആഘോഷപൂർവ്വം കേരളത്തിലെ തീയേറ്ററുകളിൽ കളിക്കുന്നു എന്ന വിചിത്രമായ വസ്തുതയും നമ്മൾക്കു മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു..
കക്കുകളി എന്ന നാടകം തീർത്ത സ്ത്രീ വിമോചനത്തിന്റെ അലയൊലികൾ.. അതുണ്ടാക്കിയ വിപ്ലവകരമായ ചർച്ചകൾ, അരികുവൽക്കരിക്കപ്പെട്ടവരുടെയും കീഴാള ജനതയുടേയും ശബ്ദം അതെന്നും ഇവിടെ ഉണ്ടാകും..

മതമേധാവിത്വത്തിന്റെ വരുതിയിൽ നിൽക്കാൻ വിധിക്കപ്പെട്ട ഭരണകൂടങ്ങളുടെ ഇടപെടലുകളെയെല്ലാം അതിജീവിച്ച് അതിന്റെ തുടർച്ചകൾ ഈ മണ്ണിൽ ഇനിയും ഉണ്ടാകും..
സ്നേഹത്തോടെ

ജോബ് മഠത്തിൽ
