കാർബൺ തുലിത കൃഷി കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി പി. പ്രസാദ്

Share News

വർധിച്ചു വരുന്ന കാൻസർ പോലുള്ള രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും നമ്മെ ഓർമപ്പെടുത്തുന്നത് പ്രകൃതി സൗഹൃദപരമായ കാർബൺ തുലിത കൃഷിരീതിയുടേയും സസ്യപരിപാലനത്തിന്റേയും ആവശ്യകതയെക്കുറിച്ചാണെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.

വാരനാട് ലിസ്യു നഗർ ഇടവകയും എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും സംയുക്തമായി സംഘടിപ്പിച്ച വിശ്വാസവനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിൾ, രാമായണം, മഹാഭാരതം, ഖുറാൻ എന്നീ വിശുദ്ധ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന മുന്നൂറോളം സ്വദേശ, വിദേശ സസ്യങ്ങളുടെ ശേഖരമാണ് വിശ്വാസവനം. ചൂട് വർധിക്കുന്നതിന് ശാശ്വത പരിഹാരം എയർ കണ്ടീഷണറുകളല്ല മരങ്ങളാണ് എന്നു നാം തിരിച്ചറിയണം.

പ്രാണവായുവിന്റെ വില തിരിച്ചറിയുവാൻ കൊവിഡ് കാലം വേണ്ടി വന്നു എന്ന കാര്യം നാം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലിസ്യു നഗർ പാരീഷ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ എറണാകുളം – അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ അധ്യക്ഷനായിരുന്നു.

പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഭാരതീയ ആധ്യാത്മിക ചിന്തകൾ പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യ ജീവിതത്തിനും ഏറെ പ്രാമുഖ്യം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവന്റെ മഹത്വത്തെ മാനിക്കുന്ന വർ പ്രകൃതിയുടെ സംരക്ഷണത്തിലും താത്പര്യമുള്ളവരായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീടുകളിൽ ഔഷധസസ്യത്തോട്ടങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി പി.പ്രസാദ് നിർവഹിച്ചു. വൃക്ഷത്തെ വിതരണ പദ്ധതി മുട്ടം ഫൊറോനാ വികാരി ഫാ.ആന്റോ ചേരാന്തുരുത്തി ഉദ്ഘാടനം ചെയ്തു. ലിസ്യു നഗർ വികാരി ഫാ. പീറ്റർ കോയിക്കര, സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ്, വാർഡ് മെമ്പർ ഷീല ലോറൻസ് , പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ജോൺസൺ ചിറയത്ത് എന്നിവർ സംസാരിച്ചു.പകൽ സമയങ്ങളിൽ വിശ്വാസവനം സന്ദർശിക്കുന്നതിന് അവസരമുണ്ടാകുമെന്ന് വികാരി ഫാ. പീറ്റർ കോയിക്കര അറിയിച്ചു.

Share News