കഴിഞ്ഞ തവണ കളമശ്ശേരി ഉൾപ്പെടെ പ്രധാനപ്പെട്ട പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായകരമായ ഓപ്പറേഷൻ വാഹിനിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 20 ദിവസം കൊണ്ട് പൂർത്തിയാക്കും.

Share News

മുട്ടാർ പുഴ, മാഞ്ഞാലി തോട്, ഇടപ്പള്ളി തോട്, കൈപ്പെട്ടിപ്പുഴ തോട് ഉൾപെടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.

പെരിയാറിന്റെ കൈവഴികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ 37 കേന്ദ്രങ്ങളിൽ നീരൊഴുക്ക് തടസപ്പെടുത്തുന്ന ചളിയും എക്കലും നീക്കം ചെയ്യുന്ന പദ്ധതിക്കായി 4.44 കോടി രൂപയാണ് ചെലവഴിക്കുക. 20 ദിവസം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതോടെ വെള്ളക്കെട്ട് തടയുന്നതിനുള്ള പ്രധാന പ്രവർത്തനം പൂർത്തിയാകും.

പ്രധാന നദികളിൽ നിന്ന് കായലിലേക്കുള്ള ജലമൊഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന ചെളിയും എക്കലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് ഈ ഘട്ടത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്.

മുട്ടാർ പുഴയിലെ മാർത്താണ്ഡ വർമ്മ പാലം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്തെ 6 റീച്ചുകൾ, മാഞ്ഞാലി തോട് ചൂണ്ടാം തുരുത്ത് പാലം വരെയുള്ള ഭാഗം, കൈപ്പെട്ടിപ്പുഴ കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ ഭാഗം, ആറ്റിപ്പുഴ തോട്, ഇടപ്പള്ളി തോടിലെ 4 ഭാഗങ്ങൾ തുടങ്ങി 37 കേന്ദ്രങ്ങളിലാണ് വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

ചാത്യാത്ത് തോട്, മംഗളവനം തോട്, ഞാറയ്ക്കൽ തോട്, കുഴുപ്പള്ളി തോട് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.കഴിഞ്ഞ വർഷം കളമശ്ശേരിയിൽ ആവിഷ്കരിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ കാലവർഷത്തിലുൾപ്പെടെ വെള്ളക്കെട്ട് ഒഴിവാക്കാനായത് ഇത് മൂലമാണ്.

പി രാജീവ്

Minister for Industries and Law – Kerala

Share News