കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത്‌ കുറിക്കേണ്ടി വരുന്നു.?|ഡോ :സി ജെ ജോൺ

Share News

കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത്‌ കുറിക്കേണ്ടി വരുന്നു. ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം.

പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്.

സ്വകാര്യ കോളേജുകളിൽ ചെലവാക്കിയ ഭീമമായ ഫീസ് എങ്ങനെയും നിരവധി ഇരട്ടിയായി തിരിച്ച് പിടിക്കണമെന്ന് മോഹിക്കുന്നവർ ഇനിയുള്ള കാലം നിരാശപ്പെടും.

ഒരു ചെറിയ വിഭാഗത്തിന് വിദേശ പഠനവും ജോലിയുമൊക്കെ ആകാം.

കേരളത്തിൽ തൊഴിൽ രഹിതരായ മെഡിക്കൽ ഡോക്ടറന്മാരുണ്ടെന്നത് സത്യമാണ്. ഇതൊക്കെയാണ് വാസ്തവമെങ്കിലും എന്തിനാണ് ഇങ്ങനെ ഇനിയും മെഡിക്കൽ കോളേജുകളെന്ന ചോദ്യം ഉയരാം.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ ആധുനീക വൈദ്യ ശാസ്ത്രം പഠിച്ചവർ കുറവുണ്ട്.

പാസ്സാകുന്നവർ ഗതി കെട്ടാലും അങ്ങോട്ട് പോകുമോയെന്ന് അറിയില്ല.

കേരളത്തിൽ എന്തായാലും ഇനി ഒരു മെഡിക്കൽ കോളേജ് വേണ്ട. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ആകാം.

മലയാളി പിള്ളേർ മെഡിക്കൽ സീറ്റിനായി ഇപ്പോൾ നടത്തുന്ന ഈ ഓട്ടവും കഷ്ടപ്പാടുകളും യാഥാർഥ്യ ബോധത്തിൽ നിന്നുള്ളതല്ല.

പല എൻട്രൻസ് കോച്ചിങ്ങ് കോൺസെൻട്രേഷൻ സെന്ററുകളും നീറ്റ് പരീക്ഷക്കുള്ള ആവേശം പല രീതിയിൽ നില നിർത്തുണ്ട്.

കഥ അറിയാതെ പിറകെ ഓടുന്ന മാതാപിതാക്കളും ഇതിനൊപ്പം തുള്ളുന്നു. അവരുടെ കുട്ടികളെയും തുള്ളിക്കുന്നു. എം. ബി. ബി. എസിന്‌ ശേഷം ഒരു പി ജി ഒപ്പിച്ചാൽ എല്ലാം ഓക്കേയാകുമോ ?

അവിടെയും ഇപ്പോൾ ആൾ ബാഹുല്യം അവസരങ്ങൾ കുറയ്ക്കാൻ തുടങ്ങി. അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും മെഡിക്കൽ ബിരുദധാരികൾ മറ്റ് ജോലികൾക്കായി അപേക്ഷിക്കുന്ന കാലം വരാനിടയുണ്ട്.

വൈദ്യ ശാസ്ത്രത്തിന്റെ പുത്തൻ മേഖലകൾ തുറന്ന് വരാം. എന്നാൽ അവയൊന്നും കൂടുതൽ ആളുകൾ വേണ്ട പരിപാടികൾ ആകണമെന്നില്ല.

കുറെ പണിയൊക്കെ പുത്തൻ സാങ്കേതിക വിദ്യകൾ ചെയത് തരും.

കണ്ണടച്ച് മെഡിസിൻ പഠനം എടുക്കുന്ന ഏർപ്പാട് വേണ്ട.

നല്ല പോലെ ആലോചിച്ച് മതിയെന്ന സ്നേഹോപദേശം മാത്രം.

(ഡോ :സി ജെ ജോൺ)

Drcjjohn Chennakkattu

Share News