ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സീറോമലബാർസഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

Share News

കൊച്ചി.വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതീവ ദുഷ്ക്കരമാണെങ്കിലും ത്വരിതഗതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്തസംഘടനകളും സാമൂഹ്യസേവനപ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ദുരന്തത്തിന് ഇരയാവർക്ക് സമാശ്വാസം പകരാനുള്ള സർക്കാർ നടപടികളോട് സീറോമലബാർസഭ പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുന്നു. വീടുകളും കൃഷിയിടങ്ങളും നഷ്ടമാകുകയും ജീവനോപാദികൾ ഇല്ലാതാകുകയും ചെയ്തവർക്കായി സീറോമലബാർസഭയുടെ സാമൂഹ്യസേവന പ്രസ്ഥാനമായ സ്പന്ദന്റെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതാണ്. ദുരിത ബാധിതർക്ക് ആവശ്യമായ ഭൗതിക സഹായങ്ങൾ എത്തിക്കുന്നതിനും ദുരിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതിനും നമുക്ക് ഔദാര്യപൂർവ്വം ഒന്നിച്ചുനിൽക്കാമെന്നും മേജർ ആർച്ചുബിഷപ്പ് പ്രസ്താവനയിൽ അറിയിച്ചു.

വയനാടിന് വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കാം 🙏✝️

പരിശുദ്ധ പിതാവേ,
നീ തന്നെയാണ് സർവ്വശക്തനും കരുണാമയനും. ഈ നിമിഷത്തിൽ, ഞങ്ങൾ വേദനയിലും ഭയത്തിലും നിൽക്കുന്നു. 🙏വയനാട്ടിൽ കനത്ത മഴ മൂലം ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു.ഈ ദുരിതത്തിൽപ്പെട്ടവർക്ക് ആശ്വാസവും സമാധാനവും നൽകണമേ🙏✝️. അവരുടെ ഹൃദയങ്ങളിൽ നിറഞ്ഞ ഭയത്തെ ദൂരീകരിച്ച്, നിന്റെ ശാന്തത നൽകണമേ.🙏 മരിച്ചവരുടെ ആത്മാക്കൾക്ക് നിന്റെ കരുണയുടെ സ്വർഗ്ഗവാതിൽ തുറന്നുകൊടുക്കണമേ.🙏
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശക്തിയും ധൈര്യവും നൽകണമേ. അവരുടെ പ്രയത്നങ്ങൾക്ക് അനുഗ്രഹം നൽകി, കൂടുതൽ ജീവനുകൾ രക്ഷിക്കാൻ സഹായിക്കണമേ.🙏
പിതാവേ, ഈ ദുരിതം പെട്ടെന്ന് അവസാനിപ്പിക്കണമേ. ഈ പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കണമേ. ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.🙏
1സ്വർഗ 1 നന്മ

ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ജൂലൈ 30, 2024

Share News