
കഴിഞ്ഞദിവസം ഒൻപതുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദേശീയപാതയുടെ ആകാശദൃശ്യമാണിത്.
കഴിഞ്ഞദിവസം ഒൻപതുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദേശീയപാതയുടെ ആകാശദൃശ്യമാണിത്. ഇന്നത്തെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്. ദേശീയപാത അതോറിട്ടി ഓഫ് ഇൻഡ്യ (NHAI) നിർമിച്ച, ചുങ്കം പിരിക്കുന്ന ഈ പാത നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിച്ചിരിക്കുന്നതെന്ന് ഈ ചിത്രം കണ്ടപ്പോൾ മുതൽ ബലമായ സംശയം.
45 മുതൽ 60 മീറ്റർ വരെയാണ് കേരളത്തിൽ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 45 മീറ്ററെന്നാണ് പൊതുവേ വയ്‌പെങ്കിലും ആദ്യകാലത്ത് ചിലയിടത്ത് 60 മീറ്റർവരെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ എത്ര മീറ്ററാണെന്നറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, ഈ ചിത്രം അനുസരിച്ച് 20 മീറ്റർപോലും വീതിയിലല്ല ഈ ദേശീയപാത നിർമിച്ചിരിക്കുന്നത്. മീഡിയന് 3.5 മീറ്ററാണ് വീതി. ഓരോവശത്തും 3.5 മീറ്റർ വീതിയുള്ള രണ്ട് കാര്യേജ് വേ വീതം. അങ്ങനെ ആകെ 17.5 മീറ്റർ മാത്രമാണ് ഇതിന്റെ ആകെ വീതി. പാതയ്ക്ക് ഇരുവശത്തും ഒന്നര മീറ്റർ വീതമുള്ള പാവ്‌മെന്റുകൾ ഇവിടെ അടയാളപ്പെടുത്തിയിട്ടില്ല. ആ പാവ്‌മെന്റ് നിർമിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഉണ്ടെങ്കിൽ ആകെ വീതി ഒരു മൂന്നു മീറ്റർകൂടി വർധിച്ചേക്കാം. അതോടെ കഴിയുന്ന ദേശീയപാത!
നടപ്പാത, ഡ്രെയ്‌നേജ് എന്നിവയൊന്നും ഈ പാതയുടെ ഓരത്ത് ഉള്ളതായി തോന്നുന്നില്ല. സർവീസ് റോഡിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. പ്രധാന പാതയുടെ രണ്ടു വശങ്ങളിലും ഏഴു മീറ്റർ വീതിയിൽ സർവീസ് റോഡ് വേണ്ടതാണ്. ദേശീയപാതയിൽ അപ്രതീക്ഷിതമായി വാഹനങ്ങൾക്ക് നിറുത്തേണ്ടിവന്നാൽ അതിന് ഉപയോഗിക്കാൻകൂടിയാണ് പാവ്‌മെന്റുകൾ ഉണ്ടാക്കുന്നത്. കെഎസ്ആർടിസി ബസിന്, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആളെ കയറ്റാനോ ഇറക്കാനോ നിറുത്തണമെങ്കിൽ ബസ് ബേ ഇല്ലെങ്കിലും ആ പാവ്‌മെന്റ് ഉപയോഗിക്കാം. ഇവിടെ, അതില്ലാത്തതിനാൽ ഇടതു ലൈനിൽ പോകുന്നപോക്കിലല്ലാതെ ഒരു വണ്ടിയും നിറുത്തില്ല. സ്വാഭാവികമായും ഇടതുവശത്തുകൂടിയോ മധ്യത്തിലൂടെയോ വരുന്ന വാഹനങ്ങൾക്ക് വലത്തേക്ക് വെട്ടിച്ചുകയറേണ്ടിവരും. അല്ലെങ്കിൽ മുന്നിലെ വാഹനത്തിൽ ഇടിക്കും. അതുതന്നെയല്ലേ ഇവിടെയും സംഭവിച്ചിരിക്കുക?
കേരളത്തിൽ ഇപ്പോൾ നിർമിക്കുന്ന ദേശീയപാത നാലുവരിയല്ല, ആറുവരിയാണെന്നാണ് കേട്ടത്. പത്തുവർഷം മുൻപ് 45 മീറ്ററിനുവേണ്ടി ഞങ്ങൾ ക്യാംപെയ്ൻ നടത്തുമ്പോൾ നാലുവരിപ്പാതയായിരുന്നു പദ്ധതി. അതിൽ സർവീസ് റോഡുൾപ്പെടെ ഉണ്ടായിരുന്നു. സർവീസ് റോഡുകൾ പലയിടത്തും പ്രായോഗികമല്ലാത്തതിനാൽ അവ മാറ്റി പകരം ആറുവരി ക്യാര്യേജ് വേ എന്ന രീതിയിലാണ് ഇപ്പോൾ കേരളത്തിൽ ദേശീയപാത രൂപകൽപന ചെയ്യുന്നതെന്നാണ് കേട്ടത്. അങ്ങനെയാണെങ്കിൽപോലും ഇവിടെ ആറുവരിയുമില്ലെന്നതാണ് ശ്രദ്ധേയം. ഏറ്റെടുത്ത ബാക്കി ഭൂമി എവിടെ? തരിശിച്ചിട്ടിരിക്കുകയാണെങ്കിൽ എന്തിന്? പാവ്‌മെന്റും സർവീസ് റോഡും നടപ്പാതയും ഉൾപ്പെടെയുള്ള രൂപകൽപനയിലെ പ്രധാന ഭാഗങ്ങൾ ഇവിടെ ഉപേക്ഷിച്ചത് എന്തുകൊണ്ടായിരിക്കാം?

TC Rajesh Sindhu (ടീസി)