
ഈ സ്ഥലം ഇലിപ്പോട്ടുകോണം അമ്പലം ജംക്‌ഷൻ. മറക്കരുത്..| ഇനി ഇതുവഴി വരികയാണെങ്കിൽ കേറുമല്ലോ. കേറാതിരിക്കരുത്..
മനോഹര മാതൃക
മനോഹരൻ.കെ. പേരു പോലെ തന്നെ മനോഹരമായ ജീവിതമാണ് എന്റേത്. ജീവിതത്തിലെ സമാധാനോം സന്തോഷോം എന്നൊക്കെ പറയുന്നത് നമ്മളു സൃഷ്ടിക്കുന്നതാണ്. വേണമെന്നു വെച്ചാ വേണം. വേണ്ടെന്നു വച്ചാ വേണ്ട. അതിൽ തീരണം.
ഞാൻ രാവിലെ നാലിനെഴുന്നേറ്റ് കടയിലേക്കു വരും. നാലരയാകുമ്പോൾ പശൂംപാൽ വരും. ദോശ ചുടും. തേങ്ങാ ചമ്മന്തിയരയ്ക്കും.
അഞ്ചേമുക്കാൽ ആകുമ്പോൾ ചായകുടിക്കാരു വരും. പതിവുകാരാ. റേഡിയോ ഉച്ചത്തിൽ വച്ചിട്ടുണ്ട്. അടുക്കളേലായിരിക്കുമ്പോൾ എനിക്കും കേൾക്കണം. പഴയ മട്ടിലൊരു കടയാണ്. മക്കടെ പേരാ ഇട്ടിരിക്കുന്നെ. ഹോട്ടൽ ‘വിഷ്ണു കൃഷ്ണ’.
ഹോട്ടലെന്നൊക്കെ വിളിക്കാമോ എന്തോ? നാട്ടുമ്പുറത്തെ ചായപ്പീടികയല്ലേ?
തൊട്ടുപിന്നിൽ ഒരു തോടുണ്ട്. നേരത്തെ വെള്ളമുണ്ടായിയിരുന്നു. ഇപ്പോ പുല്ലു പിടിച്ചു കിടക്കുന്നു. നേരം കിട്ടുമ്പോൾ ഞാൻ പുല്ലു പറിച്ചു പശുവിനു കൊടുക്കും. എന്റെ പശുവല്ല, വെറുത നിൽക്കുന്ന പുല്ല് പശുവിനുള്ളതല്ലേ?
ആരാന്റെയായാലും! ജീവികൾക്കർഹതപ്പെട്ടത് അവർക്കു കൊടുക്കാനുള്ള ബാധ്യതേം ഉത്തരവാദവുമൊക്കെ മനുഷ്യർക്കുണ്ട്.
പത്തുമണിക്ക് കടപൂട്ടും. വീട്ടിപ്പോയി സഹായിക്കും. ഉച്ചയ്ക്കുണ്ണും. ഒന്നു കിടക്കും. പിന്നെ രണ്ടരയ്ക്ക് വന്നു കട തുറക്കും. കുറച്ച് എണ്ണപ്പലഹാരമൊക്കെ ചൂടോടെ ഉണ്ടാക്കി വയ്ക്കും. ചായയ്ക്കു വെള്ളം വയ്ക്കും. എന്നും പതിവുകാരാണ്. അവരുടെ സ്വാതന്ത്ര്യത്തോടെ കയറി വന്ന് അലമാരീന്നൊക്കെ എടുത്തു കഴിക്കും.
ചിലപ്പോൾ നിങ്ങളെപ്പോലെ ദൂരെയുള്ള ആരെങ്കിലുമൊക്കെ വന്നാലായി. 67 വയസ്സീയിന്ന് എന്നെ കണ്ടാൽ പറയില്ലെന്ന് എല്ലാരും പറയും. ശരീരസുഖം ഉള്ള കാലത്തോളം അധ്വാനിക്കും അതാ പോളിസി. ചെലപ്പോ ഈ അധ്വാനം കൊണ്ടെക്കയാ മുടി നരക്കാതേം വയസ്സു തോന്നാതേം ഇരിക്കുന്നത്.
തമ്പാനൂര് നിങ്ങടെ ഓഫിസിനടുത്ത് ഹാൻടെക്സ് ഇല്ലേ, അവിടെ ഡ്രൈവറായിരുന്നു. പിരിഞ്ഞപ്പോ ഈ കട തുടങ്ങി. മക്കളെ പഠിപ്പിച്ചു. അവരു പഠിച്ചു. ഭാര്യ സബിത. മൂത്തമോൻ കൃഷ്ണകുമാറും ഇളയമോൻ വിഷ്ണുകുമാറും. അവരു ഗൾഫിലാ. ഒരാൾ ദുബായ് എയറിലും മറ്റെയാൾ ദുബായ് മെട്രോയിലും. മരുമക്കൾ ആര്യ എൻജിനീയറും ഗോപിക ഡോക്ടറുമാണ്.
പിള്ളേരു വളരാൻ നമ്മളു നെലം ഒരുക്കിക്കൊടുത്തെന്നു പറയാം. അതല്ലേ തന്തേം തള്ളേടേം കടമ. ഇനി അവരു സ്വയം ജീവിക്കട്ടെ. ഈ കട കണ്ടില്ലേ, വോൾട്ടേജ് കുറഞ്ഞ പോലൊരു വെളിച്ചവും ഇത്തിരി ഇരുട്ടും നിഴലും ചേർന്നൊരു പ്രത്യേക കളറും ഇല്ലേ?
നീളൻ മേശ, ബഞ്ച്. അലമാര, കാശുപെട്ടി..എല്ലാം പഴേ മര ഉരുപ്പടികളാ. ഈച്ചേം പാറ്റേം എലീം കേറാതെ എപ്പോഴും തൂത്തു തൊടച്ചിടും. കടേടെ പിന്നിലെ തോട്ടിൻകരേല് പൗരസമിതി വായനശാലയുണ്ട്. അവിടെ പോയി വായിക്കാനൊക്കെ കൊതിയാ. സമയം പ്രശ്നാ.
മുന്നിലുള്ള ഈ റോഡ് ഇല്ലേ, അതിനപ്പുറം നെയ്യാറ്റിങ്കര മുൻസിപ്പാലിറ്റി, ഇപ്പുറം കൊല്ല പഞ്ചായത്ത്. ഞങ്ങളു പഞ്ചായത്തുകാരാ.
ഈ സ്ഥലം ഇലിപ്പോട്ടുകോണം അമ്പലം ജംക്‌ഷൻ. മറക്കരുത്.. ഇനി ഇതുവഴി വരികയാണെങ്കിൽ കേറുമല്ലോ. കേറാതിരിക്കരുത്..
T B Lal