മികച്ച പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം മഹാത്മാ ഗാന്ധിയുടെ മകന്റെ കൊച്ചുമകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ തുഷാർ ഗാന്ധിക്ക് നൽകും.

Share News

പൊതു സമൂഹത്തിന് അദ്ദേഹം നൽകിയിട്ടുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശീലാഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ചെയർമാനായ അവാർഡ് കമ്മിറ്റിയാണ് ശ്രീ തുഷാർ ഗാന്ധിയെ തെരഞ്ഞെടുത്തത്.2023 ജനുവരി 15ന് രാവിലെ 10. 30 ന് ആലുവ ഏലി ഹിൽ ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ വച്ച് തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം ശ്രീ തുഷാർ ഗാന്ധിക്ക് സമ്മാനിക്കും.

തമ്പാൻ തോമസ് ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്കാരമാണ് ഇത്. ശ്രീമതി മേധാ പട്ക്കർക്കാണ് പ്രഥമ പുരസ്കാരം നൽകിയത്.മാഗ്‌സസെ അവാർഡ് ജേതാവ് ഡോ സന്ദീപ് പാണ്ഡേ, മാതൃഭൂമി മാനേജിങ് ഡയറക്ടർ ശ്രീ എം. വി. ശ്രേയംസ് കുമാർ, മുൻ എം. പി., മലയാള മനോരമ (മുൻ അസ്സോസിയേറ്റ് ഡയറക്ടർ) ശ്രീ തോമസ് ജേക്കബ്, ആലുവ മുൻസിപ്പൽ ചെയർമാൻ ശ്രീ എം. ഒ. ജോൺ എന്നിവർ പുരസ്കാര സമർപ്പണചടങ്ങിൽ പങ്കെടുക്കും.

മഹാത്മാഗാന്ധിയുടെ മകന്റെ പേരമകനായ ശ്രീ തുഷാർ ഗാന്ധി മഹാത്മാഗാന്ധി ഫൗണ്ടേഷൻ, ഗാന്ധി സ്മാരകനിധി, മഹാത്മാഗാന്ധി റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ നേതൃ രംഗത്ത് പ്രവർത്തിക്കുന്നു. പൗരസ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനുവേണ്ടി എപ്പോഴും നിലകൊള്ളുന്ന, അദ്ദേഹം എഴുത്തുകാരൻ, ചലച്ചിത്രകാരൻ എന്നീ നിലകളിലും കർമ്മനിരതനാണ്.

പ്രമുഖ സോഷ്യലിസ്റ്റും, പാർലമെൻററി യനും,ഇന്ത്യയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായ ശ്രീ തമ്പാൻ തോമസിന്റെ എൺപതാം ജന്മദിനത്തിൽ അദ്ദേഹത്തിൻറെ സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും ചേർന്ന് 2021ൽ രൂപീകരിച്ച തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻഡ് ലേബർ എംപവർമെൻറ്, ഭരണഘടന , വിദ്യാഭ്യാസം, ആരോഗ്യം തൊഴിൽ, സോഷ്യലിസ്റ്റ് ആശയ പ്രചാരണം എന്നിവയുമായി ബന്ധപ്പെട്ട് കോൺക്ലേവുകൾ, സെമിനാറുകൾ ,പുസ്തക പ്രകാശനം അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി പരിശീലന ക്യാമ്പുകൾ, അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ തടവുകാരുടെ സംഗമം, ഭരണഘടനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സമ്മേളനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ചുരുങ്ങിയ കാലയളവിനുള്ളിൽ നടത്തിയിട്ടുണ്ട്

Share News