യാത്രയാക്കലിന്റെ തൃശൂർ മാതൃക – കോവിഡ്കാല യാഥാർഥ്യം തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയുടെ ക്രിമറ്റോറിയം

Share News

സങ്കീർണമായ ഈ കോവിഡ് കാലത്തിനൊത്ത്, ലോകക്രമവും സാമൂഹിക പ്രമാണങ്ങളുമൊക്കെ പുനർനിർവചിക്കപ്പെടുകയാണ്. തൊട്ടരികിലുള്ള കോവിഡിനെ തോൽപിക്കാൻ വേണ്ട ആത്മവിശ്വാസം കൈവരിക്കാനും ജീവിതത്തിനുതന്നെ പുതിയ ശൈലി കണ്ടെത്താനുമുള്ള സാമൂഹികദൗത്യങ്ങൾക്കു കേരളത്തിലും സഫലമായ തുടർച്ചകൾ ഉണ്ടാകുന്നതു പ്രത്യാശ പകരുന്നു. കത്തോലലിക്കാ സഭയിൽ സംസ്ഥാനത്താദ്യമായി മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന ക്രിമറ്റോറിയത്തിനു തൃശൂരിൽ തറക്കല്ലിട്ടത് ഈ ദിശയിലുള്ള പുതുവഴിയായിക്കാണണം. യാത്രയാകുന്നവരോടുള്ള സ്നേഹാദരപ്രകാശനത്തിന്റെ മഹനീയ മാതൃകയ്ക്കാണ് തിങ്കളാഴ്ച ആദ്യശില വീണത്.

മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന കോവിഡ്കാല സംവിധാനം ഔദ്യോഗികമായി തുടരാൻ തൃശൂർ അതിരൂപത എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഈ ക്രിമറ്റോറിയം. സഭയുടെ ഉടമസ്ഥതയിൽ മുളയത്തുള്ള ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിലാണു ഡാമിയൻ ക്രിമേഷൻ സെന്റർ സജ്ജമാകുന്നത്. കോവിഡ്കാലത്ത് 26 രോഗികളുടെ മൃതദേഹങ്ങൾ ഇവിടെ ചിതയൊരുക്കി സംസ്കരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ പല ഇടവകകളിലും സൗകര്യമില്ലാത്തതുകൊണ്ടുകൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്. വാതകശ്മശാനമാണു നിർമിക്കുന്നത്.

താൽപര്യപ്പെടുന്ന കത്തോലിക്കാ സഭാംഗങ്ങൾക്കു ശവദാഹം അനുവദിക്കാമെന്നു 2016ൽ ത്തന്നെ ആഗോള കത്തോലിക്കാ സഭ വ്യക്തമാക്കിയിരുന്നു. ശവദാഹം ആഗ്രഹിക്കുന്നവർക്കു സംസ്കാരശുശ്രൂഷകൾ നിഷേധിക്കരുതെന്നു കാനോനിക നിയമത്തിൽ 1983ൽ വത്തിക്കാൻ നിഷ്കർഷിക്കുകയും ചെയ്തു. 1990ൽ പൗരസ്ത്യ സഭകൾക്കായുള്ള കാനോനിക നിയമത്തിലും ഇതു വ്യക്തമാക്കി. ഇതിന്റെ പ്രതിധ്വനികൾ ഈ കോവിഡ്കാലത്ത് പലയിടത്തും നാം കേൾക്കുകയുണ്ടായി. കോവിഡ് ബാധിതരുടെ മൃതദേഹം ആവശ്യമെങ്കിൽ സെമിത്തേരിയിൽത്തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാമെന്നു കഴിഞ്ഞ ജൂലൈയിൽ ലത്തീൻ കത്തോലിക്കാ സഭ ആലപ്പുഴ രൂപത എടുത്ത തീരുമാനം കേരള കത്തോലിക്കാസഭാ ചരിത്രത്തിൽത്തന്നെ ആദ്യത്തേതായിരുന്നു. അതിനു മുൻപും പല ക്രൈസ്തവ സഭാവിഭാഗങ്ങളും മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും പുറത്തെ ശ്മശാനങ്ങളിൽ ദഹിപ്പിച്ച ശേഷമായിരുന്നു സംസ്കാരം.

കോവിഡ് ബാധിച്ചു മരിക്കുന്ന സഭാംഗങ്ങളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സഭാ സെമിത്തേരിയിൽ അടക്കം ചെയ്തു പല സഭകളും ഇതിനകം കാലത്തിന്റെ ചുവരെഴുത്തിനോടു ചേർന്നുനിൽക്കുകയുണ്ടായി. മഹല്ലിനു പുറത്തുള്ളയാളായിരുന്നിട്ടും, കോവിഡ് ബാധിതയെന്നു മരണശേഷം നടന്ന പരിശോധനയിൽ സ്ഥിരീകരിച്ച തലശ്ശേരി സ്വദേശിനിയുടെ മൃതദേഹം കബറടക്കാൻ കഴിഞ്ഞ ജൂലൈയിൽ വയനാട് ജില്ലയിൽ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ജുമാ മസ്ജിദ് തയാറായതും പരക്കെ ശ്രദ്ധ നേടി.

കോവിഡ് മരണങ്ങളുണ്ടായി‌ത്തുടങ്ങിയ കാലത്ത് സംസ്കാരം തടസ്സപ്പെടുത്തിയതടക്കമുള്ള പല നിർഭാഗ്യസംഭവങ്ങളും കേരളത്തിലുണ്ടായി. ചെന്നൈയിൽ കോവിഡ് ബാധിച്ചു മരിച്ച ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹവുമായി ശ്മശാനത്തിലെത്തിയ ബന്ധുക്കളെ നാട്ടുകാർ തല്ലിയോടിച്ച സംഭവം കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തെയാകെ നാണംകെടുത്തിഒടുവിൽ പ്രിയമിത്രത്തെ കണ്ണീരോടെ മറവു ചെയ്തത് മുൻ സഹപ്രവർത്തകനാണ്. ഇവിടെ ജീവിക്കുന്ന ആരും കോവിഡിന് അതീതരല്ലെന്ന തിരിച്ചറിവു പൊതുസമൂഹത്തിനുണ്ടായാൽതന്നെ, കോവിഡ് ബാധിതരായി മരിക്കുന്നവരെ ആദരപൂർവം യാത്രയാക്കുന്നതിൽനിന്നു നാം പിന്നോട്ടുമാറില്ല. ഈ ദിശയിൽ പുതിയൊരു വാതിൽ തുറക്കുകയാണിപ്പോൾ തൃശൂർ അതിരൂപത.

മലയാള മനോരമ – മുഖപ്രസംഗം, FEBRUARY 11, 2021

Share News