ഇന്ന് (ഏപ്രിൽ 9) കെ എം മാണി സ്മൃതി ദിനം |മൺമറഞ്ഞു പോയെങ്കിലും നിരവധി മനുഷ്യരുടെ മനസ്സിൽ വികാരമായി നിലനിൽക്കുന്ന നാമം. ഇത്ര ദൈവ വിശ്വാസിയായിരുന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ടാവില്ല.

Share News

ഇന്ന് (ഏപ്രിൽ 9) കെ എം മാണി സ്മൃതി ദിനം

കേരള ചരിത്രത്തിൽ തുല്യതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് കെ എം മാണി. മൺമറഞ്ഞു പോയെങ്കിലും നിരവധി മനുഷ്യരുടെ മനസ്സിൽ വികാരമായി നിലനിൽക്കുന്ന നാമം. ഇത്ര ദൈവ വിശ്വാസിയായിരുന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ടാവില്ല. തന്റെ വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോളും ജാതി മത ഭേദമെന്യേ എല്ലാവര്ക്കും സ്വീകാര്യനായിരുന്നു കെ എം മാണി. മറ്റുള്ളവർക്കുവേണ്ടി തന്നാലാവുന്നത് പ്രീതിഫലേച്ഛ ഇല്ലാതെ ചെയ്യുവാനുള്ള സന്നദ്ധത യാണ് അദ്ദേഹത്തിന് തുടർച്ചയായ വിജയങ്ങളും അതിലൂടെ നിരവധി ശത്രുക്കളെയും സമ്പാദിച്ചു നൽകിയതെന്ന് പറയാം. അദ്ദേഹത്തെ കുറ്റപ്പെടുത്തുവാനും വളഞ്ഞിട്ടു അക്രമിക്കുവാനും അനേകർ ഒത്തുകൂടി. എന്നാൽ ഒരിക്കൽ പോരും മറ്റൊരാളെ ഭല്സിക്കുവാൻ അദ്ദേഹം വായ തുറന്നില്ല. പലരും അത് അദ്ദേഹത്തിന്റെ ദൗർബല്യമായി കരുതി. എന്നാൽ ആ നന്മ തിരിച്ചറിഞ്ഞവർ എന്നും അദേഹത്തെ മനസ്സിൽ കുടിയിരുത്തി. ശത്രുക്കളെ സ്നേഹിക്കണമെന്നും രാഷ്ട്രീയം വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും മേഖല അല്ലെന്നും അദ്ദേഹം കാണിച്ചു തന്നു.

കർഷക പെൻഷൻ, വിവിധ ക്ഷേമ പദ്ധതികൾ, വെളിച്ച വിപ്ലവം, ഭവന നിര്മ്മാണ പദ്ധതികൾ, കാരുണ്യ നിധി, കാർഷിക പട്ടയങ്ങൾ, റവന്യൂ ടവർ തുടങ്ങി സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ മാറ്റം വരുത്തിയ നിരവധി നന്മകൾ സർക്കാരിന്റെ മുഖമുദ്രയാക്കിയത് കെ എം മാണി പല വകുപ്പുകൾ ഭരിച്ച കാലത്താണ്. സാമ്പത്തിക ശാസ്ത്രത്തെ പൊളിറ്റിക്കൽ സയൻസിലെ ഏറ്റവും വലിയ ഉപകരണമാക്കി അദ്ദേഹം. എല്ലാറ്റിനുമുപരിയായി പാലായുടെ മെമ്പർ എന്ന നിലയിൽ തന്റെ മണ്ഡലത്തെ എന്നും കൈ പിടിച്ച് നടന്നു അദ്ദേഹം. ആന്റണി യുടെ ചേർത്തലക്കോ, ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്കോ, രാഹുൽ ഗാന്ധിയുടെ അമേത്തിക്കോ, ek നായനാരുടെ തൃക്കരിപ്പൂരിനോ സാക്ഷാൽ പിണറായി വിജയൻറെ ധര്മടത്തിനോ അവകാശപ്പെടാനാവില്ല ഇതുപോലെ ഒരു കരുതൽ. പലരെയും അസ്സൂയപ്പെടുത്തിയതും അലോസരപ്പെടുത്തിയതും ഈ കരുതലാണ്. അതിന്റെ ഒക്കെ ബാക്കി പത്രമാണ് അവസരം കിട്ടിയപ്പോളൊക്കെ പലരും മനഃപൂർവം ആ കുതികാലിൽ ചവിട്ടിവീഴ്ത്താൻ നോക്കിയത്.

ആരൊക്കെ ചവുട്ടിയാലും വീഴാതിരിക്കാൻ കെ എം മാണി പിടിച്ചത് ഏറ്റവും വലിയ കൊമ്പിലാണ്. ദൈവവിശ്വാസത്തിന്റെ കൊമ്പിൽ. പ്രാർത്ഥനയുടെ ശക്തിയിൽ. അതാണ് കെ എം മാണിയെ മറ്റു രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനാക്കിയ ഏറ്റവും വലിയ കാര്യവും.

Bijoy S Palakunnel

Share News