ഇന്ന് ഫെബ്രുവരി 21 അന്തർദേശീയ മാതൃഭാഷാദിനം !

Share News

സ്വത്വാവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പിറന്നാളാണ്

മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂർത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാൽ മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായതെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണക്ക്‌ എന്ന് അറുതിയുണ്ടാകും? ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുപോലും മാതൃഭാഷയെ അവഗണിക്കുന്ന മലയാളികൾ അറിയേണ്ടതായി പലതുമുണ്ട്. ലോകമെമ്പാടും ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സ്വന്തം മാതൃഭാഷയെ പുണർന്നുകൊണ്ടുള്ള ജീവിതശൈലിയാണ് കാണുക. എഴുപതുകളുടെ ആദ്യം വൈദ്യപഠനത്തിനായി ജർമനിയിൽ ആദ്യമായി കാലുകുത്തിയപ്പോഴാണ് എനിക്ക് മാതൃഭാഷയുടെ പ്രാധാന്യത്തെപ്പറ്റി കൂടുതൽ വെളിവുണ്ടായത്. ജർമൻകാർക്ക് അവരുടെ ഭാഷ മാത്രം മതി, മറ്റൊന്നും വേണ്ട. ചിന്തിക്കുന്നതും പറയുന്നതും സ്വപ്നം കാണുന്നതുമെല്ലാം അവർ ജർമൻ ഭാഷയിൽ. അവരുടെ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസമേഖലകളിലും ജർമൻ മാത്രം . അത്രമാത്രം അവർ മാതൃഭാഷയെ സ്നേഹിക്കുന്നു.

എന്നാൽ കേരളത്തിലെ അവസ്ഥയെന്താണ് ?

മലയാളത്തോട് പലർക്കും പുച്ഛമല്ലേ? 200 വർഷക്കാലം ബ്രിട്ടീഷുകാരുടെ അടിമത്തഭരണം ഇന്ത്യക്കു നൽകിയ വിലക്ഷണസന്തതിയാണ് ഇംഗ്ലീഷ്ഭാഷ. ഇംഗ്ലീഷ്ഭാഷയെ കുറ്റം പറയുകയല്ല. അത് ലോകോത്തരഭാഷതന്നെ. അത് ഏവരും അറിഞ്ഞിരിക്കുകയും വേണം. എന്നാൽ മാതൃഭാഷയെ വിറ്റുകിട്ടുന്ന കാശുകൊണ്ട് ഇംഗ്ലീഷ് വാങ്ങേണ്ട എന്ന് മാത്രമാണ് പറയുന്നത്.

മാതൃഭാഷയെ മറന്നു ഇംഗ്ലീഷിനെ പുണരുന്ന ശൈലി മലയാളി മാറ്റണം. ഇന്ന് കേരളിത്തിലെന്താണ് സംഭവിക്കുന്നത്? സ്കൂളിൽ മലയാളം സംസാരിച്ചാൽ പിഴ അടിച്ചേൽപ്പിക്കുന്ന അധികൃതരുണ്ട്. മാതാപിതാക്കളാണെങ്കിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തേടിയുള്ള നെട്ടോട്ടമാണ്. അങ്ങനെ ചെറുപ്പത്തിലേ തന്നെ മക്കളിൽ മാതൃഭാഷയോടുള്ള അവജ്ഞ കുത്തിക്കയറ്റുന്നു. പിന്നെങ്ങനെ നമ്മുടെ കുട്ടികൾ മലയാളത്തെ സ്നേഹിക്കും?

ബഹുഭാഷാരാജ്യമായ ഇന്ത്യയിൽ ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ അനിവാര്യമാണെങ്കിലും അതിന്റെ മൂർത്തീകരണം മാതൃഭാഷയെ ബലികൊടുത്തുകൊണ്ടാകരുത്. സർക്കാർ- വിദ്യാഭ്യാസ-മാധ്യമ സ്ഥാപനങ്ങളിലെല്ലാം മലയാളം തന്നെ ആയിരിക്കണം മുഖ്യഭാഷ. അത് പഠിക്കാനും പറയാനും മാതാപിതാക്കളും അദ്ധ്യാപകരും മുൻകൈയെടുത്തു കുട്ടികളെ പ്രേരിപ്പിക്കണം. മെഡിക്കൽ വിദ്യാഭ്യാസരംഗത്താണ് ഇത് കൂടുതൽ വഷളായിക്കാണുന്നത്. ഇംഗ്ലീഷിൽ മാത്രം പഠിച്ചുപാസ്സാകുന്ന ഡോക്ടർമാർ ആശുപത്രികളിൽ സാധാരണക്കാരായ രോഗികളോട്‌ സംസാരിക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നും, കൂടുതൽ ഇംഗ്ലീഷ് പദങ്ങൾ. പൊതുവെ ഡോക്ടർമാരുടെ ഭാഷ എവിടെയും ഇംഗ്ലീഷ് ആയി കഴിഞ്ഞു. അതുകൊണ്ടു സംശയങ്ങൾ ദൂരീകരിക്കാനും സംവദിക്കാനും രോഗികൾക്കും ബന്ധുക്കൾക്കും വൈമുഖ്യം.

ലോകത്തു ഏതാണ്ട് 7000 ഇൽ പരം ഭാഷകളുണ്ട്‌. ഔദ്യോഗികമായി ഇന്ത്യയിൽ 22 മുഖ്യഭാഷകളുണ്ട്. എന്നാൽ പ്രാദേശിക ഭാഷകളും ഒരേഭാഷയിൽത്തന്നെയുള്ള വകഭേദങ്ങളും കണക്കാക്കിയാൽ സംഖ്യ 720 കവിയും. ഹിന്ദിയും ഇംഗ്ലീഷുമാണ് രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷകൾ.

5000 വർഷങ്ങൾ പഴക്കമുള്ള തമിഴാണ് ഇന്ത്യയിലെ ഏറ്റവും പ്രാചീനഭാഷയെന്നു കണക്കാക്കപ്പെടുന്നു. എന്നാൽ സംസ്കൃതമാണ് തമിഴിനേക്കാൾ പഴയതെന്ന വാദവുമുണ്ട്. മലയാളം ചെന്തമിഴിൽ നിന്ന് ഉത്ഭവിച്ചതെന്നു കരുതപ്പെടുന്നു. മലകളുടെ നാട് എന്നർത്ഥം വരുന്ന മലയാളം ദ്രാവിഡ ഭാഷയാണ്. ഉച്ചാരണ ഭേദങ്ങൾ കണക്കാക്കിയാൽ ഏതാണ്ട് പതിമൂന്നോളം ഭാഷാവ്യതിയാനങ്ങൾ മലയാളത്തിലുണ്ട്. കോട്ടയത്തുകാർ ശുദ്ധമലയാളം സംസാരിക്കുന്നു. ഏതൊരു സംസ്കാരത്തെയും അതിന്റെ തരളസ്പന്ദനങ്ങളെയും ആഴത്തിൽ അറിയണമെങ്കിൽ അവിടത്തെ ഭാഷയെ ഏവരും ഹൃദിസ്ഥമാക്കേണ്ടതാണ്.

നിങ്ങളുടെ സ്വന്തം ഡോ ജോർജ് തയ്യിൽ

Share News