![](https://nammudenaadu.com/wp-content/uploads/2022/01/271041523_4922460641108090_6305360866515918273_n.jpg)
കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ദീർഘവീഷണം ഇല്ലാത്തതിന്റെ ദുരന്തമാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്നത്.
രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടത്തുന്ന ചെറുതും വലുതുമായ പ്രോജക്ടുകളിൽ കമ്മീഷനും, ജോലികളിലും കോൺട്രാക്ടുകളിലും സ്വജനപക്ഷപാതവും ഉണ്ട് എന്നത് വസ്തുത ആണെങ്കിലും സിൽവർ ലൈൻ പദ്ധതി നടത്തണമെന്ന് ഇടത് പക്ഷ സർക്കാർ ശക്തമായ നിലപാട് എടുക്കുന്നത് കമ്മീഷൻ മാത്രം ലക്ഷ്യമാക്കിയാണ് എന്ന് കരുതുന്നത് യുക്തിയല്ല.
![](https://nammudenaadu.com/wp-content/uploads/2022/01/AnyConv.com__image-1-1.jpg)
രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കുളം തോണ്ടുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും പ്രത്യേകിച്ച് ഒരു തൊഴിലും ചെയ്യാതെ രാവിലെ മുതൽ രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന വലിയ വിഭാഗം സ്വന്തം ചിലവിനും, കുടുംബം നടത്താനും പണം ഉണ്ടാക്കുന്നത് ഇങ്ങനെയുള്ള ഏർപ്പാടുകളിൽ ഇടനില നിന്നാണ്.
വികസന പ്രവർത്തനം എന്ന പേരിൽ നടത്തുന്ന ഈ വക പരിപാടികളും അത് വഴി ഉണ്ടാകുന്ന സാമ്പത്തിക നേട്ടവും ഇല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഗ്രൗണ്ട് ലെവലിൽ ആൾക്കാർ ഉണ്ടാകില്ല. രണ്ടാം വട്ടവും ഭരണത്തിലെത്തിയ ഇടത് സർക്കാർ ഗ്രൗണ്ട് ലെവൽ പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കി കൊടുത്താൽ കോൺഗ്രസ്സിന്റെ ഇളകിയ അടിത്തറ ഇടിഞ്ഞു പൊളിഞ്ഞു വീഴും എന്ന കാര്യം ഉറപ്പാണ്. സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസ്സുകാർ ശക്തി യുക്തം എതിർക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്.
കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് കടന്ന് പോകുന്നത്. വിദേശത്ത് നിന്നുള്ള വരുമാനം കുറഞ്ഞു കൊണ്ടിരിക്കുന്നു, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ള മാന്ദ്യം എല്ലാ മേഖലയെയും ബാധിച്ചിട്ട് കാലം കുറെയായി. കേരളത്തിലെ എക്കണോമിയെ താങ്ങി നിർത്തിയിരുന്നത് വിദേശത്ത് നിന്ന് വന്നിരുന്ന പണത്തോടൊപ്പം വ്യാപകമായി ഉണ്ടായിരുന്ന കള്ളപ്പണവുമാണ്. കള്ളപ്പണത്തിന്റെ ഒഴുക്ക് കൊണ്ട് വിലക്കയറ്റം ഉണ്ടായെങ്കിലും സർക്കാരിന് നികുതി ഇനത്തിൽ വരുമാനം ഉണ്ടായിരുന്നു.
ഡി മോണടൈസേഷനും, കള്ളപ്പണക്കാർക്ക് എതിരായ കേന്ദ്ര സർക്കാരിന്റെ നടപടികളും, GST യും എക്കണോമിയിലെ കള്ളപ്പണത്തിന്റെ സ്വാധീനം കുറച്ചു. കള്ളപ്പണ ഒഴുക്ക് കുറഞ്ഞതോടെ റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലായി. കേരളത്തിലെ എക്കണോമിയിലേക്ക് ഇറക്കാൻ സർക്കാരിന്റെ കയ്യിൽ നയാ പൈസയില്ല. അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെ കയ്യിലേക്ക് പണം എത്തിയില്ലെങ്കിൽ ബിവറേജ് വഴിയുള്ള വരുമാനത്തിലും ഇടിവ് ഉണ്ടാകും.
കേരളത്തിലെ ജനങ്ങൾക്ക് സിൽവർ ലൈൻ കൊണ്ട് ഗുണം ഉണ്ടാകുമോ ഇല്ലയോ എന്നതോ 5-10 ശതമാനം കമ്മീഷനോ മാത്രമല്ല ഏകദേശം ഒരു ലക്ഷം കോടി രൂപ എക്കണോമിയിലേക്ക് ഇറക്കാനുള്ള വഴിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിയെ സർക്കാർ കാണുന്നത്. ഉൽപ്പാദനം ഇല്ലാത്ത ഉപഭോക്ത സംസ്ഥാനം ആയതിനാൽ ഇറക്കുന്ന ഒരു ലക്ഷം കോടിയിൽ ബഹുഭൂരിപക്ഷവും സംസ്ഥാനത്തിന് വെളിയിലേക്ക് പോകുമെങ്കിലും കൺസ്ട്രക്ഷൻ മെറ്റിരിയലുകൾ വാങ്ങുവാനും, തൊഴിലാളികൾ വഴിയും കുറെ പണം എക്കണോമിയിലേക്ക് ഇറങ്ങും.
സിൽവർ ലൈൻ സ്റ്റേഷൻ പരിസങ്ങളുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് കച്ചവടങ്ങൾ ഉണ്ടാകും. കമ്മീഷൻ പണം ഉൾപ്പടെ ബിനാമി പേരിലും അല്ലാതെയും എക്കണോമിയിലേക്ക് ഇറങ്ങും. എക്കണോമിയിൽ പണം റൊട്ടേറ്റ് ചെയ്യുമ്പോൾ സർക്കാരിന് നികുതി ഇനത്തിൽ വരുമാനം ഉണ്ടാകും. എക്കണോമിയിലേക്ക് പണം ഇറക്കാൻ സർക്കാരിന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് കടം എടുക്കുക അല്ലാതെ വേറെ വഴിയില്ല. കടം എടുക്കണമെങ്കിൽ പ്രോജക്ട് ഉണ്ടാകണം, അതിന് വേണ്ടി ഉണ്ടാക്കിയ പ്രോജക്ടാണ് സിൽവർ ലൈൻ.
![](https://nammudenaadu.com/wp-content/uploads/2022/01/k-rail.1.1126563-1.jpg)
കേരളത്തിന് ഇപ്പോൾ ഉള്ള കടം പോലും തിരിച്ചടക്കാൻ ശേഷി ഇല്ലാത്ത സാഹചര്യത്തിൽ വീണ്ടും കടം എടുക്കുന്നത് ആത്മഹത്യാപരമാണ്. കോൺഗ്രസ്സിന്റെ പ്രതിഷേധം സംസ്ഥാനത്തിന്റെ കടബാധ്യത ഓർത്തിട്ടോ പരിസ്ഥിതിയെ കുറിച്ച് ഓർത്തിട്ടോ അല്ല ഇടത് പക്ഷത്തിന്റെ ഗ്രൗണ്ട് ലെവൽ ശക്തമാവുകയും കോൺഗ്രസ്സിന്റേത് തകരുകയും ചെയ്യും എന്ന ബോധ്യം ഉള്ളത് കൊണ്ടാണ്.
കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ദീർഘവീഷണം ഇല്ലാത്തതിന്റെ ദുരന്തമാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്നത്. കേരളത്തിന്റെ അവസ്ഥ ഇത്രക്ക് പരിതാപകരം ആയിട്ടും ഇപ്പോളും താൽക്കാലിക രാഷ്ട്രീയനേട്ടം എങ്ങനെ ഉണ്ടാക്കാം എന്നത് അല്ലാതെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് ഗൗരവകരമായ ഒരു ചർച്ചയും ഭരണപക്ഷത്ത് നിന്നോ പ്രതിപക്ഷത്ത് നിന്നോ ഉണ്ടാകുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.
![](https://nammudenaadu.com/wp-content/uploads/2022/01/31913712_1841312055889646_8923195604306231296_n.jpg)
Justin George