കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം
ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് സംസ്ഥാനങ്ങളിൽ നിയന്ത്രണം. ഡൽഹി കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമെ മംഗ്‌ളൂരുവിലേക്ക് കടത്തിവിടൂവെന്നാണ് കർണാടകം ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ഇതിന് പുറമേ മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ്-19 റിപ്പോര്‍ട്ടുണ്ടങ്കിലേ കര്‍ണാടകത്തിലും മണിപ്പൂരിലും പ്രവേശിക്കാന്‍ കഴിയൂ. ഒഡീഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും എത്തിയാലുടന്‍ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
ഈ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.