രാജവീഥികളെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ രാജവീഥികളെ ഇളക്കിമറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് അമിത് ഷാ റോഡ് ഷോ നടത്തിയത്.
പൂമാലകള്‍കൊണ്ട് അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷാ പ്രചാരണം നടത്തിയത്. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് മുമ്പില്‍ റോഡ് ഷോ അവസാനിച്ചു.
അമിത്ഷായെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് തൃപ്പൂണിത്തുറയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയത്.
മഹിളാമോര്‍ച്ചയുടെ ടൂവീലര്‍ റാലി ഏറ്റവും മുമ്പിലൂടെ വീഥി ഒരുക്കിയപ്പോള്‍ പിന്നില്‍വര്‍ണ്ണാഭമായ വാദ്യഘോഷങ്ങളുംതെയ്യവും സ്ത്രീകളുടെ ശിങ്കാരിമേളവും പഞ്ചവാദ്യവും കാവടികളും കുംഭകുടവും അകമ്പടിയായി. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് അമിത് ഷായും ഡോ.കെ.എസ്.രാധാകൃഷ്ണനുംമുന്നേറിയപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശ കടല്‍ തീര്‍ത്തു.
മെല്ലെ നീങ്ങിയ വാഹനവ്യൂഹത്തിന് നേരെ പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രായമായവരും കുട്ടികളും യുവതി യുവാക്കളുമടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കടുത്ത ചൂടിനെ അവഗണിച്ചും കിഴക്കേകോട്ട മുതല്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രം വരെയുള്ള റോഡിനിരുവശത്തും കാത്ത് നിന്നത്. ക്ഷേത്രത്തിനു മുന്നില്‍ അവസാനിച്ച റോഡ് ഷോക്ക് ശേഷം അമിത് ഷാ കോട്ടയം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു.ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ അദ്ദേഹത്തെ അനുഗമിച്ചു.