
വിദ്യാശ്രീ പദ്ധതി: എച്ച് പി ഉള്‍പ്പെടെ നാലു മോഡലുകള്‍: വിദ്യാർത്ഥികൾക്ക് ഇനിയും അപേക്ഷിക്കാം
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത തവണവ്യവസ്ഥയില്‍ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് നല്‍കാനുള്ള പദ്ധതിയായ വിദ്യാശ്രീയില്‍ നാലു ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. എച്ച്പി, ലെനോവോ, ഏയ്‌സര്‍, കൊക്കോണിക്‌സ് എന്നീ നാലു കമ്പനികളായിരിക്കും ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുക.
തുടക്കത്തില്‍ 15,000 രൂപയാണ് സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചത്. പിന്നീട് ഇത് 18,000 രൂപയാക്കി. ഒരു ലാപ്‌ടോപ്പിനു കെഎസ്എഫ്ഇയില്‍ നിന്നു 15,000 രൂപയാണ് വായ്പ ലഭിക്കുക. ബാക്കി തുക ലാപ്‌ടോപ് വാങ്ങുന്നവര്‍ ഒറ്റത്തവണയായി നല്‍കണം.
കൊക്കോണിക്‌സ് CNBIC-EAN1 (14,990 രൂപ), ഏയ്‌സര്‍ ട്രാവല്‍മേറ്റ് B311–31 (17,883 രൂപ), എച്ച്പി 245 G8 (17,990 രൂപ), ലെനോവോ C41–55 (18,000 രൂപ) എന്നീ മോഡലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനിയും പദ്ധതിയിലേക്ക് അപേക്ഷിക്കാം.