യുദ്ധഭീതിയും സാമ്പത്തിക വെല്ലുവിളികളും|തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്ന രാജ്യത്തിന് ഹമാസ് – ഇസ്രയേൽ സംഘർഷം ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.
ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രയേൽ തിരിച്ചടിക്കുന്നു. ഇതു കരയുദ്ധമായി മാറുമോ എന്ന ആശങ്ക ലോകമാകെ പടരുന്നു. യുദ്ധമെന്നും നാശകാരിയാണ്. മനുഷ്യനും പ്രകൃതിക്കും ബന്ധപ്പെട്ട രാജ്യങ്ങൾക്കും മാത്രമല്ല, ബന്ധപ്പെടാത്ത രാജ്യങ്ങൾക്കും നാശനഷ്ടം വരുത്തുന്നു. സമ്പദ്ഘടനകളെ ഉലയ്ക്കുന്നു. പശ്ചിമേഷ്യയിലെ പുതിയ പോരാട്ടത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഒന്ന്: കരയുദ്ധം ഉണ്ടാകുമോ? ഉണ്ടായാൽ എത്രനാൾ നീളും?
രണ്ട്: യുദ്ധത്തിൽ മറ്റു രാജ്യങ്ങൾ പങ്കുചേരുമോ? ചേർന്നാൽ ആരൊക്കെ?
മൂന്ന്: യുദ്ധത്തിന്റെ പേരിൽ ഇന്ധനലഭ്യതയിൽ തടസം വരുമോ?
ഇന്ധനവില എത്രമാത്രം വർധിക്കും? (1973ലെ യോം കിപ്പുർ യുദ്ധത്തിനു ശേഷം എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന ഒപെക് ക്രൂഡ് ഓയിൽ വില അഞ്ചിരട്ടിയാക്കിയപ്പോൾ ലോകമെങ്ങും ഉണ്ടായ ദുസ്സഹവിലക്കയറ്റം ചരിത്രപാഠമാണ്).
ഇവയ്ക്കൊന്നും ഇപ്പോൾ ഉത്തരമില്ല. പെട്ടെന്ന് ഉത്തരം കിട്ടുകയുമില്ല.
ഇന്ധനം തന്നെ മുഖ്യവിഷയം
ഇന്ത്യ യുദ്ധത്തിൽ കക്ഷിയല്ല. പക്ഷേ യുദ്ധത്തിന്റെ ആഘാതം ഇന്ത്യയെ ബാധിക്കും. ഏറ്റവും വലിയ വിഷയം ഇന്ധനം തന്നെയാണ്. യുദ്ധം വ്യാപകമാകുമോയെന്ന ആശങ്ക കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വിലയെ വീപ്പയ്ക്ക് 91 ഡോളർ വരെ കയറ്റി. സാഹചര്യം മോശമായാൽ ക്രൂഡ് വില എവിടെവരെ പോകുമെന്ന് ആർക്കും അറിയില്ല. 2007ലെ 147 ഡോളർ വില ഒരു അതിരല്ലെന്ന് എല്ലാവർക്കും അറിയാം.
ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിൽ പോയാൽ ഇന്ത്യയുടെ സാമ്പത്തിക നിഗമനങ്ങൾ പാളം തെറ്റും. വിദേശവ്യാപാര കമ്മി വർധിക്കും. അതു വഴി കറന്റ് അക്കൗണ്ട് കമ്മി (രാജ്യത്തിന്റെ കടം ഒഴികെയുള്ള വിദേശ ഇടപാടുകളുടെ ബാക്കിപത്രം) താങ്ങാവുന്നതിലും അധികമാകും. വിലക്കയറ്റം കൂടും. സാമ്പത്തികവളർച്ചയ്ക്കു വേഗം കുറയും. ചിലപ്പോൾ മാന്ദ്യവും വരാം.
ദുസ്സഹ വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും
യുദ്ധം നീളുകയും ക്രൂഡ് വില നൂറു ഡോളറിനു മുകളിൽ നിൽക്കുകയും ചെയ്താൽ വേറേ പല ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകും.
ഒന്ന്: വിലക്കയറ്റം രൂക്ഷമാകും. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും. അതു പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഗുരുതരമായ ഒരു നിലയിലേക്ക് – സാമ്പത്തിക മാന്ദ്യത്തിലേക്ക് – ലോകത്തെ നയിക്കാം.
രണ്ട്: മാന്ദ്യം തൊഴിലും വരുമാനവും കുറയ്ക്കുന്നു. ആഗോളതലത്തിൽ ഇതുമൂലം സാമൂഹ്യ അസ്വസ്ഥതകൾ പൊട്ടിപ്പുറപ്പെടും. 1973ലെ ഒന്നാം ഓയിൽ ഷോക്കും 1981ലെ ഇറാൻ – ഇറാക്ക് യുദ്ധത്തെ തുടർന്നുള്ള രണ്ടാം ഓയിൽ ഷോക്കും 1991ലെ ഒന്നാം ഗൾഫ് യുദ്ധത്തെത്തുടർന്നുള്ള മൂന്നാം ഓയിൽ ഷോക്കും ലോകം മറന്നിട്ടില്ല.
മൂന്ന്: ആഗോളവത്കരണം, സ്വതന്ത്ര വ്യാപാരം തുടങ്ങിയ ആശയങ്ങൾ പിന്തള്ളപ്പെടും. ഓരോ രാജ്യവും സ്വന്തം താത്പര്യം മാത്രം നോക്കി നയങ്ങളും നടപടികളും തീരുമാനിച്ചു നടപ്പാക്കും. അതു ലോകവാണിജ്യം കുറയ്ക്കും.
നാല്: തൊഴിലും വരുമാനവും കുറയുമ്പോൾ കുടിയേറ്റക്കാർക്കെതിരായ വികാരങ്ങൾ ശക്തിപ്പെടും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള യുവാക്കൾക്ക് വിദേശ അവസരങ്ങൾ താത്കാലികമായി കുറയും.
കോളിളക്കങ്ങളിലേക്ക്
യുദ്ധത്തിൽ മറ്റു രാജ്യങ്ങൾ ചേർന്നു വ്യാപകമായാൽ എന്താകും അവസ്ഥ എന്നത് ചിന്തിക്കാവുന്നതിലും അധികമാണ്. ആണവയുദ്ധത്തിലേക്കു വരെ കാര്യങ്ങൾ വഴുതിവീഴാം. ഇസ്രയേലുമായുള്ള യുദ്ധങ്ങളിലെല്ലാം (1948, 1967, 1973) പരാജയപ്പെട്ട അറബിരാജ്യങ്ങളിലെ ജനവികാരം ഹമാസിന്റെ ഭീകരതയുടെ കൂടെ ചേർന്നാൽ എന്തും സംഭവിക്കാം. അതിന്റെ സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ജനഹിതത്തെ മനസിലാക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്യാത്ത രാജാക്കന്മാരും അമീർമാരും ഷെയ്ക്കുമാരും ഭരിക്കുന്ന നാടുകളിൽ രാഷ്ട്രീയ കോളിളക്കങ്ങളും ഉണ്ടാകാം.
ഹമാസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗാസയിൽ കടന്നുകയറി ആക്രമിച്ചാൽ വലിയ ആൾനാശം തീർച്ചയാണ്. അതു മേഖലയിലും പുറത്തും നാഗരിക ഭീകരരുടെ പുതിയ തലമുറയ്ക്കു വഴിതെളിക്കും എന്ന ഭീഷണിയുമുണ്ട്. 1970കളിലേതുപോലെ സാമ്പത്തികവളർച്ച കുറഞ്ഞുനിൽക്കുന്ന, അനിശ്ചിതത്വം നിറഞ്ഞ, ഒരു കാലത്തേക്ക് അതു ലോകത്തെ നയിക്കാം.
ഇസ്രയേൽ-ഹമാസ് സംഘർഷം അവരുടെ മണ്ണിൽ ഒതുങ്ങിനിന്ന് ഏറ്റവും വേഗം അവസാനിച്ചാൽ ലോകത്തിന് ആശ്വസിക്കാം. പക്ഷേ അതിനു സാധ്യത കുറവാണ്. നീണ്ട ഒരു സംഘർഷം ഇന്ത്യക്ക് ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളികൾ പലതാണ്.
വാണിജ്യവും തൊഴിലും പ്രശ്നം
ഒന്ന്: ഹമാസിനെ തുണയ്ക്കുന്ന ഗൾഫ് രാജ്യങ്ങൾ ഇന്ത്യയോടുള്ള അടുപ്പം കുറയ്ക്കും. വാണിജ്യ, തൊഴിൽ മേഖലകളിൽ അതു പ്രശ്നമാകും.
രണ്ട്: ഇസ്രയേലിൽ പാശ്ചാത്യ രാജ്യങ്ങളുടെ ധാരാളം ഔട്ട് സോഴ്സിംഗ് സ്ഥാപനങ്ങളുണ്ട്. അവയിൽ കുറേ സംഘർഷം കുറഞ്ഞ രാജ്യങ്ങളിലേക്കു മാറ്റും. ഇന്ത്യയിലേക്ക് അവയിൽ ചിലതു വരാം. അതു നമുക്കു നേട്ടമാകും.
മൂന്ന്: ഇന്ത്യയുടെ പ്രമുഖ ഐടി സേവന കമ്പനികൾ ഇസ്രയേലിലെ ഓഫീസുകൾ നിർത്തലാക്കേണ്ടിവരാം. അവ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ പുനഃസ്ഥാപിക്കണം. ടിസിഎസും വിപ്രോയും ഇൻഫോസിസും ഇസ്രയേലിൽ പ്രവർത്തിക്കുന്നുണ്ട്.
നാല്: ഇസ്രയേലിൽ 20,000ത്തിലേറെ ഇന്ത്യക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനുമായി കഴിയുന്നു. സംഘർഷമേഖലകളിലുള്ളവർ മടങ്ങിപ്പോരുന്നുണ്ട്. സംഘർഷം നീണ്ടാൽ മറ്റുള്ളവരും മടങ്ങുന്ന സാഹചര്യം ഉണ്ടാകാം. ഒത്തിരി കുടുംബങ്ങളുടെ ജീവിതസ്വപ്നങ്ങളാണ് അതുവഴി ഊതിക്കെടുത്തുക.
രൂപ എങ്ങോട്ട്?
അഞ്ച്: നീണ്ടതും വ്യാപകവുമായ യുദ്ധം ക്രൂഡ് വില കൂട്ടുന്നതിനൊപ്പം രൂപയുടെ വിനിമയനിരക്ക് താഴ്ത്തും. മാസങ്ങൾ നീളുന്ന ഒരു യുദ്ധം രൂപയെ അഞ്ചു മുതൽ എട്ടു വരെ ശതമാനം താഴ്ത്തും എന്നാണു വിദഗ്ധർ പറയുന്നത്. അതായത്, ഡോളർ 83 രൂപയിൽനിന്ന് 88-90 മേഖലയിലേക്കു കയറാം. ഒട്ടും സുഖകരമാകില്ല രാജ്യത്തിന്റെ വിദേശ ഇടപാടുകളുടെ കൈകാര്യം. ക്രൂഡ് ഓയിൽ അടക്കം ഇറക്കുമതി സാമഗ്രികൾക്കെല്ലാം ആനുപാതികമായി വില കൂടും.
ആറ്: ക്രൂഡ് ഓയിൽ വില കൂടിയും രൂപ ഇടിഞ്ഞും നിൽക്കുമ്പോൾ ഇന്ധനവില കൂട്ടിയില്ലെങ്കിൽ എണ്ണക്കമ്പനികൾ വലിയ പ്രതിസന്ധിയിലാകും. ഈ വർഷം ആദ്യപകുതിയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 21,000 കോടി രൂപ നഷ്ടം വന്നതാണ്. അന്നത്തേക്കാൾ ഉയർന്ന വില കൂടുതൽ കാലം നിന്നാൽ കമ്പനികൾക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതാകും. അത് എങ്ങനെ തരണം ചെയ്യും എന്നതു വലിയ ചോദ്യമാണ്.
ഏഴ്: വാണിജ്യബന്ധത്തെ സംബന്ധിച്ചിടത്തോളം ഇസ്രയേൽ അത്ര വലിയ രാജ്യമല്ല. ഇന്ത്യയുടെ കയറ്റുമതിയിൽ രണ്ടു ശതമാനത്തിൽ താഴെയേ ഇസ്രയേലിലേക്കുള്ളൂ. കഴിഞ്ഞ ധനകാര്യ വർഷം 840 കോടി ഡോളറിനുള്ള സാധനങ്ങൾ ഇസ്രയേലിലേക്കു കയറ്റിയയച്ചു. 230 കോടി ഡോളറിന്റേത് ഇറക്കുമതി ചെയ്തു. ഡീസലും (550 കോടി ഡോളർ) മുറിച്ച് പോളിഷ് ചെയ്ത രത്നങ്ങളും (120 കോടി ഡോളർ) ആണു പ്രധാന കയറ്റുമതി. വാണിജ്യത്തിനു താത്കാലിക തടസങ്ങൾ ഉണ്ടാകാം.
എട്ട്: പ്രതിരോധ രംഗത്തെ ഇന്ത്യ-ഇസ്രേലി സഹകരണം വിപുലമാണ്. ഡ്രോൺ സാങ്കേതികവിദ്യ മുതൽ മിസൈൽ പ്രതിരോധവും സൈബർ ആക്രമണവും ബിഗ് ഡാറ്റാ അനലിറ്റിക്സും വരെ നീളുന്നു അത്. നീണ്ട യുദ്ധം ഈ സഹകരണത്തിന്റെ വിപുലീകരണത്തിനു തടസമാകും.
തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്ന രാജ്യത്തിന് ഹമാസ് – ഇസ്രയേൽ സംഘർഷം ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.
റ്റി.സി. മാത്യു