The Pope thanked for it as well as for the expression of love and communion.

Share News

The Syro Malabar Participants in the Synod met Holy Father Pope Francis on Monday, 16th October 2023, before the Synodal Session and presented an Icon on St. Francis of Assisi drawn by Fr. Jacob Kooroth to the Holy Father.

The Pope thanked for it as well as for the expression of love and communion.

സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

കാക്കനാട്: ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭയുടെ പ്രതിനിധികൾ 2023 ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ച്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച്ചയിൽ ഫാ. ജേക്കബ് കൂരോത്ത് വരച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഐക്കൺ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ വീണ്ടും ക്ഷണിച്ചു. പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദർശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂർണ്ണതയിൽ ദൈവഹിതപ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ കൂടിച്ചേരലിന് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു.

സീറോമലബാർ സഭാ പ്രതിനിധികളായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനോടും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനോടുമൊപ്പം സിനഡിൽ സംബന്ധിക്കുന്ന മറ്റു മലയാളികളും ഈ കൂടിക്കാഴ്ച്ചയിൽ പങ്കുചേർന്നു. ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മെൽബൺ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, ഗൾഫ് രാജ്യങ്ങളിലെ സഭയെ പ്രതിനിധീകരിക്കുന്ന ദുബായിൽനിന്നുള്ള ശ്രീ. മാത്യു തോമസ്, സിനഡൽ മീഡിയ ടീം അംഗമായ ഫാ. ജോർജ് പ്ലാത്തോട്ടം SDB, സിനഡൽ ടീമിനെ സഹായിക്കുന്ന സംഘത്തിലെ അംഗമായ ബെൽത്തങ്ങാടി രൂപതാംഗം ഫാ. ടോമി കള്ളിക്കാട്ട് എന്നിവരും ഈ കൂടിക്കാഴ്ച്ചയിൽ പിതാക്കന്മാരോടൊപ്പം സന്നിഹിതരായിരുന്നു.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഒക്ടോബർ 16, 2023

Share News