വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല: എം.വി. ഗോവിന്ദൻ മാസറ്റർ
തിരുവനന്തപുരം: മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനാവില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത സമൂഹമാണ് ഇവിടുത്തേത്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കില്ലെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.