ഒരു പുനരധിവാസ പാക്കേജിന് വേണ്ടി കേരളത്തിൽ സമരം ചെയ്യാൻ നമുക്ക് ഒരു മേധാപാഡ്കർ ഉണ്ടായില്ലല്ലോ!

Share News

ദുർബലം

ഒരു ഭൂപ്രദേശത്തെ മുഴുവൻ ബാധിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് പ്രത്യേകിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാൻ ഒരു കമ്മീഷനെ നിയമിക്കുമ്പോൾ പ്രസ്തുത കമ്മീഷനിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ തീർച്ചയായും ഉണ്ടാകണം. എന്നാൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർക്ക് മാത്രം മുൻതൂക്കമുള്ള ഒരു കമ്മീഷൻ ആയിപ്പോയാൽ അത് നമുക്ക് നൽകുന്ന റിപ്പോർട്ട് വളരെ ഏകപക്ഷീയമായിരിക്കും. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ചെയർമാൻ ആയിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിൻ്റെ പോരായ്മയും അതായിരുന്നു. പശ്ചിമഘട്ട മേഖല എന്നത് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ 6 സംസ്ഥാനങ്ങളെ ബാധിക്കുന്ന ഭൂപ്രദേശത്തിൻ്റെ വിനിയോഗത്തെ ബാധിക്കുന്ന ഒരു കമ്മീഷൻ ആയിരുന്നു. അത്തരം ഒരു കമ്മീഷണനിൽ നിർബന്ധമായും ആരൊക്കെ വേണമായിരുന്നു? പരിസ്ഥിതി ശാസ്ത്രജ്ഞരും ഭൗമ ശാസ്ത്രജ്ഞനും, അവിടെ വിവിധതരം ജലാശയങ്ങളും അണക്കെട്ടുകളും ഉള്ളതിനാൽ ഹൈഡ്രോളജിസ്റ്റും കാലാവസ്ഥ ശാസ്ത്രജ്ഞയും തീർച്ചയായും അതിൽ വേണം. മതിയോ? പോരാ. വലിയൊരു ജനവിഭാഗം ഇതിൽ സ്റ്റേക്ക് ഹോൾഡേഴ്സ് ആകുന്നില്ലേ? അപ്പോൾ അതിൽ സാമൂഹിക ശാസ്ത്രജ്ഞയും ഡെമോഗ്രാഫിക് വിദഗ്ദ്ധനും വേണം. അവിടെ കുടിയൊഴിപ്പിക്കപ്പെടുകയോ നഷ്ടം നേരിടുകയോ ചെയ്യുന്ന ജനങ്ങൾ ഉണ്ടാവില്ലേ? അപ്പോൾ പ്ലാനിങ് വിദഗ്ദ്ധൻ വേണം. കുടിയൊഴിയേണ്ടി വരുന്നില്ലെങ്കിലും മറ്റു തരം സാമ്പത്തിക നഷ്ടം സഹിക്കുന്ന ഒത്തിരിപ്പേർ ഉണ്ടാവില്ലേ? അപ്പോൾ അവർക്കുകൂടി നീതി ലഭിക്കുന്ന ഒരു റിപ്പോർട്ട് ഉണ്ടാകണമെന്നുണ്ടെങ്കിൽ തീർച്ചയായും നീതിബോധമുള്ള ഒരു ജഡ്ജി കൂടി പാനലിൽ ഉണ്ടാകണം. ഇത്രയും മതിയോ? ഓരോ സ്ഥലത്തു നിന്നുമുള്ള സാമൂഹിക പ്രതിനിധികളോ ജനപ്രതിനിധികളോ വേണ്ടേ?

ഇപ്പറഞ്ഞവരൊന്നും പാനലിൽ ഇല്ലെങ്കിൽ, തങ്ങളുടെ വാക്ക് അന്തിമം ആയിരിക്കില്ല, വേറെയും വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരുടെ സമിതികളുമായി കൂടിയാലോചിച്ചുമാത്രമേ തങ്ങളുടെ റിപ്പോർട്ട് നടപ്പാക്കാൻ സാധ്യതയുള്ളൂ എന്ന ബോധ്യം പാനലിന് ഉണ്ടായിരിക്കണം.

ഇനി വെറുതേ നമുക്കൊരു കേസ് വിഭാവന ചെയ്യാം. 1999-ൽ ഒരു ദരിദ്ര കർഷകൻ തൻ്റെ സമ്പാദ്യം മുഴുവൻ വിറ്റു കിട്ടിയ 10 ലക്ഷം രൂപ നല്കി വയനാട്ടിലെ പരമാവധി ഉൾപ്രദേശത്തുള്ള മലമേഖലയിൽ 2 ഏക്കർ ഭൂമി വാങ്ങി എന്നു കരുതുക. സമ്പന്നനല്ല അയാൾ. ദരിദ്രനാണ്. മലഞ്ചെരിവ് തട്ടുതട്ടായി തിരിക്കാനും ഒരു മീറ്റർ നീളം -വീതി -ഉയരത്തിൽ റബ്ബർക്കുഴി എടുക്കാനും നല്ലയിനം റബ്ബർ തൈകൾ വാങ്ങി വളമിട്ട് നട്ട് വർഷാവർഷം കളകൾ വെട്ടിമാറ്റി വളമിട്ട് അയാൾ എട്ടുപത്ത് വർഷം കൂടി അധ്വാനിക്കുന്നു. (വയനാട്ടിൽ റബ്ബർ വളർച്ചയെത്താൻ കൂടുതൽ കാലം വേണം). അയാൾക്കപ്പോൾ 4 -5 ലക്ഷം രൂപ കൂടി ചെലവായിട്ടുണ്ട്. നല്ലൊരളവ് സ്വന്തം അധ്വാനവും കടവും. ഏതാനും വർഷത്തിനകം തൻ്റെ പ്രദേശത്ത് ഒരാസ്പത്രി വരും എന്നും ഒരു വിദ്യാലയം ഉണ്ടാകുമെന്നും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. റബ്ബർ മരങ്ങൾ വരുമാനം നല്കാൻ തുടങ്ങുമ്പോഴേക്കും അതിൽ കുറേ വിറ്റ് മക്കളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവും നടത്താമെന്നും അദ്ദേഹം കിനാവു കണ്ടിരുന്നു. 2011-ൽ ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്. അതോടെ അവിടേക്ക് ഇനിയാരും പുതുതായി താമസിക്കാൻ എത്തില്ല. ഇനി സ്കൂളും ആസ്പത്രിയും ഉണ്ടാവില്ല എന്നാവുന്നു. 14 ലക്ഷം ചെലവായ ഭൂമിക്ക് 4 ലക്ഷത്തിനു പോലും വാങ്ങാൻ ആളില്ല. ഇത്തരം ഒരാളല്ല, പതിനായിരം പേർ കേരളത്തിൽ ഉണ്ടെങ്കിൽ അവരുടെ കാര്യം അഡ്രസ്സ് ചെയ്യപ്പെടേണ്ടതല്ലേ? അദ്ദേഹത്തിനുണ്ടായ നഷ്ടം നികത്തി സർക്കാർ നഷ്ടപരിഹാരം നല്കി അത്തരക്കാരെ പുനരധിവസിപ്പിക്കേണ്ടതല്ലേ? ഇത്തരം അനേകരെ എനിക്ക് അറിയാവുന്നതുപോലെ കേരളത്തിലെ പകുതിപ്പേർക്കും അറിയാമായിരിക്കില്ലേ?

ഗുജറാത്തിലെ സർദാർ സരോവർ പദ്ധതിയുടെ പേരിൽ അവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളടക്കമുള്ള ജനതക്ക് അർഹമായ പുനരധിവാസ പാക്കേജിനു വേണ്ടി മേധാ പാട്ക്കർക്കൊപ്പം സമരം ചെയ്യാൻ ധോം ഘേഡിയിൽ ഞാനും പോയിട്ടുണ്ടല്ലോ. എന്നാൽ, പ്രോജക്റ്റ് അഫക്റ്റഡ് ആയ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് സാധുക്കളുടെ പേർക്ക് അത്തരം ഒരു പുനരധിവാസ പാക്കേജിന് വേണ്ടി കേരളത്തിൽ സമരം ചെയ്യാൻ നമുക്ക് ഒരു മേധാപാഡ്കർ ഉണ്ടായില്ലല്ലോ!

കേരളത്തിൻ്റെ ഭൂപ്രകൃതിയനുസരിച്ച് മലനാട് (high-land), ഇടനാട് (mid-Iand), തീരപ്രദേശം (low-land) എന്നാണ് പറയുക. ശരാശരി 50 കി.മീറ്ററോളം വീതിയേയുള്ളൂ നമ്മുടെ ഈ കേരളത്തിന്. സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ ഉയരം വരെ ഉള്ള പ്രദേശം: തീരപ്രദേശം; സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരത്തിലുള്ള ഭൂപ്രദേശം: ഇടനാട്; 75 മീറ്റർ മുതൽ 750 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശം: നമ്മുടെ മലനാടും. അതിനു മുകളിൽ മലകളുടെ ഉയരങ്ങളും. ഈ മലനാടാണ് പശ്ചിമഘട്ടം എന്നറിയപ്പെടുന്നത്. ഈ പ്രദേശം കേരളത്തിന്റെ പകുതിയോളം ഏരിയ വരും. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കാണ് സംശയം? തീർച്ചയായും ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിന്റെ നിരീക്ഷണങ്ങൾ നാം പരിഗണിക്കുകയും അതിനോട് ചേർന്നു പോകുന്ന നിയമനടപടികൾ, പുനരധിവാസ പാക്കേജുകളോടും പ്രോത്സാഹനങ്ങളോടും കൂടി നടപ്പിലാക്കുകയും വേണം.

കേരളം മാത്രമാണോ ഗാർഡ്ഗിൽ കമ്മീഷനെ തിരസ്കരിച്ചത്? കേരളത്തെക്കാൾ മുമ്പ് അത് ചെയ്തത് കർണാടകമാണ്. കേരളത്തെക്കാൾ കൂടുതൽ ലോക്സഭാ എംപിമാർ ഉള്ള സംസ്ഥാനം. തമിഴ്നാടും ഗോവയും മഹാരാഷ്ട്രയും കേന്ദ്ര സർക്കാർ നിയോഗിച്ച ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെ ശക്തമായി എതിർത്തു.

എന്റെ കുടുംബക്കാർ ആരും കരിങ്കൽ ക്വാറികൾ നടത്തുന്നില്ല. അതുകൊണ്ടുതന്നെ മലനാട്ടിൽ ഉള്ള കരിങ്കൽ ക്വാറികൾ നിലനിൽക്കണമെന്ന് എനിക്ക് പ്രത്യേക താൽപര്യങ്ങൾ ഒന്നും ഇല്ല.

നമ്മുടെ കേരളമല്ലേ?! കരിങ്കൽ ക്വാറികൾ എന്നല്ല, സാമ്പത്തിക വരുമാനമുള്ള എന്തുകാര്യം കേരളത്തിൽ ചെയ്യുന്നതിനും രാഷ്ട്രീയ സ്വാധീനം ഇല്ലാതെ നടക്കില്ല എന്നത് പരമാർത്ഥമാണ്. ആവശ്യം അനുസരിച്ചാണ് ഉദ്പാദനം നടക്കുക. കേരളത്തിന്റെ മലനാട്ടിലുള്ള കരിങ്കൽ ക്വാറികളിൽനിന്ന് ഖനനം ചെയ്തെടുക്കുന്ന കരിങ്കല്ല് ആരാണ് ഉപയോഗിക്കുന്നത്? കേരളം ഏറ്റവും കൂടുതൽ കരിങ്കല്ല് ഉപയോഗിച്ചിട്ടുള്ളത് കേരളത്തിന്റെ തീരപ്രദേശം സംരക്ഷിക്കാനാണ്; തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അടക്കം കേരളത്തിലെ മിക്ക നഗരങ്ങളും സംരക്ഷിക്കാനാണ്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ കേരളത്തിന്റെ കടൽത്തീരത്ത് കടൽഭിത്തിയായി നാം നിക്ഷേപിച്ചിട്ടുള്ളത് മലനാട്ടിൽനിന്നുള്ള കരിങ്കല്ലാണ്. രണ്ടാമതായി വരുന്നു, കേരളത്തിന്റെ റോഡുനിർമ്മാണ മേഖല. മൂന്നാമതായി ഭവന നിർമ്മാണ-കെട്ടിട നിർമ്മാണ മേഖല. (സ്വന്തം വീടിനും കെട്ടിടത്തിനും കോൺക്രീറ്റ് മേല്ക്കൂര ചെയ്തിട്ടില്ലാത്തവർ ദയവായി ഒന്ന് കൈ പൊക്കുമോ?) നാലാമതായി നമ്മുടെ റെയിൽവേ. എങ്കിലും, ഒറ്റകെട്ടായി നാം പറയണം, പാരിസ്ഥിതികമായി ഏറ്റവും ദുർബലമായ മേഖലകളിൽ ക്വാറികളും ഇതര ഖനനങ്ങളും അനുവദിക്കപ്പെടരുത്.

പിന്നാലെ വന്ന കസ്തൂരി രംഗൻ കമ്മീഷനും കർണ്ണാടകത്തിനും കേരളത്തിനും മലയോര ജനതക്കും സ്വീകാര്യമായില്ല. അത് മറ്റൊരു വിഷയമാണ്. ‘പരിസ്ഥിതി’യെ മനുഷ്യൻ ഇല്ലാത്ത പരിസ്ഥിതി മാത്രമായി കാണാൻ ശീലിച്ചിട്ടുള്ള കേരളത്തിലെ മിക്കവാറും പരിസ്ഥിതി വാദികൾ കസ്തൂരിരംഗൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണം എന്ന് ആവശ്യമുയർത്തുന്നില്ലാത്തതിനാൽ അതിനെക്കുറിച്ച് പറയേണ്ടതില്ല.

ഇവിടെ മനുഷ്യർ ഇല്ലെന്നുവരികിൽ, പണ്ട് മഴുവീശി ഉണ്ടായ കേരളം അറബിക്കടലിലേക്ക് തിരിച്ചിറങ്ങിപ്പോയാലും നമുക്കെന്ത്? പ്രകൃതിയുടെ താണ്ഡവം മാത്രം. എത്ര നാടുകളും ഭൂപ്രദേശങ്ങളും അങ്ങനെ കടലിലാണ്ടുപോയിരിക്കുന്നു! കരപോയാൽ കടൽ ജീവിക്കും.

പരിസ്ഥിതി രാഷ്ട്രീയമടക്കം എല്ലാ രാഷ്ട്രീയ അജണ്ടകളും മാറ്റിവച്ച് തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കാൻ നാമെല്ലാം ഇനിയും തയ്യാറാകുന്നില്ലെങ്കിൽ യാതൊരു പ്രശ്നപരിഹാരത്തിലേക്കും നാമൊന്നും എത്താൻ പോകുന്നില്ല. കുറേ പാവങ്ങളുടെ കണ്ണീരും കുറേ മുതലക്കണ്ണീരും മാത്രം ആവർത്തിക്കപ്പെടും. കേരളം അതൊരിക്കലും അർഹിക്കുന്നില്ല. പരിസ്ഥിതി -VS- വികസനം എന്നാണ് മിക്കവാറും പരിസ്ഥിതിവാദികൾ പ്രചരിപ്പിക്കുന്ന ദ്വന്ദ്വം. പരിസ്ഥിതിയെയും മനുഷ്യരെയും ഒരുപോലെയെങ്കിലും പരിഗണിക്കുമ്പോഴേ ശാസ്ത്രത്തെ ശാസ്ത്രമെന്ന് വിളിക്കാനാകൂ. അതിനായി, എല്ലാ വൈജ്ഞാനിക മേഖലകളിലും നിന്നുള്ള വൈജ്ഞാനിക സമൂഹം മഹാത്മാഗാന്ധി പറയും പോലെ, താൻ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനെ മനസ്സിൽ കണ്ടുകൊണ്ട് മനസ്സുതുറന്ന് പൊതുസമൂഹത്തോടൊപ്പം ചർച്ചക്കിരിക്കട്ടെ. നമുക്കത് സാധ്യമാകണം.

George Valiapadath 

Share News