എന്താണ് പാസ്പോർട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ ?

Share News

പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിനായി അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് പോലീസ് പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലപരിശോധനകളാണ് പോലീസ് വെരിഫിക്കേഷനിൽ ഉൾപ്പെടുന്നു. ഇക്കാര്യങ്ങൾ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി പോലീസ്, പാസ്പോർട്ട് ഓഫീസിലേക്ക് അയയ്ക്കും.

സാധാരണയായി രണ്ടു തരത്തിലാണ് പാസ്പോർട്ട് അധികൃതർക്ക് പോലീസ് റിപ്പോർട്ട് നൽകുന്നത്. റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ.

അപേക്ഷകനെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമായതിനാൽ പാസ്പോർട്ട് അനുവദിക്കാമെന്ന ശുപാർശയാണ് റെക്കമെന്റഡ് റിപ്പോർട്ട്. അന്വേഷണത്തിൽ അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലമോ ക്രിമിനൽ കേസ് വിവരങ്ങളോ വെളിവായാൽ നോട്ട് റെക്കമെന്റഡ് റിപ്പോർട്ട് ആയിരിക്കും പോലീസ് നൽകുക. പാസ്പോർട്ട് വീണ്ടും അനുവദിക്കുന്നതിനും പോലീസ് വെരിഫിക്കേഷനുണ്ടാവും.

വെരിഫിക്കേഷൻ നടപടികളുടെ കാലതാമസം ഒഴിവാക്കാൻ കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസ് എന്നറിയപ്പെടുന്ന ആധുനിക സംവിധാനം നാഷണൽ ഡാറ്റാ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തി ഇന്ത്യയിൽ എവിടെയും കുറ്റകൃത്യം നടത്തി കേസിൽ പെട്ടിട്ടുണ്ടെങ്കിൽ ഈ സംവിധാനം വഴി മനസ്സിലാക്കാൻ കഴിയും. സൂക്ഷ്മതയും കൃത്യതയും വേഗവും ഉറപ്പാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അപേക്ഷിച്ച് 21 ദിവസത്തിനുള്ളിൽ പാസ്പോർട്ട് അപേക്ഷകളിൽ തീരുമാനമാകണമെന്നാണ് വ്യവസ്ഥയെങ്കിലും 48 മുതൽ 72 വരെ മണിക്കൂറിനുള്ളിൽ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി പാസ്സ്‌പോർട്ട് ഓഫീസിലേക്ക് ശുപാർശ നൽകാൻ ഇപ്പോൾ കേരള പോലീസിനു കഴിയുന്നുണ്ട്.

പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ ആപ്പ് വഴി അപേക്ഷയുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാം. പരിശോധന പൂർത്തിയാക്കി അപേക്ഷകൾ പാസ്സ്‌പോർട്ട് ഓഫീസിലേക്ക് മടക്കുമ്പോൾ അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് SMS വഴി വിവരം ലഭിക്കും.

പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 👉https://play.google.com/store/apps/details…

Share News