വെട്ടിക്കൊന്ന ഭീകരതയ്ക്ക് വധശിക്ഷ

Share News

രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിത് എന്ന് കോടതി കണ്ടെത്തി. കൊച്ചുവെളുപ്പാൻ കാലത്തു ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ ‘അമ്മ, ഭാര്യ, രണ്ടു പെണ്മക്കൾ എന്നിവരുടെ മുന്നിലിട്ട് വെട്ടിയും കുത്തിയും രഞ്ജിത്തിനെ കൊലപ്പെടുത്തി.

12 പ്രതികൾ ആറ് ബൈക്കുകളിൽ രഞ്ജിത്തിൻ്റെ വീട്ടിൽ എത്തുകയായിരുന്നു. ആറ് പ്രതികൾ കാവൽ നിന്നു. ആറ് പേർ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുകയാണ് ഉണ്ടായത്. കൊലപാതകം ആസൂത്രിതമായിരുന്നു . എല്ലാ പ്രതികളും ഇസ്ലാമിക തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരാണ്. അവരെ സംബന്ധിച്ചിടത്തോളം ഈ കൊലപാതകം ഇസ്ലാമിക ജിഹാദായിരുന്നു. ജിഹാദിൽ ചത്താലും കൊന്നാലും സ്വർഗം കിട്ടും എന്ന് അവർ വിശ്വസിക്കുന്നു. സംഘടന പിന്നീട് നിരോധിക്കപ്പെട്ടു .

മാനവികവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ വധശിക്ഷയെ എതിർത്തുകൊണ്ട് ഇതിനകം തന്നെ രംഗത്ത് വന്നു കഴിഞ്ഞു. ഒരാളുടെ ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല . രഞ്ജിത്തിന്റെ ജീവൻ പ്രതികൾ എടുത്തത് തെറ്റാണെങ്കിൽ കോടതി ജീവൻ എടുക്കാൻ ഉത്തരവ് ഇടുന്നതും തെറ്റ് തന്നെ. പ്രതികൾ ചില സാഹചര്യങ്ങൾ കൊണ്ട് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരാണ്. ആ സാഹചര്യങ്ങൾ മാറിയാൽ അവർ സ്വാഭാവികമായും കുറ്റകൃത്യത്തിൽ നിന്നും വിമുക്തരാകും. അതുകൊണ്ടു അവർക്കു നന്നാകാൻ അവസരം നൽകി അവരെ നന്നാക്കിയെടുക്കണം എന്നാണ് ഇക്കൂട്ടരുടെ വാദഗതി.

ഈ വാദഗതി ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ അംഗീകരിച്ചിട്ടില്ല . അതുകൊണ്ടു കൊലപാതകത്തിന് വധശിക്ഷ വിധിക്കാമെന്നും നിയമം അനുശാസിക്കുന്നു . കുറ്റവാളിയെ ശിക്ഷിക്കാനായി മൂന്ന് സിദ്ധാന്തങ്ങളാണ് നമ്മുടെ ജുഡീഷ്യറി അംഗീകരിച്ചിരിക്കുന്നത്: ഡിറ്ററെന്റ് തിയറി: ഡിറ്റർ എന്ന വാക്കിന്റെ അർത്ഥങ്ങളിൽ ഒന്ന് തടയുക എന്നതാണ്. ഈ സിദ്ധാന്തം അനുസരിച്ചു ഒരു കുറ്റകൃത്യത്തിന്‌ ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നതിലൂടെ സമൂഹത്തിൽ ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള കുറ്റങ്ങളെ തടയുക എന്നതും ശിക്ഷയുടെ ലക്ഷ്യമായി മാറുന്നു. ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കുറ്റങ്ങൾ തടയുന്നതിനായി ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നത് ശരിയാണോ എന്ന ചോദ്യം സ്വാഭാവികം. ഏതൊരുവനും അവൻ ചെയ്ത കുറ്റത്തിന് മാത്രമായി ശിക്ഷ നിജപ്പെടുത്തണം എന്ന വാദവും ഉയരും. മാത്രമല്ല ഭാവിയിൽ ആരെങ്കിലും ഒരാൾ ചെയ്യാൻ ഇടയുണ്ട് എന്ന് സങ്കല്പിക്കപ്പെടുന്ന കുറ്റം തടയുന്നതിന് വേണ്ടി ആ കുറ്റവുമായി ഒരു ബന്ധവുമില്ലാത്ത ഒരുവനെ ശിക്ഷിക്കുന്നത് ന്യായമല്ല എന്നും ഈ സിദ്ധാന്തത്തെ എതിർക്കുന്നവർ വാദിക്കുന്നു. കുറ്റത്തിന്റെ ഗുരുത്വം അനുസരിച്ചു വേണം ശിക്ഷ വിധിക്കാൻ എന്നും അവർ വാദിക്കുന്നു.

ഈ വാദഗതിക്കു യോജിക്കുന്ന സിദ്ധാന്തമാണ് റിട്രീബുട്ടീവ് തിയറി. അതായത് , കുറ്റത്തിന്റെ അളവിനും തൂക്കത്തിനും ഒത്ത ശിക്ഷയാണ് നൽകേണ്ടത് എന്ന് ഈ സിദ്ധാന്തം വിധിക്കുന്നു . ഈ സിദ്ധാന്തമാണ് കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന ശിക്ഷാരീതിയുടെ ന്യായീകരണം. കുറ്റത്തിന്റെ അളവും തൂക്കവും കൃത്യമായി നിജപ്പെടുത്താൻ കഴിയില്ല എന്നത് ഈ സിദ്ധാന്തത്തിന്റെ പരിമിതിയാണ്. അതുകൊണ്ട് ശിക്ഷ കൂടിപ്പോകാനാണ് സാധ്യത. കാരണം, കുറ്റകൃത്യത്തിന്റെ ഇര, എപ്പോഴും, താൻ അനുഭവിച്ച പീഡനത്തെ അതിശയോക്തിയോടെ മാത്രമേ ആവിഷ്‌കരിക്കൂ . മാത്രമല്ല, പ്രതികാരമാണ് ഈ ശിക്ഷാരീതിയുടെ അടിസ്ഥാന തത്വം . പ്രതികാരം ശിക്ഷാരീതിയെ നിശ്ചയിച്ചാൽ അത് സർവ്വനാശത്തിലാകും എത്തിച്ചേരുക . അതുകൊണ്ടാണ് കണ്ണിനു പകരം കണ്ണ് എന്ന് നിശ്ചയിച്ചാൽ ലോകം മുഴുവൻ ഇരിട്ടിലാകും എന്ന് ഗാന്ധി പറഞ്ഞതും . കാരണം, ഒരു കണ്ണ് എടുക്കപ്പെട്ടവൻ മറ്റൊരുവന്റെ കണ്ണ് എടുത്തു തുടങ്ങിയാൽ ആ കണ്ണെടുക്കൽ പ്രക്രിയ അവസാനത്തെ വ്യക്തിയിൽ എത്തിയെ അടങ്ങുകകയുള്ളു .

ഈ സാഹചര്യത്തിലാണ് പരിഷ്‌കൃത സമൂഹം റീഫോമാറ്റിവ് തിയറി അംഗീകരിക്കണം എന്ന് പറയുന്നത്. ഈ സിദ്ധാന്തക്കാർ കുറ്റവാസനയെ മനോരോഗമായും കുറ്റവാളിയെ ചികിത്സ അർഹിക്കുന്ന മനോരോഗിയായും കരുതുന്നു. ഈ സിദ്ധാന്തമനുസരിച്ചു കള്ളവും ചതിയും കൊലപാതകവും നടത്തുന്നവരെ മനോരോഗ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സിച്ചു ഭേദമാക്കി സമൂഹത്തിൽ ഇറക്കിവിടുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ഒരു ആശയം രൂപം കൊണ്ടത് തെറ്റായ ഒരു മനഃശാസ്ത്ര സിദ്ധാന്തം കൊണ്ടാണ്. അപൂർവം ചില സ്ഥിരം കുറ്റവാളികൾ മനോവൈകൃതം ഉള്ളവരാണ് എങ്കിലും എല്ലാ കുറ്റവാളികളും മനോരോഗികളാണ് എന്ന വിശ്വസം യുക്തിഭദ്രമല്ല എന്ന് മാത്രമല്ല വസ്തുതകൾ ഈ വിശ്വസത്തെ സാക്ഷ്യപ്പെടുത്തുന്നുമില്ല .

കുറ്റകൃത്യത്തിന്റെ സ്വഭാവവും കുറ്റവാളിയുടെ സാഹചര്യവും സൂക്ഷ്മ വിശകലനത്തിന് വിധേയ മാക്കികൊണ്ടു മേൽ സൂചിപ്പിച്ച മൂന്ന് സിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ശിക്ഷാരീതിയാണ് ഇന്ത്യയിൽ സ്വീകരിച്ചിട്ടുള്ളത്. അതുപ്രകാരം സമൂഹത്തിലെ കുറ്റകൃത്യം തടയുക എന്നതും ശിക്ഷയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഒപ്പം കുറ്റവും ശിക്ഷയും തമ്മിൽ ഗുണ ഗണ പൊരുത്തം ഉണ്ടാകുകയും വേണം . മാത്രമല്ല കുറ്റവാളികളെ കുറ്റവാസനകളിൽ നിന്നും വിമുക്തമാക്കാൻ ശിക്ഷാസമ്പ്രദായത്തിന് കഴയുകയും വേണം . അതുകൊണ്ടാണ് വധ ശിക്ഷ അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയതും.

നിരപരാധിയായ ഒരു മനുഷ്യനെ കുറെ പേർ സംഘം ചേർന്ന്, ആസൂത്രിതമായി, പകൽ വെളിച്ചത്തിൽ, മതവിശ്വാസത്തിന്റെ പേരിൽ, അയാളുടെ വീട്ടിൽ അതിക്രമിച്ചു കടന്നുകൊണ്ട്, അയാളുടെ അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വെട്ടിക്കൊല്ലുന്നതിനെ അപൂർവങ്ങളിൽ അപൂർവ്വസംഭവമായുംകുറ്റകൃത്യമായും വിചാരണ കോടതി കണ്ടെത്തി.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News