കണ്ണുകളും കാതുകളും ഇല്ലാതിരുന്നെങ്കിൽ എന്ന് തോന്നി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നുള്ള വാർത്ത കേട്ടപ്പോൾ.
27ഉം 22ഉം വയസ്സുള്ള രണ്ടു പെണ്മക്കളെ അച്ഛനമ്മമാർ ഡംബൽസ്‌കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്രേ. മക്കൾ വീണ്ടും ജനിക്കുവാൻ ആഭിചാര പൂജാകർമ്മങ്ങളുമായി അവർ കാത്തിരുന്നത്രേ .കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുന്ന തിങ്കളാഴ്ച തങ്ങളുടെ മക്കൾ പുനർജ്ജനിക്കുമെന്നാണത്രേ അവർ പോലീസിനോട് പറഞ്ഞത്!
എത്ര ഭയാനകവും നിഗൂഢവുമാണ് അന്ധവിശ്വാസത്തിന്റെ ലോകം.
അച്ഛൻ ,ആന്ധ്രയിലെ ഗവണ്മെന്റ് കോളേജിൽ രസതന്ത്രം വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ,’അമ്മ ഗണിതശാസ്ത്രത്തിൽ ഗോൾഡ് മെഡൽ നേടിയ ആളും സ്കൂൾ പ്രിൻസിപ്പാളും!കൊല്ലപ്പെട്ട മക്കളിൽ മൂത്തയാൾ ഇന്ത്യൻ ഫോറസ്ററ് സർവ്വീസ് ഉദ്യോഗസ്ഥ, ഇളയ കുട്ടി ബിസിനസ്സ് അഡ്മിനിസ്ട്രേറ്റിവിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ‘എ.ആർ.റഹ്മാൻ മ്യൂസിക് കോളേ’ജിൽ സംഗീതപഠനം നടത്തുന്നു!!
നോക്കുക കുടുംബ പശ്ചാത്തലം.ഉന്നത വിദ്യാഭ്യാസമോ തൊഴിലോ സമ്പത്തോ ആഭിചാര ക്രിയകളുടേയും അന്ധവിശ്വാസങ്ങളുടേയും ലോകത്തേക്ക് പോകുന്നതിൽ നിന്ന് അവരെ സ്വയം തടഞ്ഞില്ല. അതാണ് വിശ്വാസങ്ങളുടെ മസ്തിഷ്ക പ്രവർത്തനം.ഒരു പരിധിവിട്ടാൽ എന്ത് ചെയ്യുന്നു എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഉന്മാദത്തിലേക്കാണ് അത് ആളുകളെ കൊണ്ടുപോകുക.കുറ്റബോധമില്ലാതെ ആരെയും കൊല്ലാനും ചാവാനും അത് മനുഷ്യനെ പ്രേരിപ്പിക്കുന്നു. മാനസിക രോഗമാണത്.സമൂഹത്തെ അത് പല രീതിയിൽ ഗ്രഹിച്ചിരിക്കുന്നു.
ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയരുത്. ജ്യോതിഷികളുടേയും മന്ത്രവാദികളുടേയും വാക്ക് കേട്ട് ഭ്രൂണഹത്യകളും ശിശുഹത്യകളും നരബലിയുമൊക്കെ പലയിടത്തും നടക്കുന്നുണ്ട്. ആളുകളുടെ ചക്കര വിശ്വാസങ്ങളെ വിറ്റ് കാശാക്കുന്ന ക്ഷുദ്രശക്തികൾ എല്ലാ നാട്ടിലുമുണ്ട്.
ആത്യന്തികമായിഇത്തരം നീചമായ കുറ്റകൃത്യങ്ങളുടെ പിറകിൽ ചികിത്സിക്കപ്പെടേണ്ട ഒരു സമൂഹം തന്നെയുണ്ട്!
ശാസ്ത്രാവബോധം ഉണ്ടാവുക എന്നതാണ് ഇതിനൊക്കെ ഒരു പരിഹാരം.അതാകട്ടെ കടയിൽ വാങ്ങാൻ കിട്ടുന്ന സാധനമല്ല.സർവ്വകലാശാലാ ബിരുദങ്ങളുടെ എണ്ണം കൊണ്ടും അത് കിട്ടുകയില്ല.പച്ചമുളകും നാരങ്ങയും കെട്ടിയിട്ട റോക്കറ്റുകൾ പായുന്ന രാജ്യത്ത്,ക്‌ളാസ്സ് മുറിയിൽ സൂര്യൻ നക്ഷത്രവും ഭൂമി ഗ്രഹവും ചന്ദ്രൻ ഉപഗ്രഹവുമാണ് എന്ന് പഠിപ്പിച്ചിട്ട് അമ്പലത്തിൽ ഭൂമിയും സൂര്യനും ചന്ദ്രനും ഉൾപ്പെടുന്ന ”നവഗ്രഹ”ത്തെ തൊഴാൻ പോകുന്ന ഫിസിക്സ് അദ്ധ്യാപകരുടെ നാട്ടിൽ,മതത്തിലെ കേവല സാഹിത്യ ഭാവനകളെ ശാസ്ത്രമാക്കി ഉരുട്ടിയെടുത്ത് കുട്ടികളുടെ തലച്ചോറിൽ കുത്തിവക്കുന്ന മതാദ്ധ്യാപകരുടേയും പുരോഹിതരുടേയും നൂൽപ്പാവകളാകുന്ന ആൾക്കൂട്ടങ്ങളിൽ..
ശാസ്ത്രാവബോധം’ എന്ന വാക്ക് അത്രമേൽ അപരിചിതമാണ്!ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുതലെടുത്ത് ജീവിക്കുന്ന സംഘടിത ശക്തികളാണ് ഭൂരിപക്ഷത്തെ നയിക്കുന്നത്.ഭരണകൂടങ്ങൾ കയ്യാളുന്നതും അവർ തന്നെയാണ്.ആധുനിക ലോകത്തിൽ ജീവിക്കുന്ന ഗോത്രമനുഷ്യരാണ് നമ്മൾ !മൃഗീയമായി കൊല്ലപ്പെട്ട ആ പെൺകുട്ടികളോട് ,സ്വന്തം അന്ധവിശ്വാസങ്ങളെ ഉള്ളിൽ തലോടിക്കൊണ്ട് ഈ സമൂഹം കാണിക്കുന്നത് മുതലക്കണ്ണീരാണ്.കണ്ണേ..മടങ്ങരുത്!
കടപ്പാട്
Reghunath Moolackattu