ശമ്പളപരിഷ്‌കരണം ചര്‍ച്ചയാകുമ്പോള്‍

Share News

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്നത് കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പൊതുവെ അംഗീകരിച്ചിരിട്ടുള്ളതും നടപ്പാക്കിവരുന്നതുമായ നയമാണ്. അതനുസരിച്ച് 2019 ജൂലൈ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന പരിഷ്‌കരണമാണ് ഒന്നേമുക്കാല്‍ വര്‍ഷം വൈകി നടപ്പാക്കാനൊരുങ്ങുന്നത്. ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പുറത്തുവന്നയുടന്‍തന്നെ സമ്മിശ്രപ്രതികരണങ്ങളാണുണ്ടാകുന്നത്.

കൊവിഡ് മഹാമാരി സംസ്ഥാനത്ത് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശമ്പളപരിഷ്‌കരണമോ എന്ന ചോദ്യം വിവിധയിടങ്ങളില്‍നിന്നുയരുന്നത് സ്വാഭാവികംമാത്രം. അഞ്ചുവര്‍ഷം എന്ന നയപ്രകാരം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശയെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ആനുകൂല്യങ്ങള്‍ വേണ്ടത്രയില്ലെന്ന ആക്ഷേപമാണ് ജീവനക്കാരുടെ പല സംഘടനകളും ഉയര്‍ത്തിക്കാണിക്കുന്നത്.

പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വീട്ടുവാടക അലവന്‍സ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശമാണ്. സംസ്ഥാനത്ത് ഏകദേശം മുപ്പതുശതമാനം ഉദ്യോഗസ്ഥര്‍ വാടകവീടുകളില്‍ താമസിക്കുന്നുവെന്നാണു കണക്ക്. അത്തരക്കാര്‍ക്കു ന്യായമായ അലവന്‍സ് ലഭിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും രോഗികളായ മക്കളെ ശുശ്രൂഷിക്കുന്നതിനും കുറഞ്ഞ ശമ്പളത്തോടെ (40%) ഒരുവര്‍ഷത്തെ അവധി അനുവദിക്കാനുള്ള കമ്മീഷന്റെ ശുപാര്‍ശയാണ് മറ്റൊന്ന്.

വിരമിക്കല്‍പ്രായം ഒരുവര്‍ഷംകൂടി നീട്ടണമെന്ന കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരുവര്‍ഷം കേരളത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേരാണ് വിരമിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ നിയമനങ്ങള്‍ക്കായി വന്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരെ നിരാശയിലാഴ്ത്തുന്നതാണ് പെന്‍ഷന്‍പ്രായം കൂട്ടണമെന്ന കമ്മീഷന്റെ ശുപാര്‍ശ. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് ചെറുപ്പക്കാരെന്നല്ല, കേരളത്തിലെ പൊതുസമൂഹവും അംഗീകരിച്ചുകൊടുക്കാന്‍ ഇടയില്ല.

സര്‍ക്കാര്‍ സര്‍വീസിലേക്ക് ചെറുപ്പക്കാര്‍ ധാരാളമായി കടന്നുവരണമെന്നത് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥിതിയുടെ പുനരുജ്ജീവനത്തിനാവശ്യമാണ്. അവരുടെ കഴിവും കാര്യക്ഷമതയും നയങ്ങളും സാങ്കേതികജ്ഞാനവും ഡിജിറ്റല്‍ യുഗത്തില്‍ ഒട്ടും കുറച്ചു കാണിക്കാനോ അവഗണിക്കാനോ ആവുന്നതുമല്ലല്ലോ. മാത്രമല്ല, ആളെണ്ണം അധികം ആവശ്യമില്ലാത്ത യന്ത്രവത്കൃതലോകത്ത് പെന്‍ഷന്‍ പ്രായം നീട്ടാനുള്ള ശ്രമംകൂടി നടന്നാല്‍, തൊഴിലന്വേഷകരായ ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ ആധിക്കറുതിവരുത്താന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും നന്നായി ക്ലേശിക്കേണ്ടിവരുമെന്നുറപ്പ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മഹാമാരിക്കാലമാണെങ്കിലും, ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ പരമാവധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ശുഭോദര്‍ക്കമാണ്. പരിധിവിട്ടുള്ള സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കാനോ അതു ശുപാര്‍ശ ചെയ്യാനോ പറ്റിയ സമയമല്ലല്ലോ ഇത്. അതേസമയം, വരുന്ന ഏപ്രില്‍ മുതല്‍, എല്ലാ നടപടികളും പൂര്‍ത്തിയാക്കി പരിഷ്‌കരിച്ച ശമ്പളം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ജീവനക്കാരോടുള്ള കരുതല്‍ നടപടിയായിവേണം മനസ്സിലാക്കാന്‍. ഇതു ജീവനക്കാരുടെ ഉത്തരവാദിത്വവും പ്രതിബദ്ധതയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല.

fr.kurian thadathil

ഫാ. കുര്യന്‍ തടത്തില്‍

Share News