മിഴികൾ ഈറനണിയുമ്പോൾ

Share News

“മിഴിയിടകളിൽ
തുളുമ്പി വീഴുന്ന
സംഗീതമാണ്

കണ്ണുനീർ..
ആത്മാവിന്റെ
വിങ്ങലായ്…
ആനന്ദത്തിന്റെ
തുള്ളികളായ്…
അടക്കാനാവാതെ
ആർത്തലച്ച് പെയ്യുന്ന
പേമാരിയായ്……

അത്,
പെയ്യുന്നു
മേഘക്കമ്പികളും
മീട്ടിക്കൊണ്ട്.”


മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ, വീണ്ടും മനസ്സിൽ ഒരു പിടി കണ്ണീരോർമ്മകൾക്ക് കൂടൊരുക്കുന്നു .


“ഓര്‍മ്മകളുള്‍ത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്‍ച്ചവിട്ടുമ്പോൾ “എന്ന് പാടിയത് ഇടപ്പള്ളിയാണ്. മനുഷ്യന്റെ സുഖ ദുഖങ്ങളിൽ വ്യത്യസ്ഥ ഭാവങ്ങളിൽ വിരുന്നിനെത്തുന്ന ഒരിക്കലും പിരിയാത്ത കൂട്ടുകാരനെപ്പോലെയാണ് കണ്ണുനീർ തുള്ളികൾ.മനുഷ്യന്റെ ഓർമ്മകളിൽ, സ്വപ്നങ്ങളിൽ, ആശങ്കകളിൽ എല്ലാം കണ്ണീർ നനവ് പടർന്നിട്ടുണ്ട് .
“സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ്” പോകാത്തവർ ചുരുക്കമല്ലേ…. ആനന്ദബാഷ്പം എന്ന പ്രയോഗം തന്നെ സുന്ദരമാണ്.

ഇടപ്പിള്ളി തന്നെ മറ്റൊരിടത്ത് കുറിച്ചിടുന്നു.
“ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-
തെന്തിനു ജീവിതപലഹാരം!”

അതെ, ജീവിതമാകുന്ന പലഹാരത്തിന് രുചി പൂർണ്ണത ലഭിക്കാൻ അത് കൂടിയേ തീരു.
“എഴുതാൻ ബാക്കി വെച്ച വാക്കുകളാണെന്റെ കണ്ണുനീരെന്ന്” വിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ പറഞ്ഞു വെക്കുന്നുണ്ട്. പലപ്പോഴും ഒരുവന്റെ ആത്മാവിന്റെ പ്രകാശനമായത് മാറുന്നു. ” തലച്ചോറിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് കണ്ണുനീർ വരുന്നതെന്ന് “ ലിയോനാർഡോ ഡാവിഞ്ചി പറഞ്ഞത് എത്രയോ ശരിയാണ് . ഹൃദയമുള്ളവൻ കരയും കണ്ണിന്റെ ജാലകങ്ങൾക്ക് കൂടുതൽ തെളിമ ലഭിക്കാൻ അത് കൂടിയേ കഴിയൂ. ഉള്ളിലെ നൊമ്പരങ്ങളുടെ അണക്കെട്ടുകളിൽ നിന്നും കണ്ണീരുറവകൾ പുറപ്പെടട്ടെ …
ശുഭദിനം

ഡോ സെമിച്ചൻ ജോസഫ്

(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകൻ )

Share News