
എന്ത് ധരിക്കണമെന്ന് ആര് തീരുമാനിക്കണം ?
ഹിജാബ് ധരിക്കുന്നത് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാർത്ഥിനികൾ ഒരുവശത്ത്, മറുവശത്ത് അതിനെതിരെ കാവി ഷാൾ അണിഞ്ഞ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ.
ഹിജാബും കാവി ഷാളും ഒരുപോലെ കണ്ട് തൽക്കാലത്തേക്ക് വിദ്യാർഥികൾക്ക് അത് വേണ്ട എന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പല കോടതികളിലും ഇനിയും വാദങ്ങൾ നടന്നേക്കും. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പോലും ഹിജാബ് ധരിക്കാൻ അനുവാദം നൽകിയ കേരള ഹൈക്കോടതി ഉത്തരവുകൾ. ഹിജാബ് ഇല്ലാതെ സ്വതന്ത്രമായി നടക്കണമെന്നാണ് മുസ്ലിം പെൺകുട്ടികൾ പോലും ഉള്ളിൻറെയുള്ളിൽ ആഗ്രഹിക്കുന്നത് എന്നും മറുവാദം. സംഭവബഹുലമാണ് സമകാലിക വാർത്തകൾ.
അൽപ്പം പഴയ കാര്യം പറയട്ടെ..
1980 കളിലാണ് സംഭവം. സ്കൂളിൽ ദേശീയ ഗാനം ആലപിക്കുന്നു. യഹോവ സാക്ഷികൾ എന്ന വിഭാഗത്തിൽപ്പെടുന്ന മൂന്നു കുട്ടികൾ ബഹുമാനപൂർവ്വം എഴുന്നേറ്റുനിന്നു പക്ഷെ അവർ ദേശീയ ഗാനം ആലപിച്ചില്ല. ജനഗണമന എന്നാരംഭിക്കുന്ന ദേശീയ ഗാനത്തിന്റെ വാക്കുകളോടോ ആശയങ്ങളോടോ അവർക്ക് എതിർപ്പില്ല; പക്ഷേ പാടുന്നത് അവരുടെ മതവിശ്വാസത്തിന് എതിരാണ് എന്നാണ് വാദം. ഇതിനുമുമ്പും വർഷങ്ങളായി ഈ രീതി തുടർന്നു പോരുകയായിരുന്നു. എന്നാൽ 1985 കാലഘട്ടത്തിൽ ഒരു ദേശ ഭക്തൻ ഇത് കണ്ടെത്തി, നിയമസഭയിൽ ചോദ്യമായി എത്തി. അന്വേഷണ കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ നൽകിയ റിപ്പോർട്ട് പ്രകാരം കുട്ടികൾ നിയമം അനുസരിക്കുന്നവർ ആണെന്നും ദേശീയ ഗാനത്തോട് യാതൊരു ബഹുമാനക്കുറവും കാണിച്ചിട്ടില്ല എന്നും രേഖപ്പെടുത്തപ്പെട്ടു. എന്നിരുന്നാലും വകുപ്പ് തലത്തിലുള്ള നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ 1985 ജൂലൈ 26ന് കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കി. കുട്ടികളുടെ പിതാവ് അതിനെ ചോദ്യം ചെയ്തെങ്കിലും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അപേക്ഷ നിരാകരിച്ചു. അവരുടെ മതം പഠിപ്പിക്കുന്നത് യഹോവയോടുള്ള പ്രാർത്ഥന അല്ലാതെ മറ്റൊരു ഭക്തിഗാനവും പാടരുത് എന്നാണ് എന്ന തത്വം സ്വീകരിക്കപ്പെട്ടില്ല.
വിഷയം സുപ്രീംകോടതിയിലെത്തി. എന്താണ് യഹോവാസാക്ഷികൾ എന്ന് അന്താരാഷ്ട്ര തലത്തിൽ വരെ പരിശോധിച്ച കോടതി, വിചിത്രമെങ്കിലും അവരുടെ വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതില്ല എന്ന നിഗമനത്തിലെത്തി. രാജ്യത്തിൻറെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ജീവിക്കാനും, പ്രചരിപ്പിക്കാനും മൗലികമായ അവകാശം നൽകുന്നു. ആർട്ടിക്കിൾ 19(1) സംസാര സ്വാതന്ത്ര്യവും ആശയവിനിമയ സ്വാതന്ത്ര്യവും നൽകുന്നു. ദേശീയഗാനം ആലപിക്കാത്തതിന്റെ പേരിൽ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയത് ഈ മൗലികാവകാശങ്ങൾക്ക് എതിരാകുമോ എന്നതായിരുന്നു ചോദ്യം !
ദേശീയഗാനം നിർബന്ധമായും പാടണം എന്ന നിയമം രാജ്യത്തില്ല. ബഹുമാനപൂർവം എഴുന്നേറ്റ് നിൽക്കുമ്പോഴും ദേശീയഗാനം പാടാത്തത് കൊണ്ട് അത് ബഹുമാനക്കുറവാണ് എന്ന് പറയാനുമാകില്ല. 1971 ലെ നിയമം പറയുന്നതും ദേശീയ ഗാനം പാടുന്നത് തടസ്സപ്പെടുത്തുന്നതോ പാടുന്നവർക്ക് ശല്യമുണ്ടാക്കുന്നതോ ആണ് കുറ്റകരം.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം 1961, 1970 കളിൽ പുറത്തിറക്കിയിട്ടുള്ള സർക്കുലറുകൾ സൂചിപ്പിച്ചുകൊണ്ട് കുട്ടികളെ പുറത്താക്കിയ നടപടി ന്യായീകരിക്കാനാവില്ല. മൗലികാവകാശങ്ങൾക്ക് നിയമപ്രകാരം ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളുടെ പരിധിയിൽ അവ വരില്ല.
പൊതുതാൽപര്യം, ധാർമികത, ആരോഗ്യസംരക്ഷണം എന്നിവയൊന്നും ഹനിക്കപ്പെടാത്തിത്തോളാം കാലം മതസ്വാതന്ത്ര്യവും തടസ്സപ്പെടുത്തിക്കൂട. ഏതെങ്കിലും മതവിഭാഗത്തിന്റെ ആചാരങ്ങൾ, ശീലങ്ങൾ പൊതുസമൂഹത്തിന് സ്വീകാര്യമാണോ അല്ലയോ എന്നതല്ല മറിച്ച് അവരുടെ വിശ്വാസം യഥാർത്ഥവും മതവിശ്വാസത്തിന്റെ ഭാഗമായി തുടർന്നുപോരുന്ന ശീലവും ആചാരവും ആണെന്നും കണ്ടാൽ മതസ്വാതന്ത്ര്യത്തിൻറെ സംരക്ഷണം ലഭിക്കും. കുട്ടികൾക്കെതിരായ നടപടികൾ തെറ്റെന്നു കണ്ട് രാജ്യത്തെ പരമോന്നത കോടതി അവരെ സ്കൂളിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു.
നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്, തത്വശാസ്ത്രം പഠിപ്പിക്കുന്നതും സഹിഷ്ണുതയാണ്, ഭരണഘടന പാലിക്കുന്നതും സഹിഷ്ണുതയാണ് – അതിൽ വെള്ളം ചേർക്കാതിരിക്കാം.. ഈ വാക്കുകളോടെയാണ് ബിജോ ഇമ്മാനുവേൽ കേസ് (1986) കോടതി വിധി അവസാനിക്കുന്നത്.
സഹിഷ്ണതയ്ക്ക് നിക്ഷിപ്ത താൽപര്യക്കാർ വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകുമ്പോൾ 1986 ൽ നിന്നും 2022 ലേക്കുളള ദൂരം അളക്കാനാകും. വർഗീയത ഒന്നിനും പരിഹാരമല്ല, ന്യൂനപക്ഷത്തിൻറെതാണെങ്കിലും ഭൂരിപക്ഷത്തിൻറെതാണെങ്കിലും.

Adv. Sherry J Thomas