ധോണിയെ വിറപ്പിച്ചവൻ ഇനി ‘ധോണി’ എന്ന് അറിയപ്പെടും; പി ടി 7 ന് പേരിട്ടു, കുങ്കിയാനയാക്കാൻ പരിശീലനം.

Share News

പാലക്കാട്: പാലക്കാട്ടെ ധോണിയിലെ ജനവാസമേഖലയെ വിറപ്പിച്ച പി ടി 7 (പാലക്കാട് ടസ്കർ സെവൻ) ന് ‘ധോണി’ എന്നു വനം വകുപ്പ് പേരിട്ടു. നാടിനെ ഭീതിയിലാക്കിയ കാട്ടുകൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൂട്ടിലാക്കിയ ശേഷം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആണ് പേരിട്ടത്. ധോണി ഗ്രാമത്തെ അറിയുന്ന പി ടി സെവന് അനുയോജ്യമായ പേരാണ് ‘ധോണി’ എന്ന് മന്ത്രി പറഞ്ഞു. പി ടി സെവനെ പിടികൂടാനുള്ള ദൗത്യത്തോടെയാണ് ധോണി പ്രശസ്തമായത്. പി ടി സെവനെ വനം വകുപ്പിൻ്റെ സ്വത്തായി സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

പി ടി സെവനെ കുങ്കിയാനയാക്കുമെന്ന് ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ച ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു. ഇതിനായുള്ള പരിശീലനം ഉടൻ ആരംഭിക്കും. ആനയെ പിടികൂടാനുള്ള ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ 75 അംഗ സംഘമാണ് പി ടി സെവനെ പിടികൂടാനുള്ള ദൗത്യത്തിൻ്റെ ഭാഗമായത്.കടപ്പാട് മാദ്ധ്യമങ്ങളോട്

Share News