എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ?

Share News

എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ?

ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ?

ലോകം മുഴുവൻ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. . വിദഗ്ധനായ ഒരു സർജൻ എങ്ങനെ ആണ് ഒരു സർജൻ ഉണ്ടാകുന്നത് ?

സാധാരണയായി ശസ്ത്രക്രിയകൾ ചെയ്യുന്ന ജനറൽ സർജൻ MS ബിരുദധാരിയാണ്. ഏകദേശം ആറര വർഷം നീളുന്ന MBBS പഠനത്തിന് ശേഷം പിന്നൊരു മൂന്നു വർഷം സർജറി മാത്രം പഠിച്ചു പരിശീലിച്ചു വരുന്നവരാണ് ഈ സർജൻമാർ. അങ്ങനെ നീണ്ട ഒൻപതു വർഷത്തെ പഠനവും പരിശീലനവും കഴിഞ്ഞാണ് അവർ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങുന്നത്.എംബിബിഎസിന്റെ രണ്ടാം വർഷം മുതൽ സർജറി പഠിത്തവും പരിശീലനവും തുടങ്ങുന്നു. കോഴ്സ് കഴിഞ്ഞുള്ള ഒരു വർഷം നീളുന്ന ഹൌസ് സർജൻസി കാലയളവിൽ പകുതിയും സർജറി വാർഡുകളിലും ഓപ്പറേഷൻ തിയേറ്റർകളിലുമായി കഴിച്ചു കൂട്ടുന്നു.

അസം ഖ്യം ചെറിയ ഓപ്പറേഷനുകൾ ചെയ്യുന്നു. വലിയ ഓപ്പറേഷനുകളിൽ അസിസ്റ്റന്റായി നിന്ന് പരിശീലിക്കുകയും പഠിക്കുകയും ചെയ്യുന്നു. ഇത്രയും കഴിഞ്ഞു വരുന്ന എംബിബിഎസ് കാർ പോലും പിന്നീട് മൂന്നു വർഷം കൂടി ശസ്ത്രക്രിയ മാത്രം പരിശീലിച്ചു പഠിച്ചിട്ടാണ് ജനറൽ സർജൻ ആകുക.

അതിനും ശേഷം വീണ്ടും ഒരു മൂന്ന് വർഷം കൂടി പഠിച്ചു പരിശീലിച്ചാണ് MCh ഡിഗ്രി കരസ്ഥമാക്കിയ പ്ലാസ്റ്റിക് സർജനും, തൊറാസിക് സർജനും, ന്യൂറോ സർജനും, യൂറോളജിസ്റ്റും ഒക്കെ ഉണ്ടാകുന്നത്. നീണ്ട പന്തണ്ട് വർഷം പഠിച്ച ശേഷം ആണ് ഇവരൊക്കെ സർജറി ചെയ്യുന്നത്. ആ സ്‌ഥാനത്തു കുറച്ച് ദിവസം ഓപ്പറേഷൻ തിയേറ്ററിൽ നിരീക്ഷണ പഠനം നടത്തിയവർ ഓപ്പറേഷൻ ചെയ്തോട്ടെ എന്ന് ആരെങ്കിലും അനുവാദം കൊടുത്താൽ അങ്ങനെ ഉള്ള ഡോക്ടറെ കൊണ്ട് നിങ്ങൾ ഓപ്പറേഷൻ ചെയ്യിക്കുമോ? അതല്ല, ഈ നാട്ടിലെ പാവങ്ങൾക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നതെന്ന് പറഞ്ഞാലോ? മനുഷ്യശരീരം പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ തന്നെയല്ലേ?

പണക്കാരനും പാവപ്പെട്ടവനും രണ്ടു തരത്തിലുള്ള ചികിത്സ നല്കാമെന്നത് ആരുടെ ബുദ്ധി ആണ് ? ഗ്രാമത്തിലേ പാവപ്പെട്ടവരെ ഓപ്പറേഷൻ ചെയ്യാൻ കുറച്ചു ദിവസം ഓപ്പറേഷൻ കണ്ടു പഠിച്ച ആയുർവേദ ചികിത്സകനും സമ്പന്നരെയും അധികാരമുള്ളവരെയുമൊക്കെ ചികിൽസിക്കാൻ നേരത്തെ പറഞ്ഞ യോഗ്യതയുള്ളവരെയും നിയോഗിക്കാമെന്ന പ്രായോഗിക ബുദ്ധി ജനാധിപത്യ സംവിധാനത്തിൽ അനുവദിക്കാൻ കഴിയുമോ ? പൊതുജനാരോഗ്യരംഗം കുട്ടിച്ചോറാക്കുകയും പണമുള്ളവർക്കും പാവപ്പെട്ടവർക്കും രണ്ടു തരം ചികിത്സകരെ നിർദ്ദേശ്ശിക്കുകയും ചെയ്യുന്ന അപകടത്തിനെതിരായിട്ടാണ് ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഡോക്ടർമാർ ഒറ്റക്കെട്ടായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

ഇത് ഒരു ചികിത്സ രീതിക്കും എതിരായ സമരമല്ല. എല്ലാ ചികിത്സാരീതികളും തനിമയോടെ നിലനിർത്തണമെന്ന് തന്നെയാണ് നമ്മുടെയും ഉദ്ദേശം . പരമ്പരാഗത ചികിത്സ രീതികൾ തനിമയോടെ നിലനിൽക്കുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. രണ്ടായിരത്തി അഞ്ഞൂറ് വര്ഷം മുൻപ് ആയുർവേദത്തിൽ ഓപ്പറേഷൻ ചെയ്തിട്ടുണ്ട് എന്ന് പറയുന്നവർ ആ രംഗത്തു പിന്നെ പുരോഗതി ഉണ്ടാകാത്തതിന്റെ കാരണം കൂടി കണ്ടുപിടിക്കണം. രണ്ടായിരത്തി അഞ്ഞൂറ് വര്ഷം മുൻപുണ്ടായിരുന്ന അവസ്‌ഥയിൽ തന്നെ ഇന്നും നിൽക്കുന്ന സാഹചര്യത്തിൽ നിന്ന് കൊണ്ട് ഓപ്പറേഷൻ ചെയ്യാമെന്നാണ് പറയുന്നത്. എന്നാൽ ആധുനിക വൈദ്യ ശാസ്ത്രത്തിൽ അനുദിനം , അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗവേഷണ പരീക്ഷണ ഫലങ്ങൾ പ്രാവർത്തികം ആക്കപ്പെടുകയും അതിനനുസരിച്ചു മാറ്റങ്ങൾ വരുത്തപ്പെടുകയും ചെയ്യുന്നു.

സർജറി എന്നത് കുട്ടിക്കളിയല്ല . അത് ഒരു സംഘം ചെയ്യുന്ന പ്രവർത്തി ആണ്. ഓപ്പറേഷൻ ചെയ്യുന്ന സർജൻ ആ സംഘത്തിലെ ഒരു കണ്ണി മാത്രമാണ് . രോഗി ഓപ്പറേഷൻ ചെയ്യാൻ തക്ക ആരോഗ്യസ്‌ഥിതിയിൽ ആണോ എന്ന് തീരുമാനിക്കുന്ന ഫിസിഷ്യൻ , കാർഡിയോളോജിസ്റ് തുടങ്ങിയ സ്പെഷ്യലിസ്റ് മാരും മയക്കം കൊടുക്കുന്ന അനസ്‌തേസിയോളജിസ്റ് തുടങ്ങി അസംഖ്യം വിദഗ്ദ്ധർ അടങ്ങിയ ഒരു സംഘമാണ് ഓരോ ഓപ്പറേഷന് പിന്നിലും. തൊലിക്ക് തൊട്ടു താഴെയുള്ള ഒരു ചെറിയ മുഴ നീക്കാൻ പോലും ആ ഭാഗം മരവിപ്പിക്കുന്ന മരുന്നുകൾ കുത്തി വയ്‌ക്കേണ്ടതുണ്ട് . അതിനു മുൻപ് ടെസ്റ്റ് ചെയ്യുകയും, വേണ്ടി വന്നാൽ അലര്ജി പരിശോധന ചെയ്യുകയും വേണം . ഓപ്പറേഷൻ ചെയ്ത ഭാഗത്തെ മുറിവുണങ്ങാൻ ആന്റിബിയോട്ടിക്‌ ഔഷധങ്ങൾ വേണം . ചെറിയ ഓപ്പറേഷനുകളിൽ പോലും ജീവാപായം വരാവുന്ന തരത്തിൽ രക്തസ്രാവവും പ്രതീക്ഷിക്കാത്ത സങ്കീർണതകളും വരാം. ഇവയൊക്കെ നേരിടാൻ സജ്ജമായ സംവിധാനങ്ങളും ഉപകരണങ്ങളും വേണം

ഇതൊന്നും ഇല്ലാതെ “വാത , പിത്ത, കഫ ” തത്വങ്ങളിൽ ഊന്നിയ ചികിത്സ സമ്പ്രദായം പഠിച്ചവർ അല്പം സര്ജറി ബുക്കുകൾ കൂടി വായിച്ചിട്ട് എവിടെയെങ്കിലും പോയി കുറച്ചു ദിവസം ഓപ്പറേഷൻ ചെയ്യുന്നത് കൂടി കണ്ടിട്ട് നാട്ടിൻ പുറത്തു പോയി സര്ജന്മാരില്ലാത്ത സ്‌ഥലത്തൊക്കെ ഓപ്പറേഷൻ ചെയ്തോട്ടെ എന്നനുവാദം കൊടുക്കാൻ ആണെങ്കിൽ അത് ആകാമോ എന്ന് ചിന്തിക്കേണ്ടത് അതിന്റെ ഗുണഭോക്താക്കളോ ” ഇരകളോ” അകാൻ പോകുന്ന നമ്മുടെ സാധാരണ ജനങ്ങൾ ആയിരിക്കണം. ഈ നിർദേശവുമായി വരുന്ന ഏതെങ്കിലും ഭരണാധികാരിയോ, എന്തിന്, ഇത്തരം പരിശീലനം കിട്ടി വരുന്നവരോ കുടുംബാംഗങ്ങളോ തന്നെ ഇത്തരക്കാർക്ക് ഓപ്പറേഷൻ ചെയ്യാൻ വേണ്ടി മേശമേൽ കിടന്നു കൊടുക്കുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.

വിവിധ ചികിത്സ സമ്പ്രദായങ്ങളെ കൂട്ടിക്കുഴച്ചു 2030 ഓട് കൂടി രാജ്യത്താകെ ഒറ്റ ചികിത്സ സമ്പ്രദായമാക്കാമെന്നത് ഓട്ടോ റിക്ഷ, കാർ, ലോറി , ബോട്ട് , കപ്പൽ , വിമാനം ഒക്കെ ഓടിക്കുന്നവരെയെല്ലാം ഒറ്റ സമ്പ്രദായത്തിന് കീഴിൽ കൊണ്ട് വന്നു ആരെക്കൊണ്ടും ഏതു വാഹനവും ഓടിപ്പിക്കുന്ന രീതി കൊണ്ട് വരാം എന്ന് പറയുന്നതിന് തുല്യമാണ്. ലോകത്തിന്റെ ഏതു ഭാഗത്തും നൈപുണ്യം തെളിയിച്ചു വിരാജിക്കുന്ന നൂറു കണക്കിന് ഇന്ത്യയിൽ പരിശീലനം നേടിയ ഡോക്ടർ മാരുണ്ട്. അങ്ങ് ജനീവ മുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ പൊതുജനാരോഗ്യ രംഗത്ത് തിളങ്ങുന്ന പൊതുജനാരോഗ്യ ഡോക്ടർമാരുണ്ട്. ആ ഒരു രീതി മാറ്റി കുറച്ചു ആയുർവേദവും പിന്നൊരല്പം പാരമ്പര്യവും മേമ്പൊടിയായി അല്പം ആധുനിക വൈദ്യവും ചേർത്തുള്ള ഒരു സങ്കര വിഭാഗത്തെക്കൊണ്ട് ഇന്ത്യയിലെ കോടാനുകോടികളായ പാവപ്പെട്ടവരെ ചികിൽസിപ്പിക്കാം എന്നാണ് ഇവർ വ്യാമോഹിക്കുന്നത്. ആധുനിക ചികിത്സ രീതികൾക്ക് നേരെ സാധാരണക്കാരന് വാതിൽ കൊട്ടിയടയ്ക്കുകയും സമ്പന്നർക്ക് നഗരങ്ങളിലും വിദേശത്തുമൊക്കെ പോയി ശരിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിലേക്കു പോകുന്നതിന്റെ മുന്നോടിയായിട്ടാണീ ദേശീയ പരമ്പരാഗത ചികിത്സ കൌൺസിൽ ആയുർവേദക്കാരുടെ പഠനത്തിനിടയിൽ ചില ഓപ്പറേഷനുകൾ ചെയ്യുന്നത് കൂടി കാണാൻ അവസരം ഉണ്ടാക്കി കൊടുത്തിട്ടു അങ്ങനെ ” ഓപ്പറേഷൻ കണ്ടു പഠിച്ചവരെ” കൊണ്ട് പാവപ്പെട്ട ഗ്രാമീണരെ ഓപ്പറേഷൻ ചെയ്യിക്കാം എന്ന് തീരുമാനിച്ചത്. ഭാരതത്തിലെ ഒരാശുപത്രിയിലും ഇവർക്ക് കേറി അങ്ങനെ ഓപ്പറേഷൻ കാണാൻ പറ്റില്ല എന്ന വസ്തുത കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.

ഇവിടെ ചികിത്സ ശാഖകളുടെ തനിമ നില നിൽക്കണം.ആയുർവേദത്തിൽ ഗവേഷണം നടക്കണം. രണ്ടായിരത്തി അഞ്ഞൂറ് വര്ഷം മുൻപുണ്ടായ ശാസ്ത്രം മുരടിച്ചു നിൽക്കുന്നത് തടയണമെങ്കിൽ ശുദ്ധമായ ആയുർവ്വേദം പഠിപ്പിക്കുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും വേണം .

അല്ലാതെ അയല്പക്കത്തെ ആധുനിക വൈദ്യശാസ്ത്രത്തിൽ സംഭവിക്കുന്നതിൽ നിന്നും അല്പം ഇങ്ങോട്ടു കോരിയിട്ട് ഇതിനെ പോഷിപ്പിച്ചു കളയാം എന്ന് ചിന്തിക്കുകയല്ല വേണ്ടത്, ആയുർവേദത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ നേടിയിട്ട് മാന്യമായി ആ സമ്പ്രദായത്തിൽ ചികില്സിക്കുന്ന എത്രയോ ചികിത്സകരെ എനിക്കറിയാം . അവരാരും തന്നെ ഇത്തരം സങ്കര ചികിത്സക്ക് തുനിയുകയില്ലയെന്നും അറിയാം. സങ്കര ചികിത്സ തടയാനും പാരമ്പരഗത ചികിത്സാ രീതികളുടെ തനിമ നിലനിർത്താനും ആയിട്ടാണ് ആധുനിക വൈദ്യ ശാസ്ത്ര രംഗത്തെ ഡോക്ടർ മാരും അവരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്ത് വന്നിരിക്കുന്നത്. ഇതൊരു ചരിത്ര ദൗത്യമാണ്. സാധാരണ പൗരന്റെ ആരോഗ്യത്തിനുള്ള അവകാശവും രാജ്യത്തെ പൊതു ജനാരോഗ്യ സംവിധാനം സംരക്ഷിക്കുവാനുമുള്ള ചരിത്ര ദൗത്യം.അതിൽ ഈ രാജ്യത്തെ പൊതു ജനാരോഗ്യത്തിൽ താല്പര്യമുള്ള ഓരോ പൗരനും ഇടപെടേണ്ടിയിരിക്കുന്നു.

2030 ആകുമ്പോൾ ഭാരതത്തിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രത്തെ തുടച്ചു നീക്കിയിട്ട് , ഇവിടെ “അവിയൽ വൈദ്യം” പഠിച്ച ചികിത്സകരെ കൊണ്ട് നിറക്കാനുള്ള ഈ ഉദ്യമം കണ്ടില്ലെന്നു നടിച്ചാൽ ആരോഗ്യ രംഗത്ത് നാം കഴിഞ്ഞ ഏകദേശം ഒരു നൂറ്റാണ്ട് കൊണ്ട് നേടിയതൊക്കെ കളഞ്ഞു കുളിക്കും എന്നതിൽ സംശയം വേണ്ട.

Courtesy : Mohanan Nair Vasudevan Pillai

Dr Soumya Sarin’s – Healing Tones

Share News