
കീരിയുംപാമ്പും തമ്മില്‍ എന്തിനു യുദ്ധം ??
പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി ജനിക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്? അങ്ങനെ ഒരു നിയമം ആരുടേതാണ്?
(1) പാമ്പും കീരിയും തമ്മിലുള്ള ‘വൈരം’ ജൈവപരിണാമത്തിന്റെ ഉല്‍പ്പന്നമാണ്. പാമ്പിന് വിഷത്തോട് കീരിക്ക് കാര്യമായ പ്രതിരോധശേഷി (immunity) ഉണ്ടെന്നാണ് നാമതിന്റെ കാരണമായി പറയുക. ഒരു കാര്യം നിഷേധിക്കാനാവില്ല-പാമ്പിനെ കണ്ടാല്‍ കീരി വിടില്ല. കീ കൊടുത്തുവെച്ചതുപോലെ ആക്രമണം തുടങ്ങും. ലോകമെമ്പാടുമായി 34 സ്പീഷിസുകള്‍ ഉണ്ടെങ്കിലും എല്ലാ കീരികളും പാമ്പ് വേട്ടയില്‍ ഒരുപോലെ സമര്‍ത്ഥരല്ല. കീരിക്ക് പാമ്പിന്വിഷത്തോട് പൂര്‍ണ്ണമായ പ്രതിരോധശേഷിയുണ്ട് എന്നു കരുതരുത്. ചെറിയ ഡോസില്‍ വിഷം ഉള്ളില്‍ചെന്നാല്‍ അതിനെ നിര്‍വീര്യമാക്കാനുള്ള രക്തഘടനയാണ് കീരിക്കുള്ളത് എന്നതാണ് വാസ്തവം. മറ്റ് ജീവികള്‍ക്ക് ഈ ശേഷിയില്ല. സ്ഥിരം വേട്ടയാടുന്ന പാമ്പുകളുടെ വിഷത്തോട് മാത്രമേ കീരിക്ക് പ്രതിരോധം പരിണാമപരമായി ലഭിക്കുയുള്ളൂ. അതുപോലെ തന്നെ കീരി പാമ്പിനെ തിന്നും. അതിന്റെ പ്രധാന കാരണം പാമ്പിന്‍വിഷം വെനം (venom) ആണെന്നതാണ്.
2) വെനവും(venom) പോയിസണും(poison) ഒരേ അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കുമെങ്കിലും അവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രക്തചംക്രമണവ്യൂഹത്തില്‍ ചെന്നാല്‍ പ്രശ്നകാരിയാകുന്നതാണ് വെനം. വിഷമാകട്ടെ, ദഹനേന്ദ്രിയവ്യൂഹം, ത്വക്ക്, ശ്വാസകോശം എന്നിവിടങ്ങളില്‍ ചെല്ലുമ്പോഴാണ് അപകടം. ഉദാഹരണമായി ഉള്ളില്‍ കഴിക്കുന്ന വിഷം, വിഷവാതകം ശ്വസിക്കുന്നത്, ത്വക്കിലൂടെ ഉള്ളിലെത്തുന്ന വിഷം മുതലായവ. വെനമാകട്ടെ രക്തചംക്രമണവ്യവസ്ഥയില്‍ കുത്തിവെച്ചാലേ പ്രശ്നമുണ്ടാകുന്നുള്ളൂ. ആ കുത്തിവെപ്പാണ് പാമ്പ്കടി. ദഹനേന്ദ്രിയവ്യൂഹത്തിലെത്തിയാല് വെനത്തിന്റെ തന്മാത്രകള് ഭക്ഷണമെന്നപോലെ വിഘടിപ്പിക്കപ്പെടും. It is no more the same thing. പാമ്പിനെ കൊന്നുതിന്നുമ്പോള്‍ കീരിക്ക് പ്രശ്നമില്ലാത്തതിന്റെ കാര്യമതാണ്. മനുഷ്യരും അത് ചെയ്യാറുണ്ടല്ലോ.
3) പാമ്പും കീരിയും പരമ്പരാഗത ശത്രുതയുടെ കാരണമെന്താണ്? അത്തരമൊരു ‘ശത്രുത’ മനുഷ്യഭാവനയാണ്. അവര്‍ക്കിടയില്‍ പോരാട്ടം നടക്കാന്‍ പ്രധാനകാരണം കീരികള്‍ പാമ്പുകളെ ഭക്ഷണമായി (potential meal) കാണുന്നു എന്നതാണ്. എന്തെങ്കിലും ശത്രുതയുണ്ടായിട്ടാണോ പാമ്പുകള്‍ തവളകളെ കൊന്നുതിന്നുന്നത്? പക്ഷെ അവിടെ ശത്രുത തോന്നിപ്പിക്കുന്ന പോരാട്ടമില്ല. കാരണം തവളയ്ക്ക് അതിനുള്ള ശേഷിയില്ല. പരിണാമത്തിന്റെ വഴികള്‍ അന്ധവും സ്വാഭാവികമായതിനാല്‍ ഏതാണ്ട് തുല്യശേഷികളുള്ള ജീവികളില്‍ ഒന്ന് മറ്റൊന്നിനെ ഭക്ഷണമായി പരിഗണിച്ചാല്‍ അവിടെ പോരാട്ടം ഉറപ്പാണ്. തങ്ങളുടെ മെനുകാര്ഡിലുള്ള ജീവികളെ കൊല്ലാന്‍ കീരികള്‍ ശ്രമിക്കുന്നു. അതേസമയം പാമ്പുകള്‍ ആത്മാരക്ഷാര്‍ത്ഥം ഫണംവിടര്‍ത്തി വിഷംകുത്തിവെച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ നമുക്കതൊരു പരമ്പരാഗത വൈരം ആയിത്തീരുന്നു. പക്ഷെ സംഗതി ഇരതേടലും ജീവന്സംരക്ഷിക്കലുമാണ്. എല്ലാത്തിലും സവിശേഷ അര്‍ത്ഥവും ലക്ഷ്യവും കല്‍പ്പിക്കുന്ന മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനാവിലാസങ്ങളാണ് ബാക്കിയൊക്കെ.
4) സത്യത്തില്‍ കീരികള്‍ക്ക് പാമ്പുകളെ ഇഷ്ടമാണ്-ഭക്ഷിക്കാന്‍. മിന്നല്വേഗതയുള്ള ഘോരവിഷവുമുള്ള ആഫ്രിക്കന്‍ മാംബകള്പോലും കീരികള്‍ക്ക് ഭക്ഷണം മാത്രമാണ്. ഇരുപത് അടിവരെ നീളമുള്ള രാജവെമ്പാലകള്പോലും കഴിവതും കീരിയുമായി ഒരു പോരാട്ടം ഒഴിവാക്കാനാവും ശ്രമിക്കുക. പാമ്പും കീരിയും ഏറ്റമുട്ടിയാല്‍ 80-90 ശതമാനം കേസുകളിലും കീരി വിജയിക്കും. അതിന് പ്രധാന കാരണങ്ങള്‍ കീരിയുടെ കട്ടിരോമങ്ങള്‍ നിറഞ്ഞ ശരീരവും ചുറുചുറുക്കും പാമ്പിന്വിഷത്തോടുള്ള ആന്തരിക പ്രതിരോധശേഷിയുമാണ്. ബാക്കി വരുന്ന 10-20 ശതമാനം അവസരങ്ങളില്‍ കീരികള്‍ പരാജയപ്പെടുന്നതിന് കാരണം മിക്കപ്പോഴും തെറ്റായ ആക്രമണതന്ത്രമാണ്. അടവ് പിഴച്ചാല്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതല്ലെങ്കില്‍ കീരി ചെറുതോ പരിചയസമ്പത്ത് കുറഞ്ഞതോ ആയിരിക്കും; പോരാടുന്ന പാമ്പാകട്ടെ താരതമ്യേന വലുതും പരിചയസമ്പത്തുള്ളതും.
(5) പോരാട്ടത്തില്‍ കാര്യമായ തോതില്‍ വിഷം കീരിയുടെ ശരീരത്തില്‍ എത്തിക്കാന്‍ പാമ്പിന് കഴിഞ്ഞാലും കീരി വീഴും. പോരാട്ടത്തില്‍ കീരിക്കെതിരെ പാമ്പിന് പലതരം പരിമിതികളുണ്ട്. സ്വന്തം ശരീരം മുഴുവന്‍ ഒരു ദിശയില്‍ എത്തിക്കേണ്ട സ്ഥലത്ത് മിന്നല്പിണരുപോലെ എത്തിക്കാന്‍ കീരിക്ക് സാധിക്കുമ്പോള്‍ പാമ്പിന് തലയുംവാലും ശരീരവുമൊക്കെ ഒരുപോലെ കാത്തുരക്ഷിക്കാന്‍ പ്രയാസമായിരിക്കും. കീരി പാമ്പിനെക്കാള്‍ ശക്തിയുള്ള ജീവിയാണ്. പാമ്പിന്റെ വാലില്‍ കടിക്കാന്‍ കീരിക്ക് എളുപ്പമാണ്. ഇതിനോട് പാമ്പ് പ്രതികരിക്കുന്നതോടെ പോരാട്ടം ആരംഭിക്കുന്നു. പാമ്പ് രക്ഷപെട്ടുപോകാന്‍ കീരി അനുവദിക്കില്ല. ചുറ്റും ഓടിനടന്ന് നിരന്തരം പ്രകോപിക്കുന്നു..

ജയ കൃഷ്ണൻ