
യുഡിഎഫിലേക്ക് പോകും: നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ
ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചുനിന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേരും. ഇനി ഇത് സംബന്ധിച്ച് ശരദ് പവാറിനെ കാണില്ല. പവാര്‍ തീരുമാനമെടുക്കാന്‍ പ്രഫുല്‍ പട്ടേലിനെ ചുമതലപ്പെടുത്തിയതായും കാപ്പന്‍ പറഞ്ഞു.
ശശീന്ദ്രന്‍ ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുള്ളി എല്‍ഡിഎഫില്‍ പാറപോലെ ഉറച്ചുനിന്നോട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി.