മുസ്ലിം ലീഗ് ഇനിയും കോൺഗ്രസിനെ നമ്പി യു ഡി എഫിൽ തുടരുമോ?|ഡോ. കെ. എസ്. രാധാകൃഷ്ണൻ
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് സുപ്രധാനമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. തകർച്ച പൂർണമാക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനൊപ്പം നിന്നും ആത്മഹത്യ ചെയ്യണോ അതിജീവിക്കണമോ എന്ന തീരുമാനം എടുക്കാൻ അവർ നിർബന്ധിതരാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കേന്ദ്രവും കേരളവും ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയെ പിന്തുണച്ചാൽ അധികാരത്തിന്റെ താങ്ങും തണലും ലഭിക്കുമെന്ന് കരുതിയാണ് ലീഗ് കോൺഗ്രസിനൊപ്പം ചേർന്നത്. ആ കോൺഗ്രസ് ഇപ്പോഴില്ല. ഭരണം ഇല്ലാതെ പാർട്ടിക്ക് നിലനിൽക്കാനാകില്ലെന്ന് ലീഗ് നേതാക്കൾക്ക് നന്നായി അറിയാം ഡോ. കെ. എസ് രാധാകൃഷ്ണൻ വ്യക്തമാക്കി.
ഡോ. കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ തീർച്ചയായും പൊട്ടിത്തെറിയുണ്ടാക്കും. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് സുപ്രധാനമായ തീരുമാനം എടുക്കേണ്ടി വരും. തകർച്ച പൂർണമാക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനൊപ്പം നിന്നും ആത്മഹത്യ ചെയ്യണോ അതിജീവിക്കണമോ എന്ന തീരുമാനം എടുക്കാൻ അവർ നിർബന്ധിതരാകും.
മഹാത്മാഗാന്ധി മഹാനാണ് എന്ന് തിരിച്ചറിഞ്ഞതിന്റ അടിസ്ഥാനത്തിലല്ല മുസ്ലിം ലീഗ് കേരളത്തിൽ കോൺഗ്രസിനൊപ്പം ചേർന്നത്. കേന്ദ്രവും കേരളവും ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയെ പിന്തുണച്ചാൽ അധികാരത്തിന്റെ താങ്ങും തണലും ലഭിക്കുമെന്ന് കരുതിയാണ് അവർകോൺഗ്രസിനൊപ്പം ചേർന്നത്. ആ കോൺഗ്രസ് ഇപ്പോഴില്ല.മുസ്ലിം ലീഗിന്റെ ആദർശപുരുഷൻ എന്നും മുഹമ്മദ് അലി ജിന്ന ആയിരുന്നു.1906 ഡിസംബർ 6ന് രൂപീകൃതമായ ആൾ ഇന്ത്യ മുസ്ലിംലീഗ് ബ്രിട്ടീഷ് അനുകൂലികൾ ആയിരുന്നു. ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ഭരണ ഭാരം മുസ്‌ലിംലീഗിനെ ഏൽപ്പിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ മുസ്ലീങ്ങൾക്ക് മാത്രമായി ഒരു രാജ്യം ഇന്ത്യയിൽ രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
1947 ആഗസ്റ്റ് 14 വരെ കേരളത്തിലെ മുസ്ലിം ലീഗും ഇതേ അഭിപ്രായക്കാരായിരുന്നു. ആഗസ്റ്റ് 15 നാണ് ആൾ ഇന്ത്യ മുസ്ലിം ലീഗ് മൂന്നായി പിരിയുന്നത്. പാകിസ്ഥാൻ മുസ്ലിം ലീഗും അവാമി ലീഗും ഇസാക്ക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനിൽ നിലനിന്നപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇന്ത്യയിൽ അവശേഷിച്ചു. ഇവരുടെ എല്ലാവരുടെയും നേതാവ് കോൺഗ്രസ് വിരുദ്ധനും ഗാന്ധി ശത്രുവും മതഭ്രാന്തനുമായിരുന്ന മുഹമ്മദാലി ജിന്നയായിരുന്നു.
ഇന്ത്യയെ വിഭജിച്ച് ഇസ്ലാമിക രാജ്യമായ പാകിസ്ഥാൻ ഉണ്ടാക്കിയത് തന്റെ ജീവിതത്തിലെ വലിയ നേട്ടമായി ജിന്ന കരുതിയിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ യഥാർത്ഥ സ്ഥാപകൻ സിൻഡ് ആക്രമിച്ചു കീഴടക്കിയ (711AD) മുഹമ്മദ് ബിൻ ഖ്വാസിമാണെന്ന് പാക്കിസ്ഥാൻ വിശ്വസിക്കുന്നു. ആലിഗഡ് സർവ്വകലാശാല സ്ഥാപകനായ സർ സയ്യിദ് അഹമ്മദ് ഖാൻ (1817-1898) ഇന്ത്യ രണ്ട് രാജ്യമാക്കി വിഭജിക്കണമെന്ന വാദം ഉന്നയിച്ചിരുന്നു. ആലിഗഡ് സർവ്വകലാശാല സ്ഥാപിതമായ(1920) കാലം മുതൽ വിഭജന വാദത്തിന്റെ കേന്ദ്രവുമായിരുന്നു. ഇന്ത്യയിലെ വടക്കു പടിഞ്ഞാറൻ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ഒരു ഇസ്ലാമിക രാജ്യം വേണമെന്ന അഭിപ്രായക്കാരനായിരുന്നു അല്ലാമ ഇഖ്ബാൽ.
ജിന്നയാകട്ടെ 1940ൽ ഒരു പ്രമേയത്തിലൂടെ മുസ്ലിം രാജ്യ വാദം സ്ഥാപിക്കുകയും ചെയ്തു. മുസ്‌ലിംകളിൽ ഭൂരിപക്ഷം പേരും അത് അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ് 1946ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം സംവരണ സീറ്റുകളിൽ 90 ശതമാനവും ലീഗ്നേടിയത്. 1947 മാർച്ചിൽ ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗലാനാ മൗദൂദി ലോകം മുഴുവൻ ഇസ്ലാമിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണെന്നും പ്രസ്താവിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ അവക്ഷിപ്ത മുസ്ലിം ലീഗ് ചത്ത കുതിര ആണെന്ന് ജവഹരിലാൽ നെഹ്റു അഭിപ്രായപ്പെട്ടത്. ആദ്യകാലത്ത് ഇന്ത്യാ വിഭജനത്തിന്റെ പാപഭാരം ലീഗിനെ വേട്ടയാടിയിരുന്നു. 1967 ൽ ഏതു ചെകുത്താനെ കൂട്ടു പിടിച്ചും കേരളത്തിൽ കോൺഗ്രസിനെ തുരത്തും എന്നു പ്രഖ്യാപിച്ച ഇ എം എസ് ലീഗിനെ സഖ്യകക്ഷിയായി സ്വീകരിച്ചു മന്ത്രിസഭയിൽ എടുത്തു. 1969 മുതൽ ലീഗ് കോൺഗ്രസിന്റെ ഭാഗമായിത്തീർന്നു.
എം വി രാഘവൻ പുറത്താക്കപ്പെട്ട ബദൽ രേഖ വിവാദം മാർക്സിസ്റ്റ് പാർട്ടി ഉണ്ടാക്കുന്നത് മുസ്ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടാണ്. രാഘവന്റെ ജനകീയതയിൽ അരിശം കൊണ്ട ഇ എം എസ് ആ തക്കം നോക്കി രാഘവനെ വെട്ടിനിരത്തി. അതിനുശേഷം മുസ്ലിം ലീഗിന് എതിരായ നിലപാടായിരുന്നു പാർട്ടി സ്വീകരിച്ചിരുന്നത്. പിണറായി അതെല്ലാം തിരുത്തി. ലീഗിന് വേണ്ടി പച്ചപ്പരവതാനി വിരിക്കാനും പിണറായി മടിക്കില്ല; പല കാരണങ്ങൾ കൊണ്ട്.
ഇനി കോൺഗ്രസിനെ നമ്പി നിലനിൽക്കാനാകില്ല എന്ന് ലീഗിനറിയാം. എങ്ങോട്ട് പോകണമെന്ന് അവർക്ക് തീരുമാനിക്കാതിരിക്കാനാകില്ല. ഇടതുമുന്നണിയിൽ ചേർന്നാൽ ഭരണത്തിൽ പങ്കാളിയാകാം. കേരളത്തിലും കേന്ദ്രത്തിലും ഭരണം ഇല്ലാതെ പാർട്ടിക്ക് നിലനിൽക്കാനാകില്ലെന്ന് ലീഗ് നേതാക്കൾക്ക് നന്നായി അറിയാം.
ഡോ. കെ. എസ്. രാധാകൃഷ്ണൻ