കർത്താവിനു വേണ്ടി ഉദ്യോഗം ഉപേക്ഷിക്കുമോ?
കർത്താവിനു വേണ്ടി ഉദ്യോഗം ഉപേക്ഷിക്കുമോ?
അദ്ദേഹം ബാങ്കുദ്യോഗസ്ഥൻ. ഏറെ നാളുകളായി മനസിൽ ഒരു സ്വരം മുഴങ്ങുന്നു:”ജോലി രാജിവെച്ച് മുഴുവൻ സമയവും സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങുക.“അതേക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:”ജോലിയോടു കൂടി സുവിശേഷം പ്രഘോഷിച്ചാൽ പോരെ? എന്തിന് നല്ലൊരു ജോലി കളയണം? മുഴുവൻ സമയവും സുവിശേഷവേല ചെയ്യാൻ അച്ചന്മാരും സിസ്റ്ററ്റേഴ്സുമില്ലെ?”മറ്റു ചിലർ ചോദിച്ചു:”നിനക്ക് ഭ്രാന്തുണ്ടോ ഇത്തരം മണ്ടത്തരം കാണിക്കാൻ? ഭക്തി കൂടി വട്ടു പിടിച്ചെന്നാ തോന്നുന്നേ.”
ഈ പ്രതിസന്ധിഘട്ടത്തിൽ ദൈവഹിതം തിരിച്ചറിയാൻ കർത്താവിനോട് അദ്ദേഹം രണ്ടു നിബന്ധനകൾ വച്ചു:ഒന്ന്: ജീവിതപങ്കാളി സമ്മതിക്കണം.രണ്ട്: ആരോടും പണം കടം ചോദിക്കാൻ ഇടവരുത്തരുത്.
സ്കൂൾ അധ്യാപികയായ ഭാര്യ ആറുവർഷമായി ട്രാൻസ്ഫറിനുവേണ്ടി ശ്രമിക്കുകയാണ്. സ്വന്തമായ് വീടില്ല. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കു മധ്യേ, ജോലി രാജിവെക്കുന്ന കാര്യത്തോട് ഭാര്യ എങ്ങനെ പ്രതികരിക്കുമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിൻ്റെ മനസുനിറയെ.ജോലിസ്ഥലത്തു ചെന്ന് ഭാര്യയെയും കൂട്ടി അടുത്തുള്ള ദൈവാലയത്തിലേക്ക് പോയി. അല്പനേരം നിശബ്ദമായി പ്രാർത്ഥിച്ചു.
ധൈര്യം സംഭരിച്ച് ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു.കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു: “കർത്താവ് തന്നെയാണ് അച്ചായനെ മുഴുവൻ സമയ ശുശ്രൂഷയ്ക്ക് വിളിച്ചിരിക്കുന്നതെന്ന് ഉറപ്പുണ്ടെങ്കിൽ ധൈര്യമായി രാജിവെയ്ക്കുക. … അതിനുവേണ്ടി പട്ടിണി കിടക്കാനും ഞാൻ തയ്യാറാണ്…”ആ വാക്കുകളിൽ അദ്ദേഹത്തിൻ്റെ മിഴികൾ നിറഞ്ഞൊഴുകി.അദ്ദേഹം ബാങ്കിലെ ജോലി രാജിവെച്ചു.
തടസം പറഞ്ഞ സുഹൃത്തുക്കളോട് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു: “ബാങ്കിൻ്റെ മാനേജ്മെൻറിനേക്കാൾ വിശ്വസ്തനാണ് എൻ്റെ കർത്താവ്. കർത്താവിനുവേണ്ടി ജീവിക്കുമ്പോൾ പട്ടിണി കിടക്കാൻ അവിടുന്ന് എന്നെ അനുവദിക്കില്ല.”ഈ ബാങ്കുദ്യോഗസ്ഥനാണ് ശാലോം ടി.വി.യുടെയും ഇതര പ്രസിദ്ധീകരണങ്ങളുടെയും എല്ലാമായ ഷെവലിയർ ബെന്നി പുന്നത്തറ.(കടപ്പാട്: പ്രലോഭനങ്ങളെ വിട)
ജീവിതത്തിൽ ദൈവസ്വരം ശ്രവിച്ച അദ്ദേഹം അത് ഉറപ്പിക്കുന്നതിനു വേണ്ടി കർത്താവിനു മുമ്പിൽ വെച്ച ആദ്യ നിബന്ധന ഭാര്യയുടെ സമ്മതമായിരുന്നു.അദ്ദേഹത്തിൻ്റെ ഭാര്യ സ്‌റ്റെല്ല സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ശാലോം രൂപപ്പെടുകയില്ലായിരുന്നു.
ഭർത്താവും ഭാര്യയും ഒരു പോലെ ശ്രവിക്കുന്ന ദൈവസ്വരങ്ങളാണ് നമ്മുടെ ഈ കാലഘട്ടത്തിന് ആവശ്യം. ഇങ്ങനെയൊരു ദൈവീക ഇടപെടൽ ലഭിച്ച ദമ്പതികളെ സുവിശേഷത്തിലും കാണാം; സക്കറിയായും എലിസബത്തും.യോഹന്നാൻ പിറക്കുമ്പോൾ സക്കറിയ മൂകൻ. ബന്ധുക്കളെല്ലാവരും കുഞ്ഞിന് എന്തു പേരിടണമെന്ന് ചോദിച്ചത് എലിസബത്തിനോടായിരുന്നു.അവൾ പറഞ്ഞ ‘യോഹന്നാൻ’ എന്ന പേര് അവർക്ക് അംഗീകരിക്കാനായില്ല. അതുകൊണ്ടാണ് എഴുത്തു പലകയുമായ് അവർ സക്കറിയായെ സമീപിച്ചത്;അയാളും എഴുതി ‘യോഹന്നാൻ’എന്തൊരു പൊരുത്തം!(Ref ലൂക്ക 1:57-66).
ഭാര്യാഭർത്താക്കന്മാർ തമ്മിൽ പൊരുത്തവും ലയവും ആവുമ്പോൾ അവിടെ ഉത്തമ കുടുംബം രൂപപ്പെടുകയാണ് എന്ന സത്യം മറക്കാതിരിക്കാം.
ഫാദർ ജെൻസൺ ലാസലെറ്റ്ഡിസംബർ 13 – 2020.