
ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം കൂദാശ ചെയ്തിട്ട്
(സെപ്റ്റംബർ 10 ) മുപ്പതു വർഷം.

ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്. ഐവറി കോസ്റ്റ് എന്ന പശ്ചിമ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് ആ ബഹുമതിക്കു അർഹർ.
ഐവറി കോസ്റ്റിന്റെ തലസ്ഥാന നഗരിയായ യാമോസോക്രോയിൽ (Yamoussoukro) സ്ഥിതി ചെയ്യുന്ന സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ബസലിക്കയാണ് ( Basilica of Our Lady of Peace) ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലയം . എകദേശം രണ്ടരക്കോടി ജനങ്ങുള്ള ഈ രാജ്യത്തിൽ മൂന്നിലൊരു ഭാഗം ജനങ്ങൾ ക്രിസ്തുമത വിശ്വാസികളാണ്, അവരിൽ ഭൂരിഭാഗം പേരും കത്തോലിക്കരാണ്. 1985 ആഗസ്റ്റ് പത്തിനാണ് ദൈവാലയത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. 1990 സെപ്റ്റംബർ മാസം പത്താം തീയതി ഐവറി കോസ്റ്റ് സന്ദർശനവേളയിൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ഈ ദൈവാലയം കൂദാശ ചെയ്തത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയാണ് ഈ ദൈവാലയ നിർമ്മതിക്കുള്ള പ്രേരണ. 300 മില്യൺ അമേരിക്കൻ ഡോളറാണ് ദൈവാലയ നിർമ്മാണ ചെലവ്. ഫ്രാൻസിലെ പ്രമുഖ നിർമാണ കമ്പനിയായ ദൂമെസ് (Dumez ) ആണ് ദൈവാലയം നിർമ്മിച്ചത്. പിയറി ഫഖൗറി എന്ന ആർക്കിടെക്ക് റോമിലെ വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ അധിഷ്ഠിതമാക്കിയാണ് ഈ ബസിലിക്കയുടെ രൂപകൽപ്പന നിർവ്വഹിച്ചത്. മൈക്കലാഞ്ചലോ വത്തിക്കാന്റെ താഴികക്കുടം 41 മീറ്റർ വ്യാസം ഇഷ്ടികളാൽ നിർമ്മിച്ചെങ്കിൽ പിയറിൻ്റെ കോൺക്രീറ്റ് താഴികക്കുടത്തിന് 90 മീറ്റർ വ്യാസമുണ്ട്.
മുപ്പതിനായിരം സ്വകയർ മീറ്റർ ചുറ്റളവിലാണ് ദൈവാലയം സ്ഥിതി ചെയ്യുന്നത്, ഇരുപത്തിയൊരായിരം സ്വകയർ മീറ്റർ വിസ്തൃതിയുള്ള വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയാണ് വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 518 അടി (158 മീറ്റർ) ഉയരമുള്ള മാതാവിന്റെ ഈ ബസലിക്കാ തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കത്തോലിക്കാ ദൈവാലയവും. വിസ്തൃതിയിൽ വിശുദ്ധ പത്രോസിന്റ ബസിലിക്കായെ പിന്നിലാക്കുമെങ്കിലും പതിനെണ്ണായിരം ആളുകളെ മാത്രമേ ഈ ദൈവാലയം ഉൾകൊള്ളുകയുള്ളു. വിശുദ്ധ പത്രോസിന്റെ ദൈവാലയം അറുപതിനായിരം വിശ്വാസികളെ ഉൾകൊള്ളും.
1960 മുതൽ 1993 വരെ ഐവറി കോസ്റ്റ് പ്രസിഡന്റായിരുന്ന ഫെലിക്സ് ഹാഫൗവറ്റ് ബണി (Félix Houphouët-Boigny) ഈ ദൈവാലയ നിർമ്മതിക്ക് ചുക്കാൻ പിടിച്ചത്. തന്റെ ജന്മനാടായ യാമോസോക്രോയിൽ ഒരു വലിയ ദൈവാലയം പണിയുക എന്നത് ഫെലിക്സിന്റെ ജീവിതാഭിലാഷമായിരുന്നു. ദരിദ്ര രാജ്യത്ത് ആഢംബര പള്ളി നിർമ്മിച്ചതിൽ ഫെലിക്‌സ് ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി. ബസിലിക്കാ നിർമാണം രാജ്യത്തിന്റെ കടക്കെണി ഇരട്ടിപ്പിച്ചു. വലിയ ആത്യാഡംബരപൂർവ്വം പണിത ഈദൈവാലയം കൂദാശ ചെയ്യാൻ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. ബസലിക്കയോടു ചേർന്ന് ഒരു പുതിയ ആശുപത്രി പണിയാമെന്നു ഭരണകുടം ഉറപ്പു നൽകിയ ശേഷമാണ് പാപ്പ ദൈവാലയം വെഞ്ചരിച്ചത്.

ഇത്ര വലിയ ദൈവാലയമാണങ്കിലും ഈ ബസലിക്കാ ഒരു കത്തീഡ്രൽ പള്ളിയല്ല. വിശുദ്ധ ആഗസ്തിനോസിന്റെ നാമത്തിലുള്ള ദൈവാലയമാണ് യാമോസോക്രോ രൂപതയുടെ കത്തീഡ്രൽ.

ഫാ. ജയ്സൺ കുന്നേൽ mcbs