‘റിട്ട് ‘ഹർജികൾ..

Share News

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷകരാണ് ഇന്ത്യയുടെ പരമോന്നത കോടതിയും ഹൈക്കോടതികളും. അതിനായി മൗലികവും വിശാലവുമായ അധികാരങ്ങൾ അവയ്ക്ക് നൽകിയിട്ടുണ്ട്.

പൗരന്മാരുടെ മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി അഞ്ച് തരത്തിലുള്ള റിട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് ഭാരത ഭരണഘടനയിൽ അനുശാസിക്കുന്നു.

അഞ്ച് തരം റിട്ടു ഹർജികൾ ഇവയാണ്:

1.ഹേബിയസ് കോർപ്പസ്

2.മാൻഡാമസ്

3. സെർഷിയോരാരി

4. ക്വോ-വാറന്റോ

5. പ്രോഹിബിഷൻ

1.ഹേബിയസ് കോർപ്പസ്

‘ഹേബിയസ് കോർപ്പസ്’ എന്ന വാക്കിന്റെ ലാറ്റിൻ അർത്ഥം ‘ശരീരം ഹാജരാക്കുക’ (Produce the body) എന്നാണ്. അനധികൃത തടങ്കലിനോ, വ്യക്തിയെ തടഞ്ഞ് വയ്ക്കുന്നതിനെതിരെ യോ വ്യക്തിസ്വാതന്ത്ര്യ മൗലികാവകാശം നടപ്പാക്കാനാണ് ഈ റിട്ട് ഉപയോഗിക്കുന്നത്. ഹേബിയസ് കോർപ്പസ് മുഖേന, സുപ്രീം കോടതി/ഹൈക്കോടതി ഒരാളെ അറസ്റ്റു ചെയ്‌ത ഒരാളോട് അയാളെ കോടതിയിൽ കൊണ്ടുവരാൻ ഉത്തരവു നൽകാം.

ഹേബിയസ് കോർപ്പസ് റിട്ട്

സ്വകാര്യ, പൊതു അധികാരികൾക്കെതിരെ സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ പുറപ്പെടുവിക്കാം.

തടങ്കൽ നിയമപരമാകുമ്പോൾ ഹേബിയസ് കോർപ്പസ് നൽകാനാവില്ല.

ഒരു നിയമനിർമ്മാണ സഭയെയോ കോടതിയെയോ അവഹേളിച്ചതിന് നടപടിയെടുക്കുമ്പോൾ

തടങ്കലിൽ വയ്ക്കുന്നത് യോഗ്യതയുള്ള കോടതിയാണ്

എങ്കിൽ അത്തരം തടങ്കൽ കോടതിയുടെ റിട്ട് അധികാരപരിധിക്ക് പുറത്താണ്.

2.മാൻഡാമസ്

ഈ റിട്ടിന്റെ അക്ഷരാർത്ഥം ‘ഞങ്ങൾ കൽപ്പിക്കുന്നു.’ (We Command) തന്റെ കർത്തവ്യം നിർവഹിക്കുന്നതിൽ പരാജയപ്പെടുകയോ കടമ ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്ത പൊതു ഉദ്യോഗസ്ഥനോട് തന്റെ ജോലി നിർവ്വഹിക്കുന്നതിന് കാലയളവ് നിശ്ചയിച്ച് ഉത്തരവിടാൻ ഉന്നത കോടതികൾക്ക് ഈ റിട്ട് ഉപയോഗിക്കാം. പബ്ലിക് ഓഫീസർമാരെ കൂടാതെ, ഏതെങ്കിലും പൊതു സ്ഥാപനത്തിനോ, ഒരു കോർപ്പറേഷനോ, ഒരു ഇൻഫീരിയർ കോടതിക്കോ, ഒരു ട്രൈബ്യൂണലിനോ, അല്ലെങ്കിൽ ഗവൺമെന്റിനോ എതിരെ ഇതേ ആവശ്യത്തിനായി മാൻഡമസ് റിട്ട് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

ഹേബിയസ് കോർപ്പസ് പോലെ തന്നെ, ഒരു സ്വകാര്യ വ്യക്തിക്കെതിരെ മാൻഡമസ് പുറപ്പെടുവിക്കാൻ കഴിയില്ല.

ഉദാ: a ) നിയമപരമായ ബലം ഇല്ലാത്ത വകുപ്പുതല നിർദ്ദേശം നടപ്പിലാക്കാൻ,

b)ജോലിയുടെ തരം മാറ്റാൻ c)വിവേചനാധികാരമുള്ളതും നിർബന്ധമല്ലാത്തതുമായിരിക്കുന്ന ചുമതല വഹിക്കുന്ന ആരെയെങ്കിലും ഒരു ജോലി ചെയ്യാൻ ഉത്തരവിടുക,

d)ഒരു കരാർ ബാധ്യത നടപ്പിലാക്കാൻ ഒക്കെ ഈ റിട്ട് ഉപയോഗിക്കാം.

എന്നാൽ ഇന്ത്യൻ രാഷ്ട്രപതിക്കോ സംസ്ഥാന ഗവർണർമാർക്കോ എതിരെ മാൻഡാമസ് പുറപ്പെടുവിക്കാനാവില്ല.

ജുഡീഷ്യൽ പദവിയിൽ പ്രവർത്തിക്കുന്ന ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയും

മാൻഡമസ് നൽകാനാവില്ല തന്നെ.

3. പ്രോഹിബിഷൻ – (നിരോധനം ) ‘

‘ പ്രോഹിബിഷൻ’ എന്നതിന്റെ അർത്ഥം ‘നിരോധിക്കുക’ എന്നാണ്. ഉയർന്ന സ്ഥാനത്തുള്ള ഒരു കോടതി അതിന്റെ അധികാരപരിധി കവിയുന്നതിൽ നിന്നും അല്ലെങ്കിൽ കൈവശമില്ലാത്ത അധികാരപരിധി തട്ടിയെടുക്കുന്നതിൽ നിന്നും തടയുന്നതിന് താഴെയുള്ള ഒരു കോടതിക്കെതിരെ ഒരു നിരോധന റിട്ട് പുറപ്പെടുവിക്കുന്നത് പ്രോഹിബിഷനാണ്. ഇത് പലപ്പോഴും മുന്നോട്ട് പോകുന്നത് തടഞ്ഞ് നിഷ്ക്രിയത്വത്തിലേക്ക് നയിക്കുന്നു.

ജുഡീഷ്യൽ, അർദ്ധ ജുഡീഷ്യൽ അധികാരികൾക്കെതിരെ മാത്രമേ റിട്ട് ഓഫ് പ്രൊഹിബിഷൻ പുറപ്പെടുവിക്കാൻ കഴിയൂ.

അഡ്മിനിസ്ട്രേറ്റീവ് അധികാരികൾ, നിയമനിർമ്മാണ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ ഇത് പുറപ്പെടുവിക്കാനാവില്ല.

4. സെർഷിയോരാരി.

‘സർഷിയോരാരി’ എന്ന റിട്ടിന്റെ അക്ഷരാർത്ഥം ‘സർട്ടിഫൈഡ് ആവുക’ അല്ലെങ്കിൽ വേരിഫൈ ചെയ്യപ്പെടുക’ എന്നാണ്. ഒരു കീഴ്‌ക്കോടതിക്കോ ട്രൈബ്യൂണലിനോ അധികാരമുള്ള കാര്യം എന്തെന്ന് വെരിഫൈ ചെയ്യാൻ ഒരു കോടതി ഈ റിട്ട് പുറപ്പെടുവിക്കുന്നു. ഒന്നുകിൽ തീർപ്പുകൽപ്പിക്കാത്ത ഒരു കേസ് അതിലേക്ക് മാറ്റാനോ അല്ലെങ്കിൽ ഒരു കേസിൽ ഉത്തരവ് അല്ലങ്കിൽ കേസ് തന്നെയോ റദ്ദാക്കാനോ ഈ റിട്ട് പ്രകാരം ഉത്തരവിടുന്നു. അധികാരപരിധിയുടെ ആധിക്യം അല്ലെങ്കിൽ അധികാരപരിധിയുടെ അഭാവം അല്ലെങ്കിൽ നിയമത്തിലെ പിശക് എന്നിവയുടെ അടിസ്ഥാനത്തിൽ വരുന്ന വീഴ്ചകൾ തിരുത്തുന്നതിന്നാണ് ഈ റിട്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്. അത് ജുഡീഷ്യറിയിലെയും മറ്റ് അധികാരസ്ഥാനങ്ങളിലെയും തെറ്റുകൾ തടയുക മാത്രമല്ല ചികിത്സിക്കുകയും ചെയ്യുന്നു.

1991-ന് മുമ്പ് സെർഷിയോരാരിയുടെ റിട്ട് ജുഡീഷ്യൽ, അർദ്ധ ജുഡീഷ്യൽ അധികാരികൾക്കെതിരെ മാത്രമായിരുന്നു പുറപ്പെടുവിച്ചിരുന്നത്. അല്ലാതെ ഭരണപരമായ അധികാരികൾക്കെതിരെ ആയിരുന്നില്ല.

1991-ന് ശേഷം വ്യക്തികളുടെ അവകാശങ്ങളെ ബാധിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് അധികാരികൾക്കെതിരെ പോലും സർഷിയോരാരി നൽകാമെന്ന് സുപ്രീം കോടതി വിധിച്ചു.എങ്കിലും

നിയമനിർമ്മാണ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഇത് പുറപ്പെടുവിക്കാനാവില്ല.

5.ക്വോ-വാറന്റോ

‘ക്വോ-വാറന്റോ’ എന്ന റിട്ടിന്റെ അർത്ഥം ‘ഏത് അധികാരം അല്ലെങ്കിൽ ഏത് വാറണ്ട് വഴിക്ക്’ എന്നാണ്. ഒരു വ്യക്തിയുടെ സർക്കാർ ജോലി ചുമതല അനധികൃതമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ സുപ്രീം കോടതിയോ ഹൈക്കോടതിയോ ഈ റിട്ട് പുറപ്പെടുവിക്കുന്നു. ഈ റിട്ടിലൂടെ, ഒരു വ്യക്തിയുടെ പൊതു ഓഫീസിലേക്കുള്ള നിയമന അവകാശവാദത്തിന്റെ നിയമസാധുതയും കോടതിക്ക് അന്വേഷണ നടപടിയാക്കാം.

നിയമപ്രകാരമോ ഭരണഘടനയോ സൃഷ്ടിച്ച സ്ഥിര സ്വഭാവമുള്ള ഒരു പൊതു ഓഫീസ് ഉൾപ്പെട്ടിരിക്കുന്ന കേസുകളിൽ മാത്രമേ ക്വോ-വാറന്റോ പുറപ്പെടുവിക്കാൻ കഴിയൂ.

സ്വകാര്യ ഓഫീസുകൾക്കോ അല്ലെങ്കിൽ മന്ത്രിമാരുടെ ഓഫീസുകൾക്കോ എതിരെ ഇത് നൽകാനാവില്ല. ഈ റിട്ട്, പീഡിതനായ വ്യക്തിക്ക് വേണ്ടി അയാൾ അല്ലാതെ മറ്റേതൊരാൾക്ക് വേണമെങ്കിലും പരിഹാരം തേടാനുള്ള അവകാശവും നൽകുന്നുണ്ട്.

ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിക്കുള്ള റിട്ട് അധികാരത്തെ അഥവാ റിട്ട് പുറപ്പെടുവിക്കുന്നതിന് മറ്റേതെങ്കിലും കോടതിയെ അധികാരപ്പെടുത്താൻ പാർലമെന്റിനെ അധികാരപ്പെടുത്തുന്നുണ്ട്.

1950-ന് മുമ്പ്, കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികൾക്ക് മാത്രമാണ് റിട്ട് പുറപ്പെടുവിക്കാൻ അധികാരം ഉണ്ടായിരുന്നത്.

ആർട്ടിക്കിൾ 226 പ്രകാരം റിട്ട് പുറപ്പെടുവിക്കാൻ ഇന്ത്യയിലെ എല്ലാ ഹൈക്കോടതികൾക്കും അധികാരം നൽകുന്നുണ്ട്.

ഇന്ത്യയിലെ റിട്ടുകൾ ഇംഗ്ലീഷ് നിയമത്തിൽ നിന്ന് കടമെടുത്തതാണ്, അവിടെ അവ ‘പ്രീറോഗേറ്റീവ് റിട്ടുകൾ’ എന്നാണ് അറിയപ്പെടുന്നത്.

Share News