
ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം.
കാര്‍ട്ടൂണ്‍ കുലപതി യേശുദാസന്റെ വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളുമാണ് ഏറെ ശ്രദ്ധേയം. ഓരോ വ്യക്തിയെക്കുറിച്ചുള്ള വരയിലും ഇതു പ്രകടമാണ്.

ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം. അതോടൊപ്പം അലക്ഷ്യമായ മുടിയും. ഉമ്മന്‍ ചാണ്ടിയുടെ കണ്ടംവച്ച ഷര്‍ട്ടും അലക്ഷ്യമായ മുടിയും യേശുദാസന്റെ കാരിക്കേച്ചറിലൂടെ പ്രചുരപ്രചാരം നേടി. അത് ഉമ്മന്‍ ചാണ്ടിയുടെ സിഗ്നേച്ചറായി. വൈകാതെ മറ്റു കാര്‍ട്ടൂണിസ്റ്റുകളും അത് അനുകരിച്ചു.
‘കുഞ്ഞുഞ്ഞു കഥകള്‍ രണ്ടാം ഭാഗം” എന്ന പുസ്തകത്തില്‍ ലോകമെമ്പാടും നിന്നുള്ള 60 കാരിക്കേച്ചറുകള്‍ ഉണ്ടായിരുന്നു. പുറത്തുനിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ കാരിക്കേച്ചറില്‍പ്പോലും കണ്ടം വച്ച ഷര്‍ട്ട് പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ യേശുദാസന്‍ ഈ സമാഹാരത്തിലേക്ക് അയച്ച ഉമ്മന്‍ ചാണ്ടിയുടെ കാരിക്കേച്ചറില്‍ നിന്ന് കണ്ടം വച്ച ഷര്‍ട്ടിനെ ഊരിമാറ്റി. പകരം ഒരൊറ്റ വരയില്‍ തീര്‍ത്ത ഉമ്മന്‍ ചാണ്ടിയെ വരച്ച് അദ്ദേഹം അത്ഭുതം സൃഷ്ടിച്ചു.

മുകളില്‍ നിന്ന് തുടങ്ങിയ വര അവസാനിച്ചത് യേശുദാസന്റെ ഒപ്പിലാണ്.
നിരവധി അത്ഭുതങ്ങള്‍ സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കുലപതിക്ക് പ്രണാമം!
പി ടി ചാക്കോ