നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും ഒരു നഴ്സെങ്കിലും കാണും.

Share News

നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും ഒരു നഴ്സെങ്കിലും കാണും. ഒരു കാലത്ത് പിടിച്ചുനിൽക്കാൻ മറ്റ് വഴികളില്ലാതെ വിദേശത്തേക്ക് വിമാനം കയറിയവരായിരുന്നു അവർ. ഇന്ന് ലോകത്തിന്റെ ഏത് കോണിലെ ആശുപത്രിയിൽ ചെന്നാലും ഒരു മലയാളിയുടെ ചിരി നമ്മളെ കാത്തിരിപ്പുണ്ടാകും. ആ ചിരിക്ക് പിന്നിൽ വലിയൊരു അതിജീവനത്തിന്റെ കഥയുണ്ട്.

1960-കളിലും 70-കളിലും ജർമ്മനിയിലേക്കും ഇറ്റലിയിലേക്കും പോയ ആ നഴ്സുമാരെ നിങ്ങൾ ഓർക്കുന്നുണ്ടോ? വെറും 15-ഉം 20-ഉം വയസ്സുള്ളപ്പോൾ, ഭാഷയറിയാതെ, തണുപ്പിനെപ്പറ്റി കേട്ടു കേഴ്വി പോലുമില്ലാതെ കടൽ കടന്നവരായിരുന്നു അവർ. പിന്നീട് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് പണിതത് ആ പെൺകരുത്താണ്. പട്ടിണി മാറ്റാനും, കൂടപ്പിറപ്പുകളെ പഠിപ്പിക്കാനും, ഒരു വീട് വെക്കാനും വേണ്ടി സ്വന്തം കൗമാരം ഹോമിച്ചവർ. പിന്നീട് ഗൾഫ് രാജ്യങ്ങളിലേക്ക് നഴ്സുമാരുടെ ഒരു ഒഴുക്ക് തന്നെയായിരുന്നു. ഇന്ന് കേരളത്തിന്റെ ജിഡിപിയുടെ ഏകദേശം 20-30 ശതമാനം പ്രവാസികളുടെ പണമാണ്. അതിൽ വലിയൊരു പങ്ക് നമ്മുടെ നഴ്സുമാർ അയക്കുന്ന വിയർപ്പിന്റെ വിലയാണ്.

ഇന്ന് നഴ്സിംഗ് മേഖലയിലെ പ്രവാസസാധ്യതകൾ പണ്ടത്തേക്കാൾ ഏറെ എളുപ്പവും ലാഭകരവുമാണ്. ജർമ്മനിയിലേക്ക് നോർക്ക റൂട്ട്‌സ് വഴി നടത്തുന്ന ‘ട്രിപ്പിൾ വിൻ’ (Triple Win) പോലുള്ള സർക്കാർതല റിക്രൂട്ട്‌മെന്റുകൾ വഴി കൃത്യമായ പ്ലാനിംഗോടെയും കുറഞ്ഞ ചിലവിലും മലയാളി നഴ്സുമാർക്ക് കുടിയേറാൻ സാധിക്കുന്നുണ്ട്.

എന്നാൽ, ഒരു കാലത്ത് നഴ്സുമാരുടെ പ്രിയപ്പെട്ട ഇടമായിരുന്ന യുകെയുടെ (UK) സുവർണ്ണകാലം പതുക്കെ മാറുകയാണ്. മുമ്പ് ഹെൽത്ത് ആൻഡ് കെയർ വിസയിൽ പോകുന്നവർക്ക് കുടുംബത്തെ കൂടെക്കൂട്ടാമായിരുന്നു. എന്നാൽ യുകെ സർക്കാർ കൊണ്ടുവന്ന പുതിയ വിസ നിയന്ത്രണങ്ങൾ മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ്. പലർക്കും ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെ കൂടെ താമസിപ്പിക്കാൻ പറ്റാത്ത അവസ്ഥയോ അല്ലെങ്കിൽ അതിനായുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ താങ്ങാൻ കഴിയാത്ത സാഹചര്യമോ നിലവിലുണ്ട്. ഈ നിയന്ത്രണങ്ങൾ കാരണം പലരും ഇപ്പോൾ അയർലൻഡിലേക്കോ ജർമ്മനിയിലേക്കോ ഉള്ള വഴികളിലാണ് കൂടുതലായി തിരയുന്നത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവർക്ക് ഇപ്പോൾ അയർലൻഡ് മികച്ചൊരു ലക്ഷ്യസ്ഥാനമാണ്. കാനഡയും ഓസ്‌ട്രേലിയയും നഴ്സുമാർക്കായി കുടിയേറ്റ നടപടികൾ ഇപ്പോൾ വളരെ വേഗത്തിലായിട്ടുണ്ട്.

മുമ്പൊക്കെ വിദേശത്തേക്ക് പോകുക എന്ന് പറഞ്ഞാൽ അതൊരു ഒറ്റപ്പെട്ട യാത്രയായിരുന്നു. എന്നാൽ ഇന്ന്, പണമയക്കുന്നതിനപ്പുറം സ്വന്തം കരിയറും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ പുതിയ തലമുറയ്ക്ക് കഴിയുന്നുണ്ട്. എങ്കിലും പ്രവാസത്തിന്റെ ചതിക്കുഴികൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം.

പഴയ തലമുറയിലെ നഴ്സുമാർ ചെയ്ത വലിയൊരു ത്യാഗം തങ്ങൾ ഉണ്ടാക്കുന്ന ഓരോ രൂപയും നാട്ടിലേക്ക് അയച്ചു എന്നതാണ്. സഹോദരന്റെ കല്യാണം, വീട് പണി, ബന്ധുക്കളുടെ കടം… അവസാനം തിരിച്ചു നാട്ടിലെത്തുമ്പോൾ സ്വന്തം പേരിൽ ഒരു ബാങ്ക് ബാലൻസ് പോലുമില്ലാത്ത അവസ്ഥ പലർക്കുമുണ്ടായി. ഒടുവിൽ പ്രായമായി തിരിച്ച് നാട്ടിലെത്തുമ്പോൾ സ്വന്തമായി ചികിത്സയ്ക്ക് പോലും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരികളായി അവർ മാറിയപ്പോൾ, സ്വന്തം ഭാവി സുരക്ഷിതമാക്കാൻ ആരും അവർക്കു പറഞ്ഞു കൊടുത്തില്ല എന്നതാണ് സത്യം. പുതിയ തലമുറയിലെ നഴ്സുമാർ ഇത് തിരിച്ചറിഞ്ഞു നിങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഹിതം നിങ്ങളുടെ സ്വന്തം വാർദ്ധക്യത്തിലേക്കും അപ്രതീക്ഷിത ആവശ്യങ്ങൾക്കുമായി മാറ്റിവെക്കണം. അത് സ്വാർത്ഥതയല്ല, മറിച്ച് വിവേകമാണ്. വീട്ടുകാർക്ക് വേണ്ടി ജീവിക്കുമ്പോഴും നിങ്ങൾക്കായി എന്തെങ്കിലും ബാക്കിവെക്കാൻ മറക്കരുത്. വിദേശ രാജ്യങ്ങളിൽ തന്നെ നല്ല നിക്ഷേപങ്ങൾ (Stocks, Pension schemes) കണ്ടെത്തുക. അയക്കുന്ന പണം നാട്ടിൽ വെറുതെ ബാങ്കിലിടാതെ മ്യൂച്വൽ ഫണ്ടുകളിലോ മറ്റോ നിക്ഷേപിക്കാൻ കുടുംബാംഗങ്ങളോട് പറയുക. നമ്മൾ അധ്വാനിക്കുന്നത് നമ്മുടെ കൂടി ഭാവി സുരക്ഷിതമാക്കാനാണ്‌ എന്ന് മറക്കരുത്.

നിങ്ങളുടെ മക്കളോ പങ്കാളിയോ വിദേശത്തിരുന്ന് അയക്കുന്ന പണം ആഡംബരത്തിന് വേണ്ടി മാത്രം ഉപയോഗിക്കരുത്. അതൊരു നിക്ഷേപമായി കാണുക. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മോഹങ്ങൾക്കപ്പുറം, ലിക്വിഡ് ക്യാഷ് ആയി സൂക്ഷിക്കാവുന്ന നിക്ഷേപങ്ങൾ (SIPs പോലെ) ഇന്ന് അത്യാവശ്യമാണ്. കാരണം, ലോകത്തെവിടെയും എപ്പോൾ വേണമെങ്കിലും നിയമങ്ങൾ മാറാം. ആ സമയത്ത് നമുക്ക് താങ്ങായി നിൽക്കുന്നത് നമ്മുടെ സമ്പാദ്യം മാത്രമായിരിക്കും.

മനോജ് ജോസഫ് ചെത്തിപ്പുഴ ✍️

Share News