
മണ്ണിൽ പണിയെടുക്കുന്ന കാർഷിക സമൂഹങ്ങളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പരിസ്ഥിതി സമീപനമാണ് വേണ്ടത്. അല്ലാതെ ഒരിടത്ത് ബുള്ളറ്റ് ട്രെയിനും മറ്റൊരിടത്ത് കടുവാ വളർത്തലും ശരിയായ നടപടിയല്ല
വയനാട്ടിലെ കടുവാ ആക്രമണം അങ്ങേയറ്റം ഭീതിജനകമായ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

ഇതുവരെ അപ്രതീക്ഷിത ആക്രമണങ്ങളിലാണ് മനുഷ്യജീവനുകൾ പൊലി ഞ്ഞതെങ്കിൽ ഇപ്പോൾ കടുവ മനുഷ്യനെ ഭക്ഷണമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്.
ഇതിനെതിരെ പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബുദ്ധിജീവി സമൂഹം തയാറാകാത്തത് വനം കൈയ്യേറ്റം നടത്തിയ ടീംസല്ലേ അനുഭവിക്കട്ടെ എന്ന അടിസ്ഥാനമില്ലാത്ത പൊതുബോധത്തെ പിന്പറ്റിയാണ്.
രണ്ടുമൂന്നു വസ്തുതകൾ മനസിലാക്കുക
1 കേരളത്തിൽ ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമേഖല ഉള്ള ജില്ലയാണ് വയനാട്. 74.19% അതായത് ഭൂവിസ്തൃതിയുടെ മുക്കാൽപങ്കും വനമാണ് വയനാട്.
കേരളത്തിൽ മറ്റേതൊരു പ്രദേശത്തേക്കാളും വനഭൂമിയുള്ള പ്രദേശത്തെ ആളുകളെ വനംകൊള്ള ആരോപിക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ല

2 മനുഷ്യൻ കാർഷിക സംസ്കാരത്തിലേക്കും നാഗരികതയിലേക്കും വളർന്നപ്പോൾ പലയിടത്തും കാട് നാടായി. അതേ വയനാട്ടിലും സംഭവിച്ചിട്ടുള്ളൂ. മറ്റു പലയിടത്തും സംഭവിച്ചതിനെ വച്ച് വളരെ കുറച്ചുമാത്രം. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
3 അമ്പതുകളിലും അറുപതുകളിലും നടന്ന കുടിയേറ്റങ്ങളെ പുതിയ കാലത്തെ പരിസ്ഥിതി ബോധത്തിന്റെ പുറത്ത് വ്യാഖ്യാനിക്കുന്നതിൽ ശരികേടുണ്ട്.
മറ്റു പ്രദേശങ്ങളിൽ നിന്ന് ആളുകൾ വയനാട്ടിലേക്ക് ഏറ്റവുമധികം കുടിയേറുന്ന കാലഘട്ടത്തിൽ അത്തരം കാർഷിക ഭൂവുപയോഗങ്ങളെ സർക്കാർ തലത്തിൽ തന്നെ പ്രോത്സാഹിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു എന്നുകൂടി ഓർക്കണം

4 ഇനി പരിസ്ഥിതി നാശത്തിന്റെയും വനംകൊള്ളയുടെയും കഥകൾ പറഞ്ഞു വന്യജീവി ആക്രമണത്തെ ന്യായീകരിക്കുമ്പോൾ ജീവനും സ്വത്തും നഷ്‌ടപ്പെടുന്നത് വനാതിർത്തിയിൽ കഴിയുന്ന ദരിദ്രവിഭാഗങ്ങൾക്കാണ്, പ്രിത്യേകിച്ചും കഴിഞ്ഞ ദിവസം കടുവാ ഭക്ഷണമാക്കിയ ശിവകുമാറിനെപ്പോലെയുള്ള പരമ്പരാഗത ആദിവാസി സമൂഹങ്ങൾക്
5 ഇതൊക്കെ സംഭവിക്കുന്നത് എൺപതും നൂറും വര്ഷം ജനവാസമുള്ള പ്രദേശങ്ങളിലാണ് അല്ലാതെ ഇന്നലെ വനം കയ്യേറി വെട്ടി വെളുപ്പിച്ച സ്ഥലത്തതൊന്നുമല്ല.
6 കടുവാ ആക്രമണം കേട്ട് തുടങ്ങിയത് കഴിഞ്ഞ അഞ്ചാറു വർഷം മാത്രമേ ആയിട്ടുള്ളു. അതിന് കൃത്യമായ കാരണമുണ്ട്. സാധാരണ ജനങ്ങളുടെ ജീവൻ വകവെക്കാതെ വയനാടിനെ വൻതോതിലുള്ള കടുവാ വളർത്തുകേന്ദ്രമാക്കാനുള്ള ഗൂഡാലോചനയുടെ വിലയാണ് ശിവനെപ്പോലെയുള്ള അനേകരുടെ ജീവൻ
7 വയനാട്ടിൽ കാട്ടിൽ കൊള്ളാവുന്നതിലധികം കടുവകളുണ്ട്.

അത് നിയന്ത്രിച്ചു നിർത്താൻ അധികൃതർ തയാറാവാത്തിടത്തോളം ഇനിയും മനുഷ്യജീവനുകൾ നഷ്‌ടപ്പെടും, വിശാല ഇടതുപക്ഷത്ത് നിന്ന് പരിസ്ഥിതി രാഷ്ട്രീയം പറയുന്നവർ ഈ ഭരണകൂട വധത്തിനു നേരെ കണ്ണടക്കും. പരിസ്ഥിതി വിരുദ്ധ പട്ടം ഭയന്ന് പ്രതികരിക്കാൻ തയാറാവാതെ ഇരിക്കുകയാണ് പലരും.

8 മണ്ണിൽ പണിയെടുക്കുന്ന കാർഷിക സമൂഹങ്ങളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പരിസ്ഥിതി സമീപനമാണ് വേണ്ടത്.
അല്ലാതെ ഒരിടത്ത് ബുള്ളറ്റ് ട്രെയിനും മറ്റൊരിടത്ത് കടുവാ വളർത്തലും ശരിയായ നടപടിയല്ല