32 വര്‍ഷം മുൻപ് , രണ്ടുവയസുള്ളപ്പോൾ കിണറ്റിൽ വീണ തന്നെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കല്ലിടുക്കില്‍ ജയോച്ചനെ അവസാനമായി ഒന്ന് കാണാന്‍ അഫ്‌സലെത്തി.
കാൻസറിനോട് പടവെട്ടി നാലുദിവസം മുൻപ് അന്തരിച്ച ആലക്കോട് കല്ലിടുക്കില്‍ ജയോച്ചന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴിയേകി .ഒരുദശാബ്ദത്തിലേറെക്കാലം കാൻസർ രോഗത്തോട് പടവെട്ടി സധൈര്യം ജീവിതം മുൻപോട്ട് കൊണ്ടുപോയ തൊടുപുഴ ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസഫ് ( ജെയോച്ചൻ -69 ) തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത് .
ജെയോച്ചന്റെ ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കലയന്താനി സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ജെയോച്ചനെ അവസാനമായി ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും വീട്ടിലേക്കും പള്ളിയിലേക്കും ഒഴുകി എത്തിയത് .32 വർഷം മുൻപ് ജീവൻ പണയം വച്ച് കിണറ്റിൽ വീണ രണ്ടുവയസുകാരനെ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ ജീവൻരക്ഷ പതക് അവാർഡ് ജെയോച്ചന് കിട്ടിയിരുന്നു .
1989 ഡിസംബർ 27നാണ് സംഭവം . ആലക്കോട് സഹകരണ ബാങ്കിന്റെ കാർഷിക മേളക്ക് പോകാനിറങ്ങിയ ജയോച്ചൻ സ്ത്രീകളുടെ അലമുറകേട്ടാണ് അയൽവീട്ടിലെ കിണറ്റിൻ കരയിലെത്തിയത്.
ആഴമേറിയ കിണറ്റിലേക്ക് നോക്കിയപ്പോൾ മുങ്ങിത്താഴുന്ന കുട്ടിയെ കണ്ടു. എന്തുചെയ്യണമെന്നറിയാതെ ആളുകൾ നോക്കിനിൽക്കെ , ജയോച്ചൻ 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടി. 16 അടിയോളം വെള്ളമുള്ള കിണറ്റിൽ മുങ്ങിപൊങ്ങിയ ജെയോച്ചന്റെ കയ്യിൽ കുട്ടിയുമുണ്ടായിരുന്നു .
നാട്ടുകാർ താഴേക്ക് ഇട്ടുകൊടുത്ത കയറിൽ പിടിച്ച് കുട്ടിയേയും കൊണ്ട് ജിയോച്ചൻ മുകളിൽ കയറി. പഴയരിൽ അലിയാരുടെ മകൻ അഫ്സലാണ് ആ കുട്ടി. അന്ന് പഞ്ചായത്ത് അധികൃതർ ഒരുക്കിയ സ്വീകരണത്തിൽ ജെയോച്ചന് പാരിതോഷികവും നൽകി. പിന്നീട് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു.
അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ദീർഘകാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ജിയോച്ചൻ . എന്നാലും അങ്ങനെയൊരു ദുഃഖം ഒരിക്കലും മുഖത്തു പ്രകടിപ്പിച്ചിരുന്നില്ല.
പരിചയമുള്ളവരെയൊക്കെ കാണുമ്പോൾ കുശലം പറയും .വിശേഷം ചോദിക്കും. സുഖവിവരം തിരിക്കുന്നവരോട് നേരിട്ട് ചോദിക്കും, തനിക്ക് കാൻസർ ആണെന്ന കാര്യം അറിഞ്ഞില്ലേന്ന്. വിഷമിപ്പിക്കേണ്ടല്ലോന്ന് കരുതി രോഗവിവരം അറിഞ്ഞിട്ടും ചോദിക്കാതിരിക്കുന്നവരോട് തന്റെ രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും അങ്ങോട്ട് പറയും . അത്ര ധീരതയോടെ കാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു ജെയോച്ചൻ .
മനസിന്റെ ഈ കരുത്ത് കൊണ്ടാണ് ഒരുവ്യാഴവട്ടത്തിലേറേക്കാലം ജെയോച്ചനോട് കാൻസർ പരാജയം ഏറ്റുവാങ്ങി നിശബ്ദനായി നിന്നത് .
Ignatius O M (Ignatious Kalayanthani)