പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.
രഞ്ജിത്തിനെ ഫോണിൽ വിളിച്ചു ഉള്ള് നിറഞ്ഞു അഭിനന്ദിച്ചു.
പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്. പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി ജോലി ചെയ്തും പകൽ പഠനവും നടത്തിയ രഞ്ജിത്തിന്റെ ജീവിത വഴി കഷ്ടപ്പാടിന്റേതായിരുന്നു.
ഈ കനൽ വഴികൾ താണ്ടി കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക ജോലിക്കായി അഭിമുഖത്തിനു ഇരുന്നപ്പോഴാണ് പഠിച്ച പഠനമൊന്നും പോരെന്നു മനസിലായത്. സംവരണ റോസ്റ്റർ പുറത്ത് വിടില്ലെന്നു സർവകലാശാലയ്ക്ക് പിടിവാശിയാണ്. പട്ടിക വർഗ വിഭാഗത്തിനുള്ള സംവരണ ബാക്ക് ലോഗ് നികത്താനും കാലിക്കറ്റ് സർവ്വകലാശാല തയാറായില്ല. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള പിഎച്ഡിക്കാരനായ രഞ്ജിത്തിനു കേരളത്തിൽ ആദ്യം ജോലി നിഷേധിക്കപ്പെട്ടു.
കോഴിക്കോട് സർവ്വകലാശാലയുടെ ചരിത്രത്തിലെ പട്ടികവർഗ വിഭാഗത്തിലെ ആദ്യത്തെ അധ്യാപകൻ എന്ന നിയോഗമാണ് ഈ നിഷേധത്തിലൂടെ രഞ്ജിത്തിനു നഷ്ടമായത്. മെരിറ്റും സംവരണവുംഅട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ രഞ്ജിത്ത് സമർപ്പിച്ചിരിക്കുന്ന ഹർജി,പുതിയ ജോലി ലബ്ദിയിലും പിൻവലിക്കാൻ തയാറല്ല. തന്റെ പിന്മുറക്കാർക്ക് അർഹമായ സംവരണത്തിന്റെ ആനുകൂല്യത്തിന് വേണ്ടിയാണ് ഈ ചെറുപ്പക്കാരന്റെ പോരാട്ടം. ഈ പോരാട്ടവീര്യത്തിനും ഒരു സല്യൂട്ട്.
രഞ്ജിത്തിന്റെ സ്വപ്നങ്ങൾക്ക് കാവൽനിൽക്കുകയും പരിമിതികൾക്കിടയിലും അദ്ദേഹത്തെ വളർത്തിയെടുക്കുകയും ചെയ്ത മാതാപിതാക്കളായ ബേബിക്കും രാമചന്ദ്രനും ആദരവിന്റെ കൂപ്പുകൈ.
ഒരിയ്ക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചാണ് രഞ്ജിത്തുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. രഞ്ജിത്തിന്റെ പുതിയ ജോലിയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
രമേശ് ചെന്നിത്തല