ബോബിക്ക് പോകാനുള്ള സമയമായിരുന്നില്ല ഇത്.ബോബിയിൽ ജീവിതം ഒട്ടുമേ അവസാനിച്ചിരുന്നില്ല.
ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം വരാനുള്ള ഏതാണ്ട് രണ്ടുമാസം നീണ്ട ഒരു കാത്തിരിപ്പുണ്ടായിരുന്നു പണ്ട്. ആ സമയത്ത് എന്തു ചെയ്യും എന്നിങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് കോട്ടയം എന്ന വിദൂരദേശത്തുള്ള പ്രസ് ക്ലബ് എന്ന സ്ഥാപനം പത്രപ്രവർത്തനത്തിൽ ഒരു ഫൗണ്ടേഷൻ കോഴ്സ് തുടങ്ങുന്നതായി അറിയുന്നത്. നോക്കിയപ്പോൾ പരീക്ഷ കഴിഞ്ഞിരിക്കുന്നവർക്കു ടെയ്‌ലർ മെയ്ഡാണ് സംഭവം. ഒരു മാസത്തെ കോഴ്സ്. അവധിക്കാലം. പ്രസ് ക്ലബിലായതുകൊണ്ട് ലൈവായി ജേണലിസം കാണാം, അറിയാം. വലിയ ഫീസുമില്ല.
അങ്ങനെ അപേക്ഷിച്ചു, അഡ്മിഷൻ കിട്ടി;അന്ന് അത്രയൊന്നും പരിചിതമല്ലാത്ത കോട്ടയത്ത് എത്തിപ്പെട്ടു. പ്രസ് ക്ലബിലെ ക്ലാസ്മുറിയിൽ ബോബി മാത്യുവിനെ കണ്ടുമുട്ടി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും, സ്നേഹവും കരുതലുമുള്ള, ഒന്നാന്തരം കോട്ടയംകാരൻ. നഗരത്തിൽനിന്നൽപം മാറിയാണു വീടെങ്കിലും കോട്ടയം പട്ടണം കൈവെള്ളയിലെന്ന പോലെ അറിയാം. നഗരത്തിൽ ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെയുണ്ട്. പ്രസ് ക്ലബിൽ ഞങ്ങൾ പത്രസമ്മേളനം കൂടുകയും പത്രമിറക്കുകയും യാത്ര പോവുകയും ഒക്കെ ചെയ്തു. ബോബിക്കും മറ്റുള്ളവർക്കുമൊപ്പം ടൗണിലെ പല റെസ്റ്റോറന്റുകളിലും ഭക്ഷണംകഴിച്ചു. സൂര്യയിലെ മസാല ദോശ മുതൽ തണ്ടൂരിലെ ചിക്കൻ ബിരിയാണി വരെ. ബോബിയുടെ പല സുഹൃത്തുക്കളെയും പരിചയപ്പെട്ടു.
ഒരു മാസത്തെ കോഴ്സ് പെട്ടെന്നു കഴിഞ്ഞു. ഞാൻ കോട്ടയം വിട്ടു. സോഷ്യൽമീഡിയയ്ക്കു മുൻപുള്ള കാലമാണ്. മനുഷ്യർ കത്തെഴുതിയിരുന്ന ലോകം. ബോബിയും ബാലുവും ചന്ദ്രകാന്തും ബിനുവും അടക്കം പലരുമായും കത്തുകളിലൂടെ കണ്ടുമുട്ടിക്കൊണ്ടിരുന്നു. ഇതിനിടെ, ബോബി സപ്ലിമെന്റ് എന്ന കോട്ടയത്തെ പത്രത്തിൽ എഡിറ്ററായി. ഇടയ്ക്കു കോട്ടയത്തു വരുമ്പോൾ ഭീമ ജ്വല്ലറിക്കടുത്തുള്ള പഴയ കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള ഓഫിസിൽ കണ്ടുമുട്ടി.
കുറെ വർഷങ്ങൾക്കു ശേഷം, ഒരു വൃത്തം പൂർത്തിയാക്കും പോലെ, ഞാൻ തിരികെ കോട്ടയത്തെത്തി,പഠിച്ച പ്രസ് ക്ലബിൽ അംഗമായി. ബോബി അപ്പോഴേക്കും സൂര്യ ടിവിയുടെ റിപ്പോർട്ടറായി ഇടുക്കിയിലേക്കു പോയിരുന്നു. അതിനിടെ മൊബൈൽ ഫോൺ വന്നു. ഇടയ്ക്കൊക്കെ വിളിച്ചു. അപൂർവമായി കണ്ടു.
പിന്നീട്, ജീവിതം തിരക്കിലായി. ബോബി പത്രപ്രവർത്തനം വിട്ട് പീരുമേട്ടിൽ റോസ് ഗാർഡൻ എന്ന റിസോർട്ട് തുടങ്ങി. പലവട്ടം അവിടേക്കു ക്ഷണിച്ചു. ചിലവട്ടം കയറിയിറങ്ങിപ്പോന്നു. ഏറ്റവും ഒടുവിൽ, കോവിഡ് കാലത്ത് ഒരു രാത്രിയിൽ ചെല്ലുമ്പോൾ റെസ്റ്റോറന്റ് പൂർണതോതിൽ പ്രവർത്തിക്കുന്നില്ല. റോഡരികിലെ റോസ് ഗാർഡന്റെ പിന്നിൽ ബോബി സ്വന്തമായി വീടു പണിയുകയാണ്. വലിയ സ്വപ്നമായിരുന്നു ആ വീട്. പൂന്തോട്ടമടക്കം റിസോർട്ടിലും വലിയ പദ്ധതികളായിരുന്നു മനസ്സിൽ.
അതായിരുന്നു അവസാന കൂടിക്കാഴ്ച.
അപ്പൻ മാത്തുക്കുട്ടി സാറിന്റെ കഥകളുടെ പുസ്തകം ഇതിനിടെ പുറത്തിറക്കി. അതിന്റെ ആമുഖം ഒരാളെക്കൊണ്ട് എഴുതിക്കുന്ന കാര്യത്തിനായി പലവട്ടം വിളിച്ചു. ആ ആമുഖമെഴുത്തു നടന്നില്ലെങ്കിലും പുസ്തകം പുറത്തുവന്നു.
പത്രപ്രവർത്തനം വിട്ടെങ്കിലും ബോബിക്ക് പത്രം വലിയ ആവേശമായിരുന്നു. അടിമുടി വായിക്കും. ഇഷ്ടപ്പെട്ട പടമോ വരയോ വാർത്തയോ എന്തു കണ്ടാലും ഉടൻ വിളിക്കും. അതെഴുതിയ, വരച്ച ആളുടെ നമ്പർ ചോദിക്കും. അവരെ അപ്പോൾ തന്നെ വിളിച്ചിരിക്കും. അങ്ങനെ എത്രയെത്ര തവണ. മറ്റൊന്ന്, ആശയങ്ങളായിരുന്നു. വായനയ്ക്കിടയിൽ ആൾക്കു തലങ്ങും വിലങ്ങും ആശയങ്ങൾ തോന്നും. അതൊക്കെയും വിളിച്ചു പറയും, ചെയ്യേണ്ട വാർത്തകൾ, നോക്കേണ്ട ആംഗിളുകൾ, കൊടുക്കാവുന്ന തലക്കെട്ടുകൾ..
ബോബിയിൽ പത്രപ്രവർത്തനം അവസാനിച്ചിരുന്നില്ല.റോസ് ഗാർഡനെക്കുറിച്ചും വലിയ ആശയങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപുള്ള യാത്രയിൽ പിണറായി വിജയൻ ഉച്ചഭക്ഷണത്തിന് റോസ് ഗാർഡനിലെത്തിയതൊക്കെ വലിയ ആവേശമായിരുന്നു. വാട്സാപ് ഡിപി ഇപ്പോഴും പിണറായിക്കൊപ്പമുള്ള ചിത്രമാണ്.
കണ്ണുചിമ്മിത്തുറക്കാൻപോലും സാവകാശം തരാത്തത്രയും ഞെട്ടിപ്പിക്കുന്ന, പേടിപ്പെടുത്തുന്ന വേഗത്തിലാണ് കാര്യങ്ങൾ മാറിമറിയുന്നത്.
എത്ര അനിശ്ചിതമാണ്, ജീവിതം. എത്രമാത്രം നിസ്സഹായരാണ് മനുഷ്യർ.ബോബിക്ക് പോകാനുള്ള സമയമായിരുന്നില്ല ഇത്.ബോബിയിൽ ജീവിതം ഒട്ടുമേ അവസാനിച്ചിരുന്നില്ല.
K Tony Jose
Social Media Editor @Manorama Print Daily.
tweets @ktonyjoseMM