കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു.|ഫാദർ റോബിൻ പേണ്ടാനത്ത്

Share News

അങ്ങനെ 2023ലെ അധ്യാപന ദിനം കടന്നു പോവുകയാണ്. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ 300 കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ നടത്തിവരുന്ന peer mediation എന്ന ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.

വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ കഴിവുകൾ മാത്രമല്ല വിദ്യാർത്ഥികളുടെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഈ peer mediation. ഈ വിഷയത്തിന്റെ സാങ്കേതികമായ കാര്യങ്ങൾ വിലയിരുത്തുവാൻ വളരെ അധികം പരിശ്രമവും പരിശീലനവും ആവശ്യമാണ്. അതിലേക്ക് ഒന്നും കടക്കാതെ വളരെ ഉപരിപരമായി ഈ വിഷയത്തെ വിശദീകരിക്കുവാൻ ഇവിടെ പരിശ്രമിക്കുന്നു.

നമ്മൾ അധ്യാപകരും വിദ്യാഭ്യാസ മേഖലയിലെ ഗവേഷകരും അറിയാത്ത ഒരു intra formation വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്നുണ്ട്. നമ്മളാരും ഇതുവരെ മുഖവിലയ്ക്ക് എടുക്കാത്ത ഈ പരിശീലന ശക്തിയെക്കുറിച്ച് അല്പം ഒരു വിശദീകരണം ആവശ്യമാണ്.

നല്ല ജീവിത പശ്ചാത്തലത്തിൽ ജീവിച്ച കുട്ടികൾ വളരെയധികം സ്വാതന്ത്ര്യങ്ങൾ അനുഭവിക്കുന്ന ഉന്നത വിദ്യാലയ സംവിധാനത്തിലേക്ക് കടന്നു ചെല്ലുമ്പോൾ എന്തുകൊണ്ടാണ് വളരെ പെട്ടെന്ന് അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നത് എന്ന് ആരെങ്കിലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പെട്ടെന്നുണ്ടാകുന്ന ഈ മാറ്റത്തിന് നമ്മൾ അവരുടെ മാതാപിതാക്കളുടെ വളർത്തു ദോഷത്തെയും മാതാധ്യാപകരുടെ പരിശീലന ദൗർബല്യത്തെയും കലാലയത്തെയും കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിക്കുന്നത് കുട്ടികൾക്കിടയിൽ അവർ നടത്തുന്ന വലിയ ശക്തമായ സ്വാധീനത്തിന്റെ (peer pressure) ഫലമായിട്ടാണ്. അവരുടെ ക്രിയാത്മകശേഷിയെ ഫലപ്രദമായ വിധത്തിൽ വഴി തിരിച്ചു വിടേണ്ട സമയം അവർ തെറ്റായ പല മാർഗങ്ങൾ തെരഞ്ഞെടുത്ത വഴിതെറ്റിപ്പോകുന്നു. പല കുട്ടികളും ഈ സ്വാധീനത്തിൽപ്പെട്ട് മയക്കുമരുന്നിനും മറ്റ് പല ലഹരി വസ്തുക്കൾക്കും അടിമകൾ ആയിട്ട് മാറുന്നു. ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം അഗാധമായ ജീവിത ഗർത്തത്തിലേക്ക് അവർ വീണു കഴിയുമ്പോഴാണ് മാതാപിതാക്കളും ബന്ധപ്പെട്ടവരും ഈ അവസ്ഥ തിരിച്ചറിയുക. ഇവിടെയാണ് peer mediation എന്ന പുതിയ വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രസക്തി.

കുട്ടികൾക്കിടയിലെ ഇത്തരം പ്രവണതകൾ തിരിച്ചറിഞ്ഞ് മുൻകൂട്ടി അവയെ പ്രതിരോധിക്കുന്നതിന് അവർക്കിടയിൽ പരിശീലനം നൽകുന്ന സംവിധാനം വളരെ പ്രയോജനകരമാണ്. അധ്യാപകരും ബന്ധപ്പെട്ട അധികാരികളും മാതാപിതാക്കളും തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഇത്തരം അവസ്ഥകൾ കണ്ടറിഞ്ഞ് സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഇടയിലേക്ക് കടന്നുചെന്ന് അവരെ ചേർത്തു നിർത്തുവാനും ആവശ്യമായ കരുത്ത് പകരുവാനും peer mediation വഴിയായി കഴിയുന്നു. ഇത് കഴിഞ്ഞ രണ്ടു വർഷമായി അധ്യാപകർക്കിടയിലും വിദ്യാർഥികൾക്കിടയിലും മാതാപിതാക്കൾക്കിടയിലും പരിശീലനവും പരീക്ഷണവും നടത്തി വിജയിച്ച ഒരു മാതൃകയാണ്.

കൂടുതൽ വിദ്യാലയങ്ങളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും ഈ മാതൃകയെ കുറിച്ചുള്ള പരിശീലനം എത്തിക്കുന്നതിന് വേണ്ടി സേവിയർ ബോർഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മാസം 30 (30-09-2023) മുതൽ മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

കോളേജിന്റെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഈ പരിപാടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. ഏവർക്കും ഒരിക്കൽ കൂടി അധ്യാപക ദിനത്തിന്റെ ആശംസകൾ നേരുന്നു

നന്ദി

ഫാദർ റോബിൻ പേണ്ടാനത്ത്

nammude-naadu-logo
Share News