
വിലകൊടുത്തു വാങ്ങുന്ന വാക്സിൻ എല്ലാവർക്കും സൗജന്യം നൽകണമോ ?
സൗജന്യത്തിന് അർഹതയുടെ അളവുകോലുണ്ടോ ?
രാജ്യത്ത് പ്രതിരോധ വാക്സിനുകൾ ഇന്നുവരെ പണം ഈടാക്കി നൽകിയിട്ടില്ല എന്ന് ധനമന്ത്രി തോമസ് ഐസക് വികാരാധീനനായി പറയുന്നു. മഹാമാരിയുടെ ഈ കാലത്ത്, പതിവുകൾ തെറ്റിച്ച് പണം നൽകി വാക്സിൻ നൽകാൻ നിലപാടെടുത്ത പ്രധാനമന്ത്രിയെ ചൂണ്ടിയാണ് സംസാരം. രാജ്യത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സിൻ നൽകി വാക്സിൻ ചിലവിലേക്ക് സുമനസ്സുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നത് സ്വാഭാവികം. ഏതായാലും അത്തരം ചർച്ചയ്ക്ക് ദേശീയതലത്തിൽ ഇപ്പോൾ പ്രസക്തിയില്ല; കാരണം സൗജന്യമായി എല്ലാവർക്കും വാക്സിൻ കൊടുക്കുന്നില്ല എന്നതു തന്നെ. വറുതിയുടെ ഈ വർഷങ്ങളിൽ കേന്ദ്രസർക്കാർ എന്ത് ചെയ്തു തന്നു എന്നതും വിലകൊടുത്തു വാങ്ങാൻ സംസ്ഥാനങ്ങൾ തമ്മിൽ അനാരോഗ്യം ആയ മത്സരം ഉണ്ടാവില്ലേ എന്നുള്ളതും പ്രത്യേകമായി ചർച്ച ചെയ്യേണ്ട മറ്റ് വിഷയങ്ങൾ.

വിലകൊടുത്തു വാങ്ങുന്ന വാക്സിൻ എല്ലാവർക്കും സൗജന്യം നൽകണമോ ?
ഇത് വായിക്കുമ്പോൾ ചിലർക്ക് എതിരഭിപ്രായം ഉണ്ടാകും; എന്നാലും പറയാനുള്ളത് പറയട്ടെ. സൗജന്യമായി വാക്സിൻ സ്വീകരിക്കണമെന്നുള്ളവർക്ക് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ അവസരമുണ്ട്; അതുപോലെ പണം നൽകാൻ ശേഷിയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്സിനെടുക്കാം. എന്നാൽ ഇതിൻറെ പേരിൽ പണം നൽകാൻ ശേഷിയുള്ളവരും, സൗജന്യം എന്നു കേൾക്കുമ്പോൾ തിക്കിത്തിരക്കി പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി, യഥാർത്ഥ അർഹരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നതും; തിരക്ക് നേരിടാൻ ശേഷിയില്ലാത്തതുകൊണ്ടും ലഭ്യതയില്ലാത്തതുകൊണ്ടും, സൗജന്യത്തിന് യഥാർത്ഥത്തിൽ അർഹരായവർ ഇല്ലാത്തപണം നൽകി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാവരുത്. 45 വയസ്സിനു താഴെയുള്ളവർ പണം നൽകി വാക്സിൻ വാങ്ങേണ്ടി വരുന്നതും അതിനു മുകളിൽ ഉള്ളവർക്ക് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യം എന്നുള്ളതും, ഒരേ വാക്സിന്, കേന്ദ്രത്തിനും (150), സംസ്ഥാന സർക്കാരിനും (400), സ്വകാര്യ ആശുപത്രികൾക്കും (600) വ്യത്യസ്ത വില ഈടാക്കുന്നതും, ഇന്ത്യൻ ഭരണഘടനയുടെ തുല്യരായവർക്കിടയിൽ തുല്ല്യത എന്ന അടിസ്ഥാന തത്വത്തെ അവമതിക്കുന്നതുമാണ്.
പ്രതിമാസം 50,000 രൂപയ്ക്കുമേൽ മേൽ വരുമാനമുള്ളവരും, 5,000 രൂപ തികച്ച് വരുമാനമില്ലാത്തവർക്കും ഒരുപോലെ സൗജന്യമായി വാക്സിൻ നൽകി, അങ്ങനെ നൽകിയതിന് ചെലവായ പണം തിരിച്ചു പിടിക്കാൻ സുമനസ്സുകൾ നൽകുന്നത് വാങ്ങാം, അതിനപ്പുറത്ത് നിർബന്ധിത ചലഞ്ചുകളും അധിക സെസ്സും ഉണ്ടാകില്ല എന്ന് പ്രത്യാശിക്കാം.

അഡ്വ .ഷെറി ജെ തോമസ്