തുടർഭരണ തരംഗം :മലയാളമാധ്യമങ്ങളിൽ!?

Share News

ശ്രീ പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം വരവിന് വലിയ പ്രാധാന്യം മാധ്യമങ്ങൾ നൽകി. മലയാള പത്രങ്ങൾ തിരഞ്ഞെടുപ്പ് വാർത്ത എങ്ങനെ ആഘോഷമാക്കിയെന്ന് നോക്കാം.
വിമർശിക്കാൻ മുന്നിൽ നിൽക്കുന്നതുപോലെ അനുമോദിക്കുവാനും മുന്നിലാണെന്ന് മത്സരിക്കുവാൻ മലയാള മനോരമയും ഉണ്ട്.

വിജയ് സൂപ്പർ എന്ന തലകെട്ടിൽ പിണറായി വിജയന്റെ സൂപ്പർമാൻ കാർട്ടൂൺ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ചൂണ്ടുവിരലിൽ കേരളത്തെ ഉയർത്തിപറക്കുന്നു. അപ്പോൾ പച്ചപ്പിൽ പിടിവിട്ട് ഉടുതുണി ഊരിയും വിധം പാവം ജോസ് കെ മാണി രണ്ടിലയുമായി താഴോട്ട്. കോവിഡ് സംരക്ഷക ശൈലജ ടീച്ചർ ഇഞ്ചക്ഷൻ സൂചിയുമായി നിൽക്കുമ്പോൾ കാനം രാജേന്ദ്രൻ ഡാൻസ് കളിക്കുന്നു. തല കറങ്ങി വിഴുന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. ഹെലികോപ്റ്റർ എടുത്ത് കെ സുരേന്ദ്രനെ അടിക്കുന്ന അമിത്ഷായും കേരള ചിത്രത്തിൽ ബൈജു വരച്ചു വെച്ചിരിക്കുന്നു.
കാഴ്ചപ്പാട് പേജിൽ “വിജയചരിത്രമായി ഭരണത്തുടർച്ച “-എന്ന പേരിലുള്ള എഡിറ്റൊറി യലിൽ ഭരണതുടർച്ച പിണറായിയുടെ നേതൃപാട വത്തിന് അംഗീകാരമാണ് ഈ ജനവിധിയെന്നു പറയുന്നു.

ഇരട്ടച്ചെങ്കനൽ എന്ന തലകെട്ടിൽ വീണ്ടും വിജയവഴികൾ വിശദികരിക്കുന്നു.
വിജയാസ്ത്രം എന്നപേരിൽ തുടർഭരണം സാധ്യമാക്കിയ പത്തിന ഫോർമുലയും പ്രത്യേകം.

സൂപ്പർ പിണറായി -എന്ന തലകെട്ടിൽ എട്ടും ഒമ്പതും പേജ് നിറഞ്ഞുകവിയുന്നു. അവിടെ കേരളത്തെ കാത്തുസംരക്ഷിക്കുന്ന കപ്പിത്താനും ക്യാപ്റ്റനും എന്ന പരിവേഷം മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നു.

2005,2016-വർഷങ്ങളിൽ മനോരമ നൽകിയ ഒന്നാം പേജുകളും നൽകിയിട്ടുണ്ട്.കരുതലിന്റെ ഊർജതന്ത്രം, ഓർമ്മയുടെ ചോരച്ചുവപ്പ് എന്ന തലകെട്ടുകളിൽ കെ കെ ഷൈലജ, കെ കെ രമ എന്നിവരെക്കുറിച്ചുള്ള രണ്ടുകോളം വാർത്തയും സ്ഥലംപിടിച്ചു.14-ജില്ലകളിലെ സമഗ്രചിത്രങ്ങൾ ഒറ്റനോട്ടത്തിലും നന്നായി നൽകിയിട്ടുണ്ട്.18+4=22 പേജുകളിൽ വീണ്ടും ഇലക്ഷൻ സ്പെഷ്യൽ ആണ് 4 പേജുകൾ. അത് ജില്ലയിലെ വിജയികളെ മുഴുവൻ (കൊച്ചിയിൽ )മെട്രോയിൽ കയറ്റിയിരിക്കുന്നു.

മാതൃഭൂമിയും തരംഗം തലകെട്ടിൽ നിലനിർത്തി.

മൂന്നാം പേജിൽ കാലിടറിയ പ്രമുഖരിൽ ശ്രെയാസ് കുമാറിന്റെ ചിത്രവും ചേർത്തിട്ടുണ്ട്.തോറ്റപ്രമുഖരിൽ കല്പറ്റയിൽ മത്സരിച്ചു പരാജയപ്പെട്ട, ലോക്തന്ത്രിക് ജനതാദൾ നേതാവ് ശ്രീ എം വി ശ്രെയാംസ് കുമാറിന്റെ പേരുമുണ്ട്അ ദ്ദേഹം പ്രധാന വ്യക്തിയെന്നതിനും അപ്പുറം മാതൃഭൂമിയുടെ ഉടമയാണ്. ഭാവിമന്ത്രിയായി പരിഗണിക്കപ്പെട്ട അദ്ദേഹം അടിതെറ്റിയത് മറച്ചുവെക്കുന്നില്ല .

ജനസമ്മിതിയുടെ ചരിത്രവിജയമായി മാതൃഭൂമിയും വിജയത്തെ വിലയിരുത്തുന്നു. വിജയിനിസം എന്ന കെ ബാലകൃഷ്ണന്റെ ലേഖനത്തിന് ക്യാപ്റ്റൻ എന്നാണ് തലക്കെട്ട്. വിജയനിസം പേര് നിർദേശിച്ച ശിവപ്രസാദിന്റെ ഫോട്ടോയും ചേർത്തിട്ടുണ്ട്.

ഒഴുകിപ്പോയ തന്ത്രങ്ങൾ പ്രത്യേകം കാർട്ടുൺ ശ്രദ്ധിക്കപ്പെട്ടു.

മുഖചിത്രത്തിൽ ബിജെപിക്ക്‌ അവസരം നൽകിയിട്ടില്ല.

അനിഷേധ്യ വിജയം -എഡിറ്ററിയൽ.

മുസ്ലിംവോട്ടുകളുടെ കഥ ശ്രീ ഇബ്രാഹിം കോട്ടക്കൽ വിശദികരിച്ചിട്ടുണ്ട്, എന്നാൽ അതിൽ എത്രമുസ്ലിംങ്ങൾ ഇരു മുന്നണികളിലുമായി വിജയിച്ചുവെന്ന് പറയുന്നില്ല.മുസ്ലിംലീഗിന് നഷ്ട്ടപ്പെട്ട മലയോര കുടിയേറ്റ കർഷകർ, കൂടുതലും ക്രൈ സ്തവർ കൂടുതലുള്ള തിരുവമ്പാടിയുടെ കാര്യം ഇബ്രാഹിം മറന്നുപോയി. എന്നാൽ പൂഞ്ഞാറിൽ പി സി ജോർജിനെ മുസ്ലിംസമൂഹം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന് കനത്ത മറുപടി നൽകിയെന്നും മാധ്യമം പറയുന്നു. മുന്നണിമറന്നും മുസ്ലിം വോട്ടുകൾ നിർണായകമാകുന്നുവെന്നു മാധ്യമം പറയുമ്പോൾ അത് വിശ്വസിക്കണം.

മുസ്ലിംവോട്ടുകളാണ് പി സി ജോർജിന്റെ പരാജയത്തിന് കാരണമെന്ന് മാധ്യമം എടുത്തുപറയുന്നു.

ദീപികയിലേയ്ക്ക് എത്തുമ്പോൾ വലിയ ആവേശം അലതല്ലുന്നില്ല. ഇടതുതരംഗം എന്നല്ലാതെ എന്ത് പറയും എന്ന അവസ്ഥപോലെ.

ജനവിധിയെക്കുറിച്ച് എഡിട്ടോറിയൽ ഉണ്ട്. തകർന്നടിഞ്ഞ പ്രതിപക്ഷത്തെക്കുറിച്ച് സാബു ജോൺ ശക്തമായി പ്രതികരിച്ചു.

ദീപിക മാധ്യമംപോലെ രാഷ്ട്രീയ വിശകലനം നടത്തുന്നില്ല. വിജയത്തിൽ ക്രൈസ്തവ നിലപാട് എന്തായിരുന്നുവെന്ന് പറയുന്നില്ല. കാരണം രണ്ട്മുന്നണിയിൽ നിൽക്കുന്ന കേരള കോൺഗ്രസ്‌ എന്ത് കരുത്തുമെന്ന വിചാരമായിരിക്കും.

മംഗളവും ദീപികയുടെ വഴിയിൽതന്നെ. എങ്കിലും കരുതലായി ചെങ്കൊടി എന്ന് എഡിറ്റൊറിയൽ.

ക്യാപ്റ്റൻ വിശേഷം അവിടെയും ഉണ്ട്.

മെട്രോവാർത്ത വിജയതുടർച്ച ആഘോഷിക്കുന്നു.

ചരിത്രം മാറ്റിവരിച്ച അസുലഭ വിജയം എന്ന എഡിറ്റൊറിയൽ മുഖ്യമന്ത്രിയുടെ നേട്ടങ്ങൾ വ്യക്തമാക്കുന്നു.

ദേശാഭിമാനി, വീക്ഷണം,ചന്ദ്രിക ജന്മഭൂമി.. പാർട്ടി മുന്നണി താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മനോഹരമായി വാർത്തകളും വീക്ഷണങ്ങളും അവതരിപ്പിച്ചു.

ഓരോ മണ്ഡലങ്ങളിലും പാർട്ടികൾക്കും മുന്നണികൾക്കും ലഭിച്ചതും ,കുറഞ്ഞതും അതിൻെറ കാരണങ്ങളും ഏതെങ്കിലും പത്രങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാക്കുമോ ?

യുവതികളടക്കം ശബരിമലയിൽ പ്രവേശനം നൽകണമെന്നും വേണ്ടെന്നുമുള്ള പാർട്ടി മുന്നണിയുടെ കാഴ്ചപ്പാടിന് സ്ത്രീകൾ അടക്കം ആർക്കാണ് വോട്ടുചെയ്തത് ?

പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾ കേരളത്തിൽ എത്തിയിട്ടും , നിയമസഭയിൽ ഉണ്ടായിരുന്ന പങ്കാളിത്തം നഷ്ടപ്പെട്ടത് എന്തുകൊണ്ടെന്നും അറിയാനുള്ള വായനക്കാരുടെ താത്പര്യം പരിഗണിക്കപ്പെടുമോ ?

ജാതി മത ചിന്തകൾ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തപ്പോൾ പരിഗണിക്കപ്പെട്ടിട്ടുണ്ടോ ?

35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ ഭരണം നേടുമെന്ന് പറഞ്ഞ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവിൻെറ ദയനീയ പരാജയം ,–അത് രണ്ട് സ്ഥലങ്ങളിലും –എന്തുകൊണ്ടെന്ന് വരും ദിവസങ്ങളിൽ വിലയിരുത്തുമായിരിക്കും .കോൺഗ്രസ് രഹിത ഭാരതത്തിന് ,കേരളത്തിൽ നിന്നും ,ഭരണ തുടർച്ചയ്‌ക്കു രഹസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ..ഇങ്ങനെ നിരവധി ചോദ്യങ്ങൾ വായനക്കാരുടെ മനസ്സിലുണ്ട് .

ഭരണതുടർച്ചയെ കേരളത്തിലെ വോട്ടർമാരെപ്പോലെ മാധ്യമങ്ങളും വളരെ നന്നായി സ്വാഗതം ചെയ്‌തിരിക്കുന്നു .വസ്തുതകൾ വ്യക്തവും കൃത്യവുമായി അവതരിപ്പിക്കാനും വിലയിരുത്താനും അനുമോദിക്കുവാനും മാധ്യമങ്ങൾക്കു കഴിയണം .

ഇന്നലെതന്നെ ഭരണതുടർച്ച നേടിയ ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും കെസിബിസി അനുമോദിച്ചുകൊണ്ടുള്ള പ്രസ്‌താവന നൽകിയിരുന്നു .ഇത് മാതൃകയാണ് .ജനവിധിയെ മാനിക്കുന്ന മതനേതൃത്വം .ഈ പ്രസ്‌താവന ദീപികയിൽ കണ്ടു .ഇത്തരം മനോഭാവം എല്ലാ മത സാമുദായിക വിഭാഗങ്ങൾക്കും ഉണ്ടാകണേണ്ടതാണ് .

Share News