
ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്.
കെ സുധാകരനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അണികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കൂ. കോൺഗ്രസിന്റെ താഴേത്തട്ടു മുതൽ ഉള്ള പ്രവർത്തകരെ ഉണർത്തൂ.

ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്. പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ മുൻപിൽ, യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പോലും പറയാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കോൺഗ്രസിനെ നയിക്കുവാൻ ജനസമ്മതിയുള്ള ഒരു കെപിസിസി പ്രസിഡന്റ് ഇല്ലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് 6 മാസം മുന്നേ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത് ഇവിടെ സ്മരിക്കുന്നു. അപക്വമായ പ്രസ്താവനകൾ വഴി കോൺഗ്രസിന്റെ മുഖം നശിപ്പിക്കുന്ന ഒരു കെപിസിസി പ്രസിഡന്റ് അല്ല നമുക്ക് ആവശ്യം. യുഡിഎഫിനെ നയിക്കാൻ അംഗീകാരമുള്ള ഒരു യുഡിഎഫ് കൺവീനർ ഇല്ലായിരുന്നു.
പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ കേരള ജനത ആഗ്രഹിച്ചത് ശക്തനായ ഒരു നേതാവിനെയാണ്. ആ നേതാവിന്റെ അസാന്നിധ്യമാണ് കേരളത്തിൽ യുഡിഎഫിന്റെ പരാജയത്തിന് പ്രധാനകാരണം.

ഇന്ന് യുഡിഎഫിന് പ്രധാനമായി വേണ്ടത് കരുണാകരനെ പോലുള്ള ശക്തരായ പ്രയോഗിക നേതാക്കളാണ്. അത് ഞാൻ കാണുന്നത് കെ സുധാകരൻ, കെ സി വേണുഗോപാൽ, കെ മുരളീധരൻ, വി.ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ടി തോമസ് എന്നിവരിലാണ് . നിരാശരായ കേരളത്തിലെ കോൺഗ്രസ് അണികളുടെ ഏക പ്രതീക്ഷയാണ് ഇവർ.
ശക്തമായ ഇടത് തരംഗത്തിലും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം വെറും 5 ശതമാനം മാത്രമാണ്. അതിനാൽ കേരളത്തിലെ കോൺഗ്രസിന്റെ ബൂത്ത് തലം മുതൽ കെപിസിസി വരെ അഴിച്ചു വാർക്കണം, ഹൈക്കമാൻഡ് അനങ്ങാപ്പാറ നയം മാറ്റണം, ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം, ജനങ്ങളുടെ ഇടയിൽ സ്വാധീനമുള്ള നേതാക്കളെ മാത്രം ജാതിമത ചിന്തകൾക്കതീതമായി കണ്ടുപിടിച്ച് തെരഞ്ഞെടുക്കണം. ഇലക്ഷന് മാത്രമല്ല കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിക്കേണ്ടത്, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ചെയ്യുന്നതുപോലെ ജനക്ഷേമ പ്രവർത്തനങ്ങളുമായി പൊതുജനങ്ങളുമായി നിരന്തരം ഇടപെടണം. കേരളത്തിൽ ഇനി കോൺഗ്രസ് മതി ഗ്രൂപ്പുകൾ വേണ്ട.

ടോണി ജോസഫ് പുഞ്ചക്കുന്നേൽ