കെ ആര് ഗൗരിയമ്മക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട
ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെ ആര് ഗൗരിയമ്മക്ക് സംസ്ഥാനം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ഭര്‍ത്താവ് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്.
രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു.
തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴയിലെത്തിച്ചത്. വീട്ടിലും സ്കൂളിലും മൃതദേഹം അല്പനേരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആര്. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാള്‍) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്ബില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്ബില് പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആര്. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആര്. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. കേരള കര്‍ഷകസംഘം പ്രസിഡന്റ്(1960-64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്ബര്‍, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.