കോട്ടയം ജില്ലയിലെ പോത്തിറച്ചി സ്വര്‍ണം പൂശിയതാണോ?

Share News

ഈ ഒരു തലക്കെട്ടിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട കെ വി ജോർജ് എന്നയാളുടെ പരാതി ഫേസ്ബുക്ക് ഗ്രൂപ്പുകളിലേക്ക് കൂടി വ്യാപിച്ചതോടെ ചൂടേറിയ ചർച്ചകളിലൂടെ ഉയർന്നിരിക്കുകയാണ് ബീഫ് വിലയിലെ വിവാദം…

ബീഫ് കഴിക്കാന്‍ ഇഷ്ടമുള്ളവർ ധാരാളമാണ്. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പേരിലുള്ള പരാതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇറച്ചി വില്പനക്കാരിലും ജോർജിന്റെ പരാതി നന്നായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താമസിയാതെ ജില്ലാ ഭരണകൂടം ഇടപെടുമെന്ന് ഉറപ്പായിട്ടുമുണ്ട്. വില കുറയ്ക്കേണ്ടി വരുമെന്ന സൂചന ഇതോടെ ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്തെ ഓരോ ജില്ലയിലും പോത്തിറച്ചിയുടെ വില വ്യത്യസ്തമാണ്. പലേടത്തും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന വിധത്തിലല്ല വില കയറിയിരിക്കുന്നത്.

കോട്ടയം ജില്ലയിലെ അമിത വിലയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു കോട്ടയം മുളക്കുളം സ്വദേശി കെ.വി. ജോര്‍ജ് നൽകിയ പരാതിയാണ് ചർച്ചയായി മാറിയത്.

മുഖ്യമന്ത്രിയുമായി ആലോചിച്ച് പോത്തിറച്ചിക്ക് സംസ്ഥാനവ്യാപകമായി ഏകീകൃത വില നിശ്ചയിക്കണമെന്നാണ് ജോർജിന്റെ ആവശ്യം.

പരാതിയുടെ പൂര്‍ണരൂപം ചുവടെ ..

.ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവര്‍കള്‍ മുമ്പാകെ, കോട്ടയം ജില്ലയില്‍, മുളക്കുളം പഞ്ചായത്തില്‍ 2 വാര്‍ഡില്‍ താമസിക്കുന്ന കെ.വി. ജോര്‍ജ്, കളരിക്കല്‍, മുളക്കുളം സൗത്ത് പി.ഒ എന്ന റിട്ട. അധ്യാപകന്‍ നല്‍കുന്ന അപേക്ഷ.

കോട്ടയം ജില്ലയില്‍ നുറുക്കാത്ത പോത്തിറച്ചിക്ക് 380 രൂപ കൊടുക്കണം.എന്നാല്‍, ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300/320 രൂപ, പെരുമ്പാവൂരില്‍ 320 രൂപ, വരാപ്പുഴയില്‍ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ, ചാലക്കുടിയില്‍ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 280/ 300 രൂപ.പോത്തിറച്ചി മറ്റുജില്ലകളില്‍ വില്‍ക്കുന്ന വില ഇങ്ങനെയൊക്കെ ആയിരിക്കെ, കോട്ടയം ജില്ലയില്‍ മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപ!!

പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് എന്റെ അറിവ്. അതിനാല്‍ തന്നെ, ജില്ലാപഞ്ചായത്ത് തങ്ങളുടെ അധികാരം ഉപയോഗിച്ച് കോട്ടയം ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക്, മാംസവ്യാപാരികള്‍ ഈടാക്കിവരുന്ന അമിതവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

കോവിഡ് മഹാമാരി മൂലം സാമ്പത്തികഞെരുക്കം നേരിടുന്ന സാധാരണ ജനത്തിന് പോത്തിറച്ചിയുടെ അമിതവില കുറയ്ക്കുന്നത് വളരെ ആശ്വാസകരമാകും…

കൂടാതെ, കോട്ടയം ജില്ലാപഞ്ചായത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത്, സംസ്ഥാനമൊട്ടാകെ പോത്തിറച്ചിക്ക് ഏകീകൃത വില നിശ്ചയിച്ചാല്‍ വളരെ നന്നായിരിക്കും.

.വളരെ പ്രതീക്ഷയോടെ നിര്‍ത്തുന്നു..

സ്‌നേഹപൂര്‍വ്വം.

.കെ.വി. ജോര്‍ജ്

Share News