
നമ്മുടെ കൂടി സ്നേഹം ഇൻവെസ്റ്റ് ചെയ്യുമ്പോഴാണ് പ്രകൃതി ഉണ്ടാകുന്നത്.
താവു – കാവ്ഒന്നു കാണാനുള്ള ഭാഗ്യം ലഭിക്കുന്നത് ഏപ്രിൽ 10നാണ്. ഇലക്ഷൻ തിരക്കുകൾ ഒക്കെ കഴിഞ്ഞ്.ഞാനും ജയിംസ് അഗസ്റ്റിനും ജിപ്സനും ജോയിസിയും മരിയയും ജിഷയും എന്റെ കുടുംബവും ചേർന്നാണ് പൊന്നാരിമംഗലത്തെ താവു – കാവിലേക്ക് പോയത്.

നാൽപതു വർഷങ്ങൾക്കുശേഷം പൊന്നാരിമംഗലം മുളവുകാട് പ്രദേശങ്ങൾ എങ്ങിനെയായിരിക്കും?കൊച്ചി നഗരത്തിന്റെ വളർച്ചയിൽ പങ്കുചേർന്ന് വീർപ്പുമുട്ടുന്ന ഒരു പ്രദേശതന്നെയാകും അത്. നേരെ പറഞ്ഞാൽ മുളവുകാട് ഗ്രാമം നഗരത്തിൽ ലയിക്കും. ഒന്ന് ഉറപ്പാണ്. പൊന്നാരിമംഗലം എങ്ങിനെ മാറിയാലും അവിടെ 40 സെന്റ് സ്ഥലത്ത് ഒരു പച്ചതുരുത്ത് ഉണ്ടാകും.താവു – കാവ്.


ബോബി ജോസച്ചന്റെ ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ മുന്നോട്ട് വന്നവരിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുണ്ട്. അദ്ധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, എഴുത്തുകാർ,വ്യാപാരികൾ. തൊഴിലാളികൾ, വിദ്യാർത്ഥികൾ, സന്യസ്തർ എന്നിങ്ങനെ……അവരാണ് ഈ സ്ഥലം വാങ്ങിയതും വൃത്തിയാക്കിയതും മരങ്ങൾ നട്ടതും വെള്ളത്തിനായി കിണർ കുഴിച്ചതും. കേരളത്തിലെ വൈവിധ്യമാർന്ന മരങ്ങൾ ഈ കാവിലുണ്ടാകണമെന്ന ദൃഡനിശ്ചയം അവർക്കുണ്ട്. കാവിലെ ഉദ്യാനപാലകൻ അയൽവാസിയും ചുമട്ടുത്തൊഴിലാളിയുമായ വിശ്വനാണ്.



താവു – കാവുവിനെക്കുറിച്ച് ജിജി പോൾ ഇന്ന് മനോരമയിൽ എഴുതിയിട്ടുണ്ട്. 40 കൊല്ലം കഴിയുമ്പോൾ വളർന്ന് പന്തലിച്ച് നിൽക്കുന്ന ഈ കാവ് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകാനിടയില്ലെന്ന് ജന്മദിനമായിരുന്നതു കൊണ്ട് ആ സന്ദർശനത്തിൽ ഞാൻ ഓർത്തു. പക്ഷേ, ആ ചിന്ത മനസ്സിൽ ദുഃഖം തെല്ലും ഉണ്ടാക്കിയില്ല. കാവിൽ വളർന്നു വരുന്ന ചെടികളും മരങ്ങളും അതിൽ വന്നിരുന്ന് നിർഭയം പാട്ടു പാടുന്ന കിളികളും മനസ്സിൽ ആനന്ദം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്.

ഏപ്രിൽ 10ലെ കാവിലെ കൂട്ടംച്ചേരലിൽ ബോബിയച്ചൻ പറഞ്ഞു: നമ്മുടെ കൂടി സ്നേഹം ഇൻവെസ്റ്റ് ചെയ്യുമ്പോഴാണ് പ്രകൃതി ഉണ്ടാകുന്നത്.
ഷാജി ജോർജ്