ആർത്തവ അവധി ആദ്യം വേണ്ടത് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക്; ദുരിത യാത്രയുടെ ടിക്കറ്റ് പേറുന്ന വനിതകളുടെ ജീവിതം ഇങ്ങനെ.

Share News

തിരുവനന്തപുരം: വെളുപ്പിനെ നാലുമണിക്കും അഞ്ചുമണിക്കും തുടങ്ങുന്ന സർവീസുകൾ.. മണിക്കൂറുകൾ നീളുന്ന യാത്രകൾ… ഒന്ന് മൂത്രമൊഴിക്കാനോ ഒരുതുള്ളി വെള്ളം കുടിക്കാനോ കഴിയാത്ത സാഹചര്യം. ആർത്തവ നാളുകളിൽ പോലും യാതൊരു ഇളവുകളുമില്ല. ആ ദിവസങ്ങളിലും സർവീസ് പതിവുപോലെ നടക്കും. ഏതെങ്കിലും ഡിപ്പോയിൽ ബസെത്തിയാൽ കംഫർട്ട് സ്റ്റേഷനിലേക്ക് ഒരോട്ടമാണ്. രക്തത്തിൽ കുതിർന്ന പാഡ് മാറ്റി അത് കടലാസിൽ പൊതിഞ്ഞ് ബാ​ഗിൽ സൂക്ഷിക്കും. ഉപയോ​ഗിച്ച പാഡുകൾ കളയാൻ ഒരു വേസ്റ്റ് ബോക്സ് പോലും ഒരു ഡിപ്പോയിലുമുണ്ടാകില്ല. കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ നട്ടെല്ലായ കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാരുടെ അവസ്ഥയാണിത്. സ്ത്രീയെന്ന യാതൊരു പരി​ഗണനയും ലഭിക്കാതെ പണിയെടുക്കേണ്ടി വരുന്ന ദുരിത ജന്മങ്ങളെ കുറിച്ച്…

കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർ. ആർത്തവ ദിനങ്ങളിൽ തങ്ങൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്കും സാമൂഹികമായ അരക്ഷിതാവസ്ഥക്കും പരിഹാരമാകുമെന്ന പ്രതീക്ഷ. 3,854വനിതകളാണ് കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയി ജോലി ചെയ്യുന്നത്. മറ്റ് ജീവനക്കാർ കൂടി ചേരുമ്പോൾ കെഎസ്ആർടിസിയിലെ ആകെ വനിതാ ജീവനക്കാരുടെ എണ്ണം 4,620 ആണ്.

പുരുഷ ജീവനക്കാരെ പോലെ തന്നെ ജോലി ചെയ്യുന്നവരാണ് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാരും. ദീർഘദൂര സർവീസുകളിലും സ്റ്റേ സർവീസുകളിലുമെല്ലാം ഇന്ന് വനിതാ കണ്ടക്ടർമാരുണ്ട്. പക്ഷേ കെഎസ്ആർടിസിയിൽ പലയിടത്തും വനിതാ സൗഹൃദ ശുചിമുറിപോലുമില്ലെന്ന് ഈ വനിതകൾ ചൂണ്ടിക്കാട്ടുന്നു. രാത്രി മുഴുവൻ ജോലി ചെയ്യേണ്ടി വരുന്നവരും ഡിപ്പോകളിൽ സ്റ്റേ ചെയ്യേണ്ടി വരുന്നവരും വെളുപ്പിന് നാലു മണിക്ക് തന്നെ സർവീസ് ആരംഭിക്കേണ്ടി വരുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.

സാധാരണ ദിവസങ്ങളിൽ പോലും കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരുടെ തൊഴിൽ ജീവിതം ദുസ്സഹമാണ്. പ്രധാനമായും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങളുണ്ടാകില്ല എന്നതാണ് പ്രശ്നം. ലോക്കൽ റൂട്ടുകളിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതലായുള്ളത്. പല ബസുകളും ചെന്ന് നിൽക്കുന്നിടത്ത് പൊതു ശൗചാലയങ്ങൾ ഉണ്ടാകാറില്ല. അത്തരം സ്ഥലങ്ങളിൽ അടുത്തുള്ള വീടുകളെയോ സ്ഥാപനങ്ങളെയോ ഇവർ ആശ്രയിക്കേണ്ടി വരും. മൂത്രമൊഴിക്കാതിരിക്കാൻ വെള്ളം കുടിക്കേണ്ടെന്ന് തീരുമാനിക്കുന്നവർ പോലും ഇവരുടെ കൂട്ടത്തിലുണ്ട്. ഇതിനിടയിലാണ് യാത്രക്കാരുമായി ചില സമയങ്ങളിലെങ്കിലും ഉണ്ടാകുന്ന വാക്കുതർക്കങ്ങളും മാനസിക സമ്മർദ്ദം സമ്മാനിക്കുന്നത്.

ആർത്തവ ദിവസങ്ങളിലും ഇവരുടെ ഡ്യൂട്ടി പതിവുപോലെ തന്നെയാണ്. നാലുമണിക്ക് ആരംഭിക്കുന്ന സർവീസുകളിൽ ഡ്യൂട്ടിയുള്ളവർ വെളുപ്പിന് രണ്ട് മണിക്കെങ്കിലും ഉണരണം. പിന്നീട് വീട്ടുജോലികളും പ്രാഥമിക കൃത്യങ്ങളും നിർവഹിച്ച് മഴയായാലും മഞ്ഞായാലും ഡ്യൂട്ടിക്കെത്തും. പലർക്കും ആർത്തവം സംഭവിക്കുന്നത് ഡ്യൂട്ടിക്കിടെയാകും. തീയതി കണക്കുകൂട്ടി പാഡ് വെച്ചിറങ്ങുകയേ നിവൃത്തിയുള്ളൂ. ചിലപ്പോൾ ചിലരുടെ കണക്കുകൂട്ടലുകളും തെറ്റും. ഡ്യൂട്ടിക്കിടെ പാഡ് മാറ്റാനോ മൂത്രമൊഴിക്കാനോ ഒന്നിനും സമയവും സൗകര്യവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഏതെങ്കിലും ഡിപ്പോയിലെത്തി പാഡ് മാറിയാൽ തന്നെ ഉപയോ​ഗശൂന്യമായ പാഡ് ഉപേക്ഷിക്കാനും സൗകര്യമില്ല. ഒടുവിൽ ഈ പാഡും പൊതിഞ്ഞെടുത്താകും ബാക്കിയുള്ള ജോലി. പിന്നീട് വീട്ടിലെത്തിയാണ് ഇത് നശിപ്പിക്കാനാകുക. സ്ത്രീകളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ കുറിച്ച് അന്വേഷിക്കാനോ പറയാനോ പോലും സംവിധാനമില്ലെന്നും വനിതാ കണ്ടക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

അമ്മയാണ്, ഭാര്യയാണ്, പക്ഷേ…

കേരളത്തിലെ മറ്റ് സർക്കാർ/ പൊതുമേഖലാ ജീവനക്കാരുടെ പോലെ കെഎസ്ആർടിസിയിലെ ഭൂരിപക്ഷം വനിതാ കണ്ടക്ടർമാർക്കും വൈകുന്നേരം തന്നെ വീട്ടിലെത്താൻ കഴിയാറില്ല. അതുകൊണ്ട് തന്നെ മക്കളുടെ കാര്യങ്ങളിലും കാര്യമായ ശ്രദ്ധ നൽകാൻ കഴിയാറില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വീട്ടുകാര്യങ്ങളിൽ രാവിലെയോ വൈകിട്ടോ ഇടപെടാനോ ശ്രദ്ധിക്കാനോ സാധിക്കാത്ത അവസ്ഥ. അവധി ദിവസങ്ങളിൽ മാത്രമാണ് കുടുംബത്തോടൊപ്പം അൽപ്പം സമയം ചിലവിടാനാകുക. മക്കളുടെയും ഭർത്താവിന്റെയും ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിക്കാനാകാത്തതിന്റെ മാനസിക സമ്മർ​ദ്ദവും താങ്ങാനാകുന്നതിൽ ഏറെയെന്ന് ഇവർ പറയുന്നു.

പഠനത്തിൽ മികവ് പുലർത്തിയിരുന്നവരാണ് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാരായി എത്തിയത്. ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തവരും ​ഗവേഷകരും വരെ ഇവരുടെ കൂട്ടത്തിലുണ്ട്. പിഎസ്സി ടെസ്റ്റ് എഴുതുന്ന സമയത്ത് ആദ്യം ഒരു ജോലി സമ്പാദിക്കുക, പിന്നീട് മെച്ചപ്പെട്ട മറ്റൊരു ജോലി ടെസ്റ്റ് എഴുതി നേടുക എന്നതായിരുന്നു ഇവരിൽ പലരുടെയും ചിന്ത. എന്നാൽ, വനിതാ കണ്ടക്ടറുടെ കുപ്പായം എടുത്തണിഞ്ഞതോടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും സിം​ഗിൾ ബെല്ലടിക്കേണ്ടി വന്നു. പിന്നയല്ലേ പി എസ് സി പരീക്ഷക്കുള്ള തയ്യാറെടുപ്പ്! കിട്ടിയ ജോലിയും ബുദ്ധിമുട്ടുകളുമായി തട്ടിയും തടഞ്ഞും ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഇവർ.

സർക്കാർ ഉന്നത വിദ്യാഭ്യാസ രം​ഗത്ത് നടപ്പാക്കിയ ആർത്തവ അവധിയാണ് വനിതാ കണ്ടക്ടർമാർക്ക് പ്രതീക്ഷ നൽകുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകൾ മാനേജ്മെന്റിനും സർക്കാരിനും മനസിലാകുമെന്നും അതുകൊണ്ട് തന്നെ അനുകൂല നിലപാട് സ്വീകരിക്കുമെന്നുമാണ് ഈ വനിതകളും പ്രതീക്ഷിക്കുന്നത്.

Niranjan Nandagopan

Share News