ജീവിച്ച വർഷങ്ങൾ കൊണ്ടല്ല, വർഷിച്ച ജീവിതത്തിലൂടെയാണ് ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുക

Share News

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി. എസ്. സി. ചെയർമാനുമായിരുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ അനുസ്മരണ കുറിപ്പ്

സൗമ്യനും സംപ്രാപ്യനുമായ ഉമ്മൻചാണ്ടിയെ പരക്ലേശ വിവേകശക്തി നൽകി ഈശ്വരൻ അനുഗ്രഹിച്ചിരുന്നു. ആർക്കും, ഒരു തടസവുമില്ലാതെ, എപ്പോഴും സമീപിക്കാൻ സാധിച്ചിരുന്ന ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം.

മറ്റുള്ളവരുടെ ക്ലേശങ്ങളെ കണ്ടറിയാനും അവ പരിഹരിക്കാനുമുള്ള മാർഗ്ഗങ്ങൾ ആരായാനും അവ പരിഹരിക്കേണ്ടത് തന്റെ ബാധ്യതയാണ് എന്ന ബോധ്യത്തോടെ പ്രവർത്തിക്കാനുമുള്ള സന്നദ്ധതയാണ് പരക്ലേശ വിവേകം. ഇത് അധികം പേരിൽ കാണുന്ന സിദ്ധിയല്ല. അതുകൊണ്ട്, ഒരു ഭരണാധികാരി എന്ന നിലയിൽ, നിയമവും ചട്ടവും നടപടിക്രമങ്ങളും നോക്കി മാത്രമായിരുന്നല്ല അദ്ദേഹം തീരുമാനമെടുത്തിരുന്നത്. അക്കാര്യത്തിൽ അദ്ദേഹത്തെ നയിച്ചിരുന്നത് കറയറ്റ നീതിബോധമാണ്. ചില തീരുമാനങ്ങൾ നിയമപരമായി തെറ്റല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ആയിരം തീരുമാനമെടുക്കുമ്പോൾ പത്തെണ്ണം തെറ്റിപ്പോയാലും 990 പേർക്ക് നീതി കിട്ടും എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മറുപടി.

ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രി ഒരിക്കലും പോലീസ് വലയത്തിൽ നിന്നിരുന്നില്ല. ജനങ്ങളാണ് തന്റെ കാവൽക്കാർ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ജനങ്ങൾക്ക് നടുക്ക് നിൽക്കുമ്പോഴാണ് ഉമ്മൻചാണ്ടി കർമ്മനിരതനാകുത്. നമുക്കെല്ലാം ജോലി ചെയ്യാതെ ഇരിക്കുകയോ, കിടക്കുകയോ, ചെയ്യുന്ന അവസ്ഥയാണ് വിശ്രമം. എന്നാൽ, “മനസ്സിന് സന്തോഷം നൽകുന്ന ജോലി ചെയ്യലാണ്” ഉമ്മൻചാണ്ടിക്ക് വിശ്രമം.

കേരള വികസനത്തിന് വൻ കുതിപ്പ് നൽകിയ തീരുമാനങ്ങൾ എടുത്ത മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെല്ലാം യഥാർത്ഥമായത് ഉമ്മൻചാണ്ടി എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുള്ള തീരുമാനം കൊണ്ടാണ്. വിമർശനങ്ങളെ ഭയക്കാതെ കേരള വികസനത്തിനു വേണ്ടി തീരുമാനമെടുക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്.

ശ്രീശങ്കര ജയന്തി തത്വചിന്താദിനമായി പ്രഖ്യാപിച്ചത് ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയാണ്. ശ്രീശങ്കരാചാര്യ സർവകലാശാലയിലെ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് ശൃംഗേരിയിലെത്തി അദ്ദേഹം ശ്രീശങ്കരനെ അനുസ്മരിച്ചത്. അന്ന് അദ്ദേഹം ഇരുപത് മിനിറ്റ് നേരം ശ്രീശങ്കരാചാര്യരുടെ സംഭാവനകളെ കുറച്ചു സംസാരിച്ചു. കേൾക്കുന്നതിലും കൂടുതൽ ഗ്രഹിക്കാനുള്ള അസാമാന്യ ഗ്രഹണശേഷി കൊണ്ട് അനുഗ്രഹീതനാണ് ഉമ്മൻചാണ്ടി എന്ന് അന്ന് ബോധ്യമായി.

എതിർ ചേരിയിൽ നിൽക്കുന്ന രാഷ്ട്രീയ നേതാക്കളെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശൈലി ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ വി എസ് അച്യുതാനന്ദൻ അങ്ങനെയല്ല. എതിരാളിയുടെ കുടുംബത്തെ വരെ പരസ്യമായി അവഹേളിക്കാൻ അച്യുതാനന്ദൻ എന്നും ആവേശം കാണിച്ചിരുന്നു. വി എസിന്റെ കുടുംബത്തെ അവഹേളിക്കാനുള്ള വസ്തുതകൾ ഉണ്ടായിരുന്നപ്പോഴും, അങ്ങനെ ചെയ്യണമെന്ന് പലരും നിർബന്ധിച്ചപ്പോഴും, അത് തന്റെ വഴിയല്ല എന്നു പറയാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിരുന്നു.

ജീവിച്ച വർഷങ്ങൾ കൊണ്ടല്ല വർഷിച്ച ജീവിതത്തെക്കൊണ്ടാണ് മനുഷ്യർ ഓർമിക്കപ്പെടുന്നത്. അതുകൊണ്ട് ഉമ്മൻചാണ്ടിയുടെ യശസ്സ് എന്നും നിലനിൽക്കുക തന്നെ ചെയ്യും.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News