
” ബാബുപോൾ ഈ ഭൂമി വിട്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ ദൂരെയെവിടെയോ ഇരുന്ന് എന്നെ ശ്രദ്ധിക്കുന്ന , നന്മകളിൽ സന്തോഷിക്കുന്ന ഒരാൾ ഇല്ലാതായതായിട്ടാണ് എനിക്ക് തോന്നിയത് …” -| മ്യൂസ് മേരി ജോർജ്
ദൈവം അയച്ച ഒരാൾ !!!——-
ഡോ .ഡി .ബാബു പോൾ കടന്നുപോയപ്പോൾ ഒരു പ്രഭാതം കടന്നുപോയതുപോലെയാണ് എനിക്കനുഭവപ്പെട്ടത് . ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഏറ്റവും സുന്ദരമായ , പ്രൗഢവും കുലീനവുമാർന്ന പ്രഭാതങ്ങളിലൊന്ന് .’ മൂല്യശ്രുതി ‘ യുടെ ഏറ്റവും പുതിയ ലക്കത്തിൽ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിലൊരാളായ മ്യൂസ് മേരി ജോർജ് എഴുതിയ ‘ എനിക്കായി ദൈവം അയച്ച ഒരാൾ ‘ വായിച്ചപ്പോൾ ആ പ്രഭാതത്തിന്റെ നഷ്‌ടം എത്രമേലെന്ന് , ആ പ്രഭാതം എത്ര സുന്ദരമായിരുന്നെന്ന് എനിക്കൊരിക്കൽ കൂടി അനുഭവവേദ്യമായി .
മ്യൂസ് മേരി ആ പ്രഭാതത്തെക്കുറിച്ചുള്ള ഓർമ്മകൾ തുടങ്ങി വച്ചിട്ടുള്ളത് ഇങ്ങനെയാണ് …” ബാബുപോൾ ഈ ഭൂമി വിട്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ ദൂരെയെവിടെയോ ഇരുന്ന് എന്നെ ശ്രദ്ധിക്കുന്ന , നന്മകളിൽ സന്തോഷിക്കുന്ന ഒരാൾ ഇല്ലാതായതായിട്ടാണ് എനിക്ക് തോന്നിയത് …” – ആ നന്മകളെന്തെന്ന് മ്യൂസിന്റെ തുടർന്നുള്ള അനുസ്‌മരണങ്ങളിൽ തന്നെയുണ്ട് .

ഏറെ വികാരവായ്‌പോടെയല്ലാതെ അത് വായിച്ചുതീർക്കാനാവില്ല .ഒടുവിൽ മ്യൂസ് ടീച്ചർ തന്റെ അനുസ്‌മരണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് ….
.” പുരാരേഖകൾ പോലെ എന്തോ തിരുവെഴുത്തുകൾ ദൈവം ചിലരുടെ മനസ്സിൽ എഴുതി വച്ചിട്ടുണ്ടാകാം . എനിക്കു വേണ്ടി ദൈവം അങ്ങനെ മനസ്സിൽ പേരെഴുതിക്കൊടുത്ത ഒരാളാകാം ബാബുപോൾ സാർ .അവസാനം , കുറുപ്പംപടി സെന്റ് മേരീസ് പള്ളിയിൽ നിശ്ചലമായ ആ ശരീരത്തിനു മുൻപിൽ ഒരു നിമിഷം നിൽക്കുമ്പോൾ അരൂപിയായി അദ്ദേഹം എന്നെ അറിയുന്നുണ്ടാകും എന്ന് കണ്ണീരോടെ ഞാനോർത്തു .”
വാസ്തവത്തിൽ നന്മയുള്ള മനസുകൾക്കേ കടന്നുപോന്ന വഴികൾ മറക്കാതെ ഇങ്ങനെയൊരു അനുസ്‌മരണം കുറിക്കാനാവൂ എന്ന് കൂടി ഞാൻ കൂട്ടിച്ചേർക്കട്ടെ .
പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് പല തവണ എനിക്ക് ബാബുപോളുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട് .
വർഷങ്ങൾക്കു മുൻപ് ഒരു ലേഖനത്തിനായി ഞാൻ അദ്ദേഹത്തെ അനന്തപുരിയിൽ വച്ച് നേരിൽ കാണാൻ ഫോണിൽ ബന്ധപ്പെടുമ്പോൾ ഏതോ യാത്രയ്ക്കുള്ള തിരക്കിട്ട ഒരുക്കത്തിലായിരുന്നു അദ്ദേഹം .
രാത്രി വൈകിയായിരുന്നു ഞാൻ അദ്ദേഹത്തെ വിളിച്ചത് .പിറ്റേന്ന് സ്ഥലത്തുണ്ടാവില്ലെന്ന് പറഞ്ഞിട്ട് അദ്ദേഹം എന്റെ ഓഫീസിലെ ഫോണിന്റെ സ്‌പീക്കർ ഓൺ ചെയ്‌ത് വയ്ക്കാൻ പറഞ്ഞു .
പേനയും കടലാസും എടുത്ത് എഴുതിക്കോളൂ എന്ന് പറഞ്ഞു .തുടർന്ന് അദ്ദേഹം ഞാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഫോണിലൂടെ ലേഖനം പറഞ്ഞുതന്നു .
ഞാനത് മുഴുവൻ എഴുതിയെടുത്തു .എന്താ തൃപ്തിയായില്ലേ എന്ന് അവസാനം അദ്ദേഹം ചോദിച്ചു .ശുഭരാത്രി പറഞ്ഞ് ഫോൺ താഴെ വച്ചു .ഞാൻ ആ ലേഖനം അപ്പോൾ തന്നെ ഒരിക്കൽ കൂടി വായിച്ചു .ഒരക്ഷരം പോലും അതിൽ നിന്ന് എഡിറ്റ് ചെയ്യാനുണ്ടായിരുന്നില്ല .അതായിരുന്നു ഡോ . ഡി ബാബു പോൾ എന്ന പ്രതിഭ !!!
അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമായിരുന്ന വ്യക്തിത്വം !!!!!

Joy Peter
Author, Writer, Journalist